ആലീസ് ആന്റിയുടെ വള വിറ്റുകിട്ടിയ കാശുകൊണ്ടാണ് അച്ഛനെ വണ്ടി കയറ്റിവിട്ടത്; വിനീത് ശ്രീനിവാസൻ
Monday, March 27, 2023 10:44 AM IST
നടൻ ഇന്നസെന്റുമായുള്ള ഓർമകൾ പങ്കുവച്ച് നടനും സംവിധായകനുമായ വിനീത് ശ്രീനിവാസൻ. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ് ഇന്നസെന്റെന്ന് വീനിത് ഓർക്കുന്നു.
ആലീസ് ആന്റിയുടെ വളവിറ്റ് കിട്ടിയ കാശുകൊണ്ടാണ് അച്ഛനെ തലശ്ശേരിക്ക് വണ്ടി കയറ്റിവിട്ടതെന്നും അച്ഛന്റെ കൂട്ടുകാരോരുത്തരായി അരങ്ങൊഴിയുകയാണെന്നും വിനീത് കുറിച്ചു.
എന്തു പറയണം എന്നറിയില്ല.. ഒരുപാട് ഓർമകളുണ്ട്.. കുട്ടിക്കാലം തൊട്ട് സ്ഥിരമായി കാണുന്ന, ഒരുപാടു കഥകൾ പറയുകയും ചിരിപ്പിക്കുകയും ചെയ്തിട്ടുള്ള മനുഷ്യനാണ്.. അച്ഛന്റെയും അമ്മയുടെയും കല്യാണത്തിനു മുന്നേ, ആലീസാന്റിയുടെ വള വിറ്റ കാശു കയ്യിലേൽപ്പിച്ചാണ് അച്ഛനെ തലശ്ശേരിയിലേക്കു വണ്ടി കേറ്റി വിട്ടത് എന്നു കേട്ടിട്ടുണ്ട്.
എന്റെ കുട്ടിക്കാലത്ത്, അച്ഛന്റെ ചുറ്റും കണ്ടിരുന്ന കൂട്ടുകാരോരോരുത്തരായി അരങ്ങൊഴിയുകയാണ്.. ഗീത് ഹോട്ടലിനു വെളിയിൽ, ഷൂട്ട് കഴിഞ്ഞു വൈകുന്നേരത്തെ ട്രങ്ക് കോളിനുവേണ്ടി കാത്തുനിന്ന പ്രതിഭാശാലികളോരോരുത്തരെയും ഓർക്കുന്നു. മറുകരയിൽ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത ഒരുപാടു പേരുണ്ട്. നഷ്ടം നമുക്കു മാത്രമാണ്.വിനീത് ശ്രീനിവാസൻ പറഞ്ഞു.