വേട്ടയാന്റെ വ്യാജ പതിപ്പ് പുറത്ത്
Friday, October 11, 2024 7:01 PM IST
റിലീസ് ചെയ്ത മണിക്കൂറുകൾക്കുള്ളിൽ രജനികാന്ത് ചിത്രം വേട്ടയാന്റെ വ്യാജ പതിപ്പ് പുറത്തിറങ്ങി. ആദ്യദിനം തന്നെ ചിത്രം മികച്ച കളക്ഷൻ നേടി മുന്നേറുന്നതിനിടെയാണ് പൈറസി സൈറ്റുകളിൽ വ്യാജ പതിപ്പ് പ്രത്യക്ഷപ്പെട്ടത്.
സമീപകാലത്ത് പ്രേക്ഷക പ്രീതി നേടിയ ഒട്ടുമിക്ക ചിത്രങ്ങളുടെയും വ്യാജ പതിപ്പുകൾ പുറത്തിറങ്ങിയിരുന്നു. മലയാളം ചിത്രം എആർഎമ്മിന്റെ വ്യാജ പതിപ്പ് ട്രെയിൻ യാത്രയ്ക്കിടെ ഒരാൾ കാണുന്നതിന്റെ വീഡിയോ സംവിധായകൻ തന്നെ പുറത്തുവിട്ടിരുന്നു. പിന്നീട് അണിയറ പ്രവർത്തകർ പരാതി നൽകിയതോടെ നടന്ന അന്വേഷണത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.
ടി.ജെ.ജ്ഞാനവേൽ സംവിധാനം ചെയ്ത ചിത്രത്തിൽ മലയാളി താരങ്ങളായ ഫഹദ് ഫാസിൽ, മഞ്ജുവാര്യർ എന്നിവരും സുപ്രധാന വേഷത്തിൽ എത്തിയിട്ടുണ്ട്. അമിതാഭ് ബച്ചൻ, റാണ ദഗുബതി, രാമയ്യ സുബ്രഹ്മണ്യൻ എന്നിവരും താരനിരയിലുണ്ട്.
ലൈക്ക പ്രൊഡക്ഷൻസ് നിർമിക്കുന്ന ചിത്രത്തിന്റെ കേരളത്തിലെ വിതരണാവകാശം നേടിയ ഗോകുലം ഫിലിംസാണ്. ആദ്യദിനം തന്നെ 60 കോടിയോളം രൂപ ചിത്രം വാരിയെന്നാണ് റിപ്പോർട്ടുകൾ.