ആറാട്ടണ്ണന് നല്ല ചുട്ട അടി കിട്ടാത്തതിന്റെ കുഴപ്പം; നടി ഉഷ പറയുന്നു
Saturday, April 26, 2025 11:46 AM IST
യൂട്യൂബറായ സന്തോഷ് വർക്കിയെന്ന ആറാട്ടണ്ണനെതിരെ നടി ഉഷ ഹസീന. മാനസിക പ്രശ്നമുള്ള ഒരാളാണെന്ന തോന്നലിലാണ് ഇയാൾക്കെതിരെ മുമ്പ് പ്രതികരിക്കാതിരുന്നതെന്നും അടി കിട്ടാത്തതിന്റെ കുഴപ്പമാണ് അയാൾക്കെന്നും നടി പറഞ്ഞു.
‘‘എല്ലാവർക്കും നമസ്കാരം. കശ്മീരിൽ ഭീകരരുടെ ക്രൂരത മൂലം മരണപ്പെട്ട എല്ലാ സഹോദരങ്ങൾക്കും ആദരാഞ്ജലി അർപ്പിക്കുന്നു. ഈ തീരാദുഃഖം താങ്ങുവാനുളള മനശക്തി മരണപ്പെട്ടവരുടെ കുടുംബാംങ്ങൾക്ക് ഉണ്ടാകട്ടെ.
ഇപ്പോൾ ഈ വീഡിയോ ചെയ്യാൻ മറ്റൊരു പ്രധാനപ്പെട്ട കാരണം കൂടിയുണ്ട്. ഇന്നലെയും ഇന്നുമായി എന്റെ സഹപ്രവര്‍ത്തകർ ഒരു ഫെയ്സ്ബുക്ക് പേജിന്റെ ലിങ്കിലും അതിന്റെ സ്ക്രീൻഷോട്ടും എനിക്ക് അയച്ചു തന്നിട്ടുണ്ടായിരുന്നു.
നിങ്ങൾക്കെല്ലാവര്‍ക്കും അറിയാം, ആറാട്ടണ്ണൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കി, അയാളുടെ ഫെയ്സ്ബുക്ക് പേജിൽ സിനിമാ നടികളൊക്കെ വേശ്യകളാണെന്ന് രണ്ട് ദിവസം മുമ്പ് പോസ്റ്റ് ഇട്ടിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണ് അയാൾ അങ്ങനെ പോസ്റ്റ് ഇട്ടതെന്ന് അറിയില്ല. 40 വർഷമായി ഈ ഫീൽഡിൽ ജോലി ചെയ്യുന്ന ആളാണ് ഞാൻ. എനിക്കു മുമ്പും ശേഷവും ഇപ്പോഴും ആയിരക്കണക്കിന് സ്ത്രീകൾ പല മേഖലകളിലായി ജോലി ചെയ്യുന്ന ഇടമാണ് സിനിമ.
ഈ സ്ത്രീകളൊക്കെ വേശ്യകളാണെന്നു പറയാൻ ഇയാൾക്ക് എന്ത്...എന്താ അതിന് മറുപടി പറയേണ്ടത്. ഇതൊരിക്കലും ഞങ്ങൾക്ക് അംഗീകരിക്കാൻ സാധിക്കില്ല. ഇയാളുടെ ഇതിനു മുമ്പുള്ള പോസ്റ്റുകളും കോലാഹലങ്ങളുമൊക്കെ നമ്മൾ എല്ലാവരും കണ്ടിട്ടുള്ളതാണ്. അപ്പോഴൊക്കെ എല്ലാവരും പറയും, തലയ്ക്ക് സുഖമില്ലാത്ത ആളാണ്, മാനസികരോഗിയാണെന്നൊക്കെ. അപ്പോഴൊക്കെ ഞാനും വിചാരിക്കും, പാവം സുഖമില്ലാത്ത ആളാണെന്ന്.
പക്ഷേ പിറ്റേദിവസം അയാൾ നേരെ വിപരീതമായി പറയും, ഇങ്ങനെ മാറി മാറി പറഞ്ഞുകൊണ്ടിക്കും. സ്ത്രീകൾക്കെതിരെയാണ് അയാൾ പോസ്റ്റിട്ടിരിക്കുന്നത്. ഇതൊരിക്കലും അംഗീകരിച്ചുകൊടുക്കാൻ പറ്റില്ല. തലയ്ക്കു സുഖമില്ലെങ്കിൽ അയാളെ അയാളുടെ ഉത്തരവാദിത്തപ്പെട്ട ആളുകൾ കൊണ്ടുപോയി ചികിത്സിക്കണം. മാനസികാരോഗ്യ കേന്ദ്രത്തിൽ കൊണ്ടുപോയി പൂട്ടിയിട്ടു ചികിത്സിച്ച ശേഷം അയാൾ നേരെ ആയാൽ പുറത്തുകൊണ്ടുവരൂ.
അല്ല എന്നുണ്ടെങ്കിൽ ഞങ്ങളെപ്പോലുള്ള സ്ത്രീകളെ ഇങ്ങനെ അപമാനിച്ചുകൊണ്ടേയിരിക്കും. ഭ്രാന്തനാണെന്നു പറഞ്ഞ് ഇയാൾക്കെതിരെ ആരും ഒരു നടപടിയും എടുക്കില്ലെന്നാണ് പറയുന്നത്. ഞങ്ങള്‍ക്കറിയാം എന്താണ് ചെയ്യേണ്ടതെന്ന്. നിയമപരമായി നടപടിയെടുക്കാനും കൈയിൽ കിട്ടിയാൽ കൈകാര്യം ചെയ്യാനും ഞങ്ങൾക്ക് നന്നായി അറിയാം. നല്ല ചുട്ട അടികിട്ടാത്തതിന്റെ കുഴപ്പമാണ്. അയാളുടെ വീട്ടിൽ അമ്മയും പെങ്ങന്മാരൊന്നുമില്ലേ?
എല്ലാ സ്ത്രീകളെയും പോലെ ഞങ്ങളും ജോലി ചെയ്യുന്ന സ്ഥലമാണ് സിനിമ. സിനിമയിൽ അഭിനയിക്കുന്ന സ്ത്രീകൾ മോശക്കാരാണെന്നു പറയുന്ന പ്രവണത ഉണ്ട്. മറ്റുള്ള സ്ത്രീകളെപ്പോലെ തന്നെയാണ് ഞങ്ങളും ജോലി ചെയ്യുന്നത്. ദയവായി അത് മാറ്റണം. ഈ വ്യക്തിക്കെതിരെ നിയമപരമായി തന്നെ മുന്നോട്ടുപോകും. ഈ ഫീൽഡില്‍ ജോലി ചെയ്യുന്ന എന്റെ സഹപ്രവർത്തകരായ സ്ത്രീകളായ അഭിനേതാക്കളോട് എനിക്കൊരു അഭ്യർഥനയുണ്ട്.
നമ്മളിതിങ്ങനെ വിട്ടുകൊടുക്കരുത്. ഇന്നിയാൾ ഭ്രാന്തനല്ലേ എന്നു പറഞ്ഞ് വീണ്ടും പോസ്റ്റ് ഇടും. ഇതിൽ ഒരു വിട്ടുവീഴ്ചയ്ക്ക് തയാറായാൽ നാളെ ഇതിനപ്പുറം പറയും ഇയാൾ. വേറെ ആളുകൾക്ക് ഇതു പറയാനുള്ള ഒരു പ്രചോദനം കൂടിയാകും. അതുകൊണ്ട് ദയവ് ചെയ്ത് നമ്മളെല്ലാവരും ഒറ്റക്കെട്ടായി നിന്ന് ഈ വിഷയത്തിൽ നിയമനടപടിയുമായി മുന്നോട്ടുപോകണം. ഈ വ്യക്തിയെ വെറുതെ വിടരുത്. ഇക്കാര്യത്തിൽ നിങ്ങൾ പ്രേക്ഷകരും ഞങ്ങൾക്കൊപ്പമുണ്ടാകണം. എന്റെ പരാതിയുമായി ഞാൻ മുന്നോട്ടുപോകുകയാണ്. ‘അമ്മ’ അസോയിഷേനിൽ അൻസിബയുടെ നേതൃത്വത്തിൽ ഇയാൾക്കെതിരെ പരാതിയുമായി പോയിട്ടുണ്ട്.
നാളെ ഒരാൾ ഇതുപോലെ പറയാനുള്ള ധൈര്യം ഇനി ഉണ്ടാകരുത്. ആ രീതിയിൽ വേണം നമ്മൾ അഭിനേതാക്കളെല്ലാം ഈ കേസിനൊപ്പം നിൽക്കാൻ.’’ഉഷയുടെ വാക്കുകൾ.