മൂന്നു വർഷത്തിന് ശേഷം താടി വടിച്ച് ജയസൂര്യ; ഇനി കത്തനാർ ഷാജി പാപ്പനാകും
Monday, October 13, 2025 9:07 AM IST
മൂന്നു വർഷത്തിന് ശേഷം താടിയും മുടിയും മുറിച്ച് ഷാജി പാപ്പൻ ലുക്കിലെത്തി ജയസൂര്യ. കത്തനാർ സിനിമയ്ക്ക് വേണ്ടി താരം നീട്ടി വളർത്തിയ താടിയും മുടിയും കഴിഞ്ഞ ദിവസമാണ് ആട് മൂന്നാം ഭാഗത്തിലെ ഷാജി പാപ്പന്റെ ലുക്കിനായി മുറിച്ചുമാറ്റിയത്. മൂന്ന് വർഷത്തിനു ശേഷമാണ് ജയസൂര്യ താടി വടിക്കുന്നത്.
പാപ്പനായി മാറുന്ന വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്താണ് ജയസൂര്യ പാപ്പന്റെ തിരിച്ചുവരവ് അറിയിച്ചത്. എട്ടുവർഷത്തിന് ശേഷം പാപ്പൻ വീണ്ടുമെത്തുന്നു എന്ന അടിക്കുറിപ്പോടെയാണ് നടൻ വീഡിയോ പങ്കുവെച്ചത്.
പാപ്പനായി മാറിയ ശേഷം ചിത്രത്തിന്റെ സഹനിർമാതാവായ വിജയ് ബാബുവിനെയും സംവിധായകനായ മിഥുൻ മാനുവലിനെയും വീഡിയോ കോൾ ചെയ്യുന്നതും ദൃശ്യങ്ങളിൽ കാണാം.
ആട് ഒരു ഭീകര ജീവിയാണ്, ആട് 2 എന്നിവയ്ക്ക് ശേഷം വമ്പന്‍ ബജറ്റില്‍ ഒരുക്കുന്ന എപ്പിക്-ഫാന്റസി ചിത്രമായ ആട് 3 ചിത്രീകരണം പുരോഗമിക്കുകയാണ്.
ജയസൂര്യ, വിനായകന്, വിജയ് ബാബു, സൈജു കുറുപ്പ്, സണ്ണി വെയ്ന്‍, ഇന്ദ്രന്‍സ് എന്നിവര്‍ ഉള്‍പ്പെടെ വമ്പന്‍ താരനിര തന്നെ ചിത്രത്തില്‍ ഒന്നിക്കുന്നു. ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ വൈകാതെ പുറത്തു വരും.
ഫ്രൈഡേ ഫിലിം ഹൗസിനൊപ്പം വേണു കുന്നപ്പിള്ളി നേതൃത്വം നല്കുന്ന കാവ്യാ ഫിലിം കമ്പനിയും ചേർന്നാണ് ഈ ബിഗ് ബജറ്റ് ചിത്രം നിർമിക്കുന്നത്. 2026 മാര്‍ച്ച് 19ന് ഈദ് റിലീസ് ആയാണ് ചിത്രം ആഗോള തലത്തില്‍ പ്രദര്‍ശനത്തിന് എത്തുക.