ത്രില്ലടിപ്പിച്ച് ടൊവീനോയുടെ നരിവേട്ട; ട്രെയിലർ
Friday, April 25, 2025 10:07 AM IST
ടൊവീനോ തോമസിനെ നായകനാക്കി അനുരാജ് മനോഹർ സംവിധാനം ചെയ്യുന്ന നരിവേട്ട എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ദുല്‍ഖര്‍ സല്‍മാന്റെ ഫേസ്ബുക്ക് പേജിലൂടെയായിരുന്നു ട്രെയിലർ റിലീസ്.
ചിത്രത്തിന്റെ പശ്ചാത്തലം അനാവരണം ചെയ്യാതെ സസ്പെന്‍സ് നിലനിര്‍ത്തി പ്രേക്ഷകരില്‍ ആകാംഷ നിറച്ചാണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ഏറെ ത്രില്ലടിപ്പിക്കുന്ന ഒരു പൊളിറ്റിക്കല്‍ കഥയാണ് ചിത്രമെന്നാണ് സൂചന.
കേന്ദ്ര സാഹിത്യ ആക്കാദമി പുരസ്കാര ജേതാവ് അബിൻ ജോസഫ് തിരക്കഥ രചിച്ച ചിത്രമാണ് നരിവേട്ട. ഇന്ത്യൻ സിനിമാ കമ്പനിയുടെ ബാനറിൽ ഷിയാസ് ഹസൻ, ടിപ്പു ഷാൻ എന്നിവർ ചേർന്നു ചിത്രം നിർമിക്കുന്നു. പൊളിറ്റിക്കൽ ഡ്രാമയായാണ് ചിത്രം ഒരുങ്ങുന്നത്. മറവികള്‍ക്കെതിരായ ഓര്‍മയുടെ പോരാട്ടമാണ് നരിവേട്ട എന്ന് ടൊവിനോ തോമസ് പറയുന്നു. വയനാട്, കോട്ടയം, ചങ്ങനാശേരി, കുട്ടനാട് ഭാഗങ്ങളിലായിട്ടായിരുന്നു ചിത്രത്തിന്റെ ഷൂട്ടിംഗ്.
ഒരു നാടിന്റെ അവകാശ പോരാട്ടത്തിലൂടെയാണ് ഈ ചിത്രത്തിന്റെ കഥാ പുരോഗതി. ഏറെ സാമൂഹ്യ പ്രതിബദ്ധത ഒദ്യോഗികജീവിതത്തിലും വ്യക്തി ജീവിതത്തിലും കാത്തുസൂക്ഷിക്കുന്ന പോലീസ് കോൺസ്റ്റബിൾ വർഗീസ് എന്ന കഥാപാത്രത്തിന്റെ സംഘർഷമാണ് ഈ ചിത്രത്തിലൂടെ പറയാൻ ശ്രമിക്കുന്നത്.
ടൊവീനോ തോമസാണ് വർഗീസ് എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തമിഴ് സിനിമ നടനും സംവിധായകനുമായ ചേരൻ ചിത്രത്തിലൊരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നുണ്ട്. ചേരന്റെ ആദ്യ മലയാള സിനിമയാണ് നരിവേട്ട. സുരാജ് വെഞ്ഞാറമൂട്, ആര്യ സലിം, റിനി ഉദയകുമാർ, പ്രിയംവദ കൃഷ്ണൻ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങൾ.
പൊളിറ്റിക്കൽ ആക്ഷൻ തില്ലർ ജോണറിലാണ് ഈ ചിത്രത്തിന്റെ അവതരണം. കേരളത്തിലെ ചില വർഗസമരങ്ങളും പരോക്ഷമായി ഈ ചിത്രത്തിൽ പ്രതിപാദിക്കുന്നുണ്ട്.
ഇന്ത്യ ജിസിസി ട്രേഡ് അംബാസിഡർ ഷിയാസ് ഹസൻ, യുഎ ഇയിലെ ബിൽഡിംഗ് മെറ്റീരിയൽ എക്സ്പോർട്ട് ബിസിനസ് സംരംഭകൻ ടിപ്പു ഷാൻ എന്നിവർ ചേർന്നാണ് ഇന്ത്യൻ സിനിമ കമ്പനി രൂപീകരിച്ചു കൊണ്ട് മലയാള സിനിമയിലേക്ക് ഒരു പുതിയ ചുവട് വയ്പ്പ് നടത്തുന്നത്.
എൻ.എം. ബാദുഷയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ജേയ്ക്സ് ബിജോയ് നരിവേട്ടയുടെ സംഗീത സംവിധാനം നിർവഹിക്കുന്നു. ഛായാഗ്രഹണം വിജയ്. എഡിറ്റിംഗ് ഷമീർ മുഹമ്മദ്, കലാസംവിധാനം ബാവ. മേക്കപ്പ് അമൽ. കോസ്റ്റ്യും ഡിസൈൻ അരുൺ മനോഹർ. ചീഫ് അസോസിയേറ്റ് ഡയറക്ടർ രതീഷ് കുമാർ. പ്രൊഡക്ഷൻ എക്സിക്യുട്ടീവ് ഷക്കീർ ഹുസൈൻ. പ്രൊഡക്ഷൻ കൺട്രോളർ ജിനു പി.കെ. പിആർഓ വാഴൂർ ജോസ്. ഫോട്ടോ ശ്രീരാജ്.