നിശബ്ദയാണെന്ന് കരുതി എന്തും പറയാമെന്നാണോ?: തമിഴ് മാധ്യമത്തോട് പൊട്ടിത്തെറിച്ച് സായി പല്ലവി
Thursday, December 12, 2024 9:16 AM IST
തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച തമിഴ് മാധ്യമം സിനിമ വികടനെതിരെ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് നടി സായി പല്ലവി. രാമയാണത്തെ അടിസ്ഥാനമാക്കി ഒരുക്കുന്ന ഹിന്ദി ചിത്രത്തില്‍ സീതയായി അഭിനയിക്കുന്നതിനായി സായി പല്ലവി ഇപ്പോൾ പൂർണമായി സസ്യാഹാരിയായി എന്നാണ് സിനിമ വികടൻ അവരുടെ പേജിൽ പോസ്റ്റ് ചെയ്തത്.
വെജിറ്റേറിയനായി തുടരാന്‍ സായി പല്ലവി സെറ്റുകളിൽ പ്രത്യേക ഭക്ഷണക്രമം പാലിക്കുന്നു എന്നും ഈ റിപ്പോർട്ടിൽ പറഞ്ഞിരുന്നു. സായ് പല്ലവി സാധാരണയായി ഒരു നോൺ വെജിറ്റേറിയൻ ആണെന്നും രാമായണത്തിലെ സീതാദേവിയെ അവതരിപ്പിക്കാൻ വേണ്ടി മാത്രമാണ് സസ്യാഹാരിയായി മാറുന്നതെന്നും ധ്വനിപ്പിക്കുന്ന രീതിയിലായിരുന്നു സിനിമ വികടന്റെ പോസ്റ്റ്. ഇതിനെതിരെയാണ് താരം രംഗത്തെത്തിയത്.
""മിക്കപ്പോഴും, മിക്കവാറും എല്ലാ സമയത്തും, അടിസ്ഥാനരഹിതമായ അഭ്യൂഹങ്ങളും കെട്ടിച്ചമച്ച നുണകളും തെറ്റായ പ്രസ്താവനകളും ഉദ്ദേശ്യത്തോടെയോ അല്ലാതെയോ പ്രചരിക്കുന്നത് കാണുമ്പോഴെല്ലാം നിശബ്ദത പാലിക്കാനാണ് ശ്രമിച്ചിരുന്നത്.
എന്നാൽ ഇത് സ്ഥിരമായി സംഭവിക്കുമ്പോള്‍ പ്രതികരിക്കേണ്ടിയിരിക്കുന്നു. പ്രതികരിക്കാതെ ഇത് നിർത്തുമെന്ന് തോന്നുന്നില്ല. പ്രത്യേകിച്ച് എന്റെ സിനിമകളുടെ പ്രധാനപ്പെട്ട സമയത്ത്.
അടുത്ത തവണ എന്റെ പേരില്‍ ഏതെങ്കിലും പ്രശസ്ത പേജോ മാധ്യമമോ വ്യക്തിയോ വാർത്തയുടെയോ ഗോസിപ്പിന്റെയോ പേരിൽ ഒരു വൃത്തികെട്ട കഥയുമായി വന്നാല്‍ നിങ്ങള്‍ എന്നില്‍ നിന്നും നിയമപരമായ തിരിച്ചടി തന്നെ പ്രതീക്ഷിക്കണം''എക്സിൽ പങ്കുവച്ച കുറിപ്പില്‍ സായി പല്ലവി പറയുന്നു.