കീടനിയന്ത്രണത്തിന് ചില നാട്ടുവഴികൾ
Tuesday, February 4, 2025 5:38 PM IST
ആശയും ആശങ്കയും കൊണ്ടു കെട്ടിയുണ്ടാക്കിയ ഊഞ്ഞാലു പോലെയാണ് സമകാലീന കൃഷി. വിളവിറക്കൽ മുതൽ വിളവെടുപ്പ് വരെ നീളുന്ന വിവിധ ഘട്ടങ്ങളിലെ ഭീഷണികൾക്കൊപ്പം വിലയിടിവും വിപണി അടച്ചുപൂട്ടലുമൊക്കെ സംഭവിക്കുന്നതോടെ കർഷകന്റെ കാര്യം പരുങ്ങലിലാകും.
ഇതുകൂടാതെയാണ് കളശല്യം, പാരിസ്ഥിതിക ദുരന്തങ്ങൾ, കീടാക്രമണം മുതലായ പ്രശ്നങ്ങൾ. കാർഷിക മേഖലയിലെ കീടശല്യം പരിഹരിക്കാൻ നമ്മുടെ മുൻഗാമികൾ അനുവർത്തിച്ചിരുന്ന ആശയങ്ങളിൽ പലതും ഇന്നും പ്രസക്തമാണ്.
ഏകവിളകളിൽ കീടങ്ങൾക്ക് സ്ഥിര ആഹാരം ലഭിക്കുമെന്നതിനാൽ പ്രതിരോധത്തിന് സമ്മിശ്രകൃഷിയാണ് നല്ലത്. തെങ്ങിന്റെ മണ്ടയിൽ മഴക്കാലത്ത് വേപ്പിൻ പിണ്ണാക്ക് ഇടുന്നതുവഴി ചെല്ലി, ചുണ്ടൻ എന്നിവയുടെ ആക്രമണത്തിൽ സംരക്ഷണം കിട്ടും.
മഴയിൽ അലിഞ്ഞ് ഒലിച്ചിറങ്ങുന്നത് വളമാകുകയും ചെയ്യും. ആവണക്കിൻ പിണ്ണാക്ക് വെള്ളത്തിൽ കലക്കി വച്ചാൽ കൊന്പൻ ചെല്ലി ആകർഷിക്കപ്പെട്ട് അതിൽ വീഴും. തെങ്ങിന്റെ ചെന്നീരൊലിപ്പുള്ള ഭാഗങ്ങളിൽ രോഗനിയന്ത്രണത്തിനായി ടാർ പുരട്ടാം.
ചിതൽ ശല്യത്തിന് തെങ്ങിൻ തടത്തിൽ കരിങ്ങോല ഇലയും കാഞ്ഞിര ഇലയും പച്ചിലവളമായി ചേർക്കാം. തെങ്ങിൻ തൈ നടുന്പോൾ നൂറുഗ്രാം ഉലുവ കല്ലക്കുഴിയിൽ ചതച്ചിട്ടും കാട്ടുകൂവ നട്ടും ചിതൽശല്യം ഒഴിവാക്കാം. വാട്ടരോഗം കുറക്കാൻ തെങ്ങിൻ തോപ്പിൽ വാഴ നടുന്നതു നല്ലതാണ്.
പച്ചക്കറിത്തോട്ടത്തിന്റെ ചുറ്റുവട്ടം ചോളകൃഷി, ഉള്ളിൽ സുഗന്ധം പരത്തുന്ന തുളസി, പുതിന തുടങ്ങിയവ കീടങ്ങൾക്കു ദുസഹമാണ്. മിൽഡ്യൂ രോഗങ്ങൾ, മഞ്ഞളിപ്പ്, മൊസൈക്ക്, കുരുടിപ്പ്, റസ്റ്റ്, ചീയൽ, മുഴകൾ തുടങ്ങിയ രോഗങ്ങളാണു പച്ചക്കറികളിൽ കൂടുതലായും കണ്ടുവരുന്നത്.
ചിത്രകീടങ്ങൾ ശല്ക്ക കീടങ്ങൾ, മീലിമൂട്ടകൾ, വെള്ളീച്ച, ഏഫിഡുകൾ, ഇലപ്പേനുകൾ, മണ്ഡരികൾ, നിമാവിരകൾ തുടങ്ങിയവയാണ് പുറത്തും പോളിഹൗസിലും വരാൻ സാധ്യതയുള്ളത്.
കഞ്ഞിവെള്ളത്തിൽ ചാരം ചേർത്ത് തളിക്കുന്നത് കുമിൾ രോഗങ്ങളും പുഴുക്കളുടെ ആക്രമണങ്ങളും തടയും. പച്ചമുളകിലെ കീടങ്ങൾ കുറക്കാൻ പച്ചവെള്ളത്തിൽ ചാരം കലക്കി ഒഴിച്ചാൽ മതി.
കറുകപുല്ല് ചാറ് വൈറസ് രോഗവും തഴുതാമ സമൂലം ഇടിച്ചുപിഴിഞ്ഞെടുത്ത നീര് കുമിൾ രോഗവും ഭേദമാക്കും. പയറിലെ മുഞ്ഞയെ നിയന്ത്രിക്കാൻ ചെറുചൂടോടെ ചാരം വിതറുകയും മണ്ഡരി ശല്യം കുറയ്ക്കാൻ പഴകിയ വെളുത്തുള്ളി സത്തും ചാരവും ഉപയോഗിക്കുകയും ചെയ്യാം.
പയറിലേയും പച്ചമുളകിലേയും കുമിൾ രോഗത്തിനും പുഴുക്കളുടെ ആക്രമണത്തിനും പ്രതിവിധിയായി ചാരം കഞ്ഞിവെള്ളത്തിൽ ചേർത്ത് തളിക്കുക. 20 ഗ്രാം കായം 10 ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ച് പയറിന്റെ പുവിലുണ്ടാകുന്ന പുഴുക്കളെ തുരത്താം.
വേപ്പിൻ പിണ്ണാക്ക് പൊടിച്ചു മണ്ണിൽ ചേർക്കുന്നതു ചിതൽ ശല്യം ലഘൂകരിക്കാനും രോഗപ്രതിരോധശേഷിക്കും ഉത്തമമാണ്. കുരുമുളകിന്റെ വാട്ടരോഗവും കുറയും.
ചിതലിനെ അകറ്റുന്നത് വേപ്പിലയിലെ നിംബിൻ, നിംബിനിൻ, അസാഡിറാക്ടിൻ തുടങ്ങിയ ആൽക്കലോയിഡുകളാണ്. മരോട്ടിപ്പിണ്ണാക്ക്, വേപ്പിൻ പിണ്ണാക്ക്, ആവണക്കിൻ പിണ്ണാക്ക് എന്നിവ മണ്ണിലെ നിമാവിരകളെ നിയന്ത്രിക്കും.
വേപ്പിൻ കുരു സത്ത്, പുകയില കഷായം, ചാണകപ്പാൽ, നാറ്റപ്പൂച്ചെടി, കിരിയാത്ത്, വേപ്പെണ്ണ തുടങ്ങിയവയുടെ പ്രത്യേകം എമൽഷനുകൾ, മഞ്ഞൾപ്പൊടി, സോഡാപ്പൊടി-പാൽക്കായ മിശ്രിതം, മണ്ണെണ്ണക്കുഴന്പ് തുടങ്ങിയ കൂട്ടുകൾ, കരി(ങ്ങോട്ട)ഞ്ഞോട്ടയില/കാഞ്ഞിരത്തില, കാട്ടുകൂർക്കയില, അരിപ്പൂ ചെടിയില, കോളാന്പി ചെടിയില മുതലായ ഇലകൾ ചേർത്ത മിശ്രിതങ്ങളും കീടനിയന്ത്രണത്തിൽ നിർണായക സ്ഥാനമുണ്ട്.
ഇലചുരുട്ടി പുഴുക്കൾ, കായ്-തണ്ട് തുരപ്പൻ പുഴുക്കൾ എന്നിവ തിന്നുന്ന ഇലകൾ പറിച്ചെടുത്ത് നശിപ്പിക്കണം. അഞ്ചു ശതമാനം വീര്യമുള്ള വേപ്പിൻകുരു സത്ത്, ഗോമൂത്രം, കാന്താരിമുളക് ലായനി ഇവയിൽ ഏതെങ്കിലും ഒന്ന് തളിക്കുകയും ചെയ്യാം.
തുടർച്ചയായി കൃഷിചെയ്യാതെ ഇടക്ക് തരിശിട്ടാൽ പിന്നീടുള്ള വിളവ് വർധിക്കുകയും ചെടിയുടെ രോഗപ്രതിരോധശേഷി വർധിക്കുകയും ചെയ്യും. കൊന്പുമുറം കൊണ്ട ടിച്ച് നെല്ലിലെ ഓലചുരുട്ടിപ്പുഴുക്കളെ തുരത്താം.
ഇല്ലിമുള്ള്, ഈന്തിൻ പട്ട, തുടലിമുള്ള് എന്നിവ നെല്ലോലകൾക്ക് മീതെ വലിച്ചാൽ പുഴുക്കൾ വെള്ളത്തിൽ വീണു ചാകും. വയൽവരന്പിൽ തെങ്ങിൻ(പട്ട)മടൽ കുത്തിനിറുത്തുന്നതും മുള കെട്ടിവയ്ക്കുന്നതും കിളികളെ ആകർഷിച്ച് സ്വാഭാവിക കീടനിയന്ത്രണം സാധ്യമാക്കും.
വരന്പുകളിൽ കീടങ്ങൾ പെരുകാനിടയുള്ള കളകൾ വളരാതിരിക്കാൻ തുവര, പയർ എന്നിവ വളർത്താം. വെണ്ടയുടെ വളർച്ച മുരടിക്കുകയും വേരുകളിൽ മുഴകൾ ഉണ്ടാകുകയും ചെയ്യുന്നത് നിമാവിരകൾ മൂലമാണ്.
ഇതു പരിഹരിക്കാൻ വിത്തുതടത്തിൽ നേരത്തെതന്നെ കമ്യൂണിസ്റ്റ് പച്ചയുടെയോ, വേപ്പിന്റെയോ ഇല തടത്തിന് കാൽ കിലോ എന്ന തോതിൽ ചേർത്താൽ മതി. പാവൽ കൃഷിയിലും ഇതു സ്വീകരിക്കാവുന്നതാണ്. ചെട്ടിച്ചി/ബന്ദി നടുന്നതും പ്രയോജനപ്രദം.
പാവൽ, പടവലം, ചുരക്ക, പീച്ചിൽ എന്നിവയുടെ പൂക്കൾ കൊഴിയുന്നതിന് 20 ഗ്രാം കായം പൊടിച്ച് ഒരു ലിറ്റർ വെള്ളത്തിൽ ചേർത്ത് തളിച്ചാൽ മതി. ഇങ്ങനെ കാരണവർ കുലത്തിന്റെ ജ്ഞാനശേഖരങ്ങളിൽ എത്രയോ പരിഹാരമാർഗങ്ങൾ.
ഫോണ്: 9497073324