കോടികൾ പൊടിച്ച ‘ജയിലർ 2’ അനൗൺസ്മെന്റ് ടീസർ; മേക്കിംഗ് വീഡിയോ പുറത്ത്
Friday, January 17, 2025 1:08 PM IST
ജയിലർ 2 അനൗൺസ്മെന്റ് ടീസറിന്റെ മേക്കിംഗ് വീഡിയോ പുറത്തിറക്കി അണിയറക്കാർ. ഗോവയിൽ വച്ചായിരുന്നു ടീസർ ചിത്രീകരിച്ചത്. ടീസർ തരംഗമായതിനു പിന്നാലെ രജനികാന്തിന്റെ ഡ്യൂപ്പ് ആണ് പല ഷോട്ടുകളിലും അഭിനയിച്ചിരിക്കുന്നതെന്ന് വിമർശനം ഉയർന്നിരുന്നു.
എന്നാൽ ടീസറിന്റെ എല്ലാ ഭാഗത്തിലും രജനി തന്നെയാണ് പ്രത്യക്ഷപ്പെടുന്നത്. സിനിമയിലെ ആക്ഷൻ സീൻ ചിത്രീകരിക്കുന്നതിനു സമാനമായാണ് ടീസറും ചിത്രീകരിച്ചത്. ഈ വീഡിയോയ്ക്കു തന്നെ കോടികളാണ് നിർമാതാക്കൾ ചെലവഴിച്ചതെന്ന റിപ്പോർട്ടുകളും വരുന്നുണ്ട്.
ഈ വർഷം ചിത്രീകരണം തുടങ്ങുന്ന സിനിമയിൽ രജനിക്കൊപ്പം മോഹൻലാൽ, ശിവരാജ്കുമാർ, ജാക്കി ഷ്റോഫ് അടക്കമുള്ളവർ വീണ്ടുമെത്തുമെന്നും കേൾക്കുന്നു. വിനായകൻ അവതരിപ്പിച്ച വർമൻ എന്ന കഥാപാത്രത്തിന്റെ ബോസ് ആയി എത്തുന്ന ആൾ ആകും പ്രധാന വില്ലൻ. ബോളിവുഡിൽ നിന്നൊരു താരമാകും ഈ വേഷത്തിലെത്തുക. സാങ്കേതിക വിഭാഗത്തിൽ സംഗീതം അനിരുദ്ധും കാമറ വിജയ് കാർത്തിക് കണ്ണനും തന്നെയാണ്.