ഒടുവിൽ പ്രണയസാഫല്യം; നടൻ രാജേഷ് മാധവൻ വിവാഹിതനായി
Thursday, December 12, 2024 10:53 AM IST
നടനും സംവിധായകനും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് മാധവന് വിവാഹിതനായി. അസിസ്റ്റന്റ് ഡയറക്ടറും പ്രൊഡക്ഷന്‍ ഡിസൈനറുമായ ദീപ്തി കാരാട്ടാണ് വധു. ദീർഘകാലമായി ഇരുവരും പ്രണയത്തിലായിരുന്നു. രാജേഷ് മാധവന് അഭിനയിച്ച ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായും ദീപ്തി പ്രവര്‍ത്തിച്ചിട്ടുണ്ട്.
കാസര്‍ഗോഡ് കൊളത്തൂര്‍ സ്വദേശിയാണ് രാജേഷ്. പാലക്കാടാണ് ദീപ്തിയുടെ സ്വദേശം. പ്രൊഡക്ഷന്‍ കണ്‍ട്രോളറായി സിനിമയില്‍ തുടക്കം കുറിച്ച രാജേഷ് മാധവന് മഹേഷിന്റെ പ്രതികാരം എന്ന ചിത്രത്തില്‍ ചെറിയ വേഷം ചെയ്തു.
പിന്നീട് തൊണ്ടിമുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിന്റെ അസിസ്റ്റന്റ് ഡയറക്ടറായി. നിരവധി ചിത്രങ്ങളില്‍ അഭിനയിക്കുകയും കാസ്റ്റിംഗ് ഡയറക്ടറായി പ്രവര്‍ത്തിക്കുകയും ചെയ്തു. പെണ്ണും പൊറാട്ടും എന്ന ചിത്രത്തിലൂടെ സംവിധായകനാകാനുള്ള ഒരുക്കത്തില്‍കൂടിയാണ് രാജേഷ്.
ഇന്ത്യന്‍ പോലീസ് ഫോഴ്സ്, ദഹാഡ്, സിതാര, അക്രോസ് ദ ഓഷ്യന്‍, കെയര്‍ഫുള്‍ എന്നീ ചിത്രങ്ങളുടെ അസിസ്റ്റന്റ് ഡയറക്ടറാണ് ദീപ്തി. ത്രിതീയ എന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനറായും പ്രവര്‍ത്തിച്ചു.