ജൂനിയർ എൻടിആറിനോട് ഏറ്റുമുട്ടാൻ സെയ്ഫ് അലിഖാൻ;ദേവര ട്രെയിലർ
Wednesday, September 11, 2024 11:16 AM IST
ആര്‍ആർആറിനു ശേഷം ജൂനിയർ എൻടിആർ പ്രധാന വേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡ ചിത്രം ദേവരയുടെ ആദ്യ ഭാഗത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. കൊരട്ടല ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സെയ്ഫ് അലിഖാനും നിർണായക വേഷത്തിലെത്തുന്നുണ്ട്. കടലിന്റെ പശ്ചാത്തലത്തിൽ രക്തകലുഷിതമായ കഥയാണ് ദേവരയുടെ ആദ്യ ഭാഗം പറയുന്നത്.
പ്രകാശ് രാജിന്റെ വിവരണത്തിലൂടെയാണ് ജൂനിയർ എൻടിആറിന്റെ ദേവര എന്ന കഥാപാത്രം എത്തുന്നത്. മാസ് ഡയലോഗും വൻ സംഘട്ടനരംഗങ്ങളുമായി നിറഞ്ഞാടുകയാണ് ജൂനിയർ എൻടിആർ. രണ്ടു ഗെറ്റപ്പുകളിൽ താരം സിനിമയിലെത്തുന്നുണ്ട്. അനിരുദ്ധ് രവിചന്ദറിന്റെ മാസ് മ്യൂസിക്കും ട്രെയിലറിനെ ശ്രദ്ധേയമാക്കുന്നു.
എന്‍ടിആര്‍ ആര്‍ട്സും യുവസുധ ആര്‍ട്സും ചേര്‍ന്ന് നിർമിച്ചിരിക്കുന്ന ചിത്രത്തില്‍ സെയ്ഫ് അലിഖാൻ വില്ലനാകുന്നു. കൊരട്ടല ശിവയും എൻടിആറും ജനതാ ഗാരേജിന് ശേഷം ഒരുമിക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരമായ ജാൻവി കപൂറാണ് നായിക. ജാൻവി കപൂറിന്റെ ആദ്യ തെലുങ്ക് ചിത്രം കൂടിയാണ് ദേവര.
യുവസുധ ആർട്സും എന്‍ടിആര്‍ ആര്‍ട്സും ചേർന്ന് നിർമിക്കുന്ന ചിത്രം നന്ദമുരി കല്യാണ്‍ റാം ആണ് അവതരിപ്പിക്കുന്നത്. പ്രകാശ് രാജ്, ശ്രീകാന്ത് മേക്ക, ഷൈന്‍ ടോം ചാക്കോ, നരേന് തുടങ്ങി ഒട്ടനവധി അഭിനേതാക്കള്‍ ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗങ്ങളിലായാണ് പുറത്തിറങ്ങുക. ഒന്നാം ഭാഗം 2024 സെപ്റ്റംബർ 27ന് തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം ഭാഷകളിലായി പുറത്തിറങ്ങും. സംഗീത സംവിധാനം: അനിരുദ്ധ്, ഛായാഗ്രഹണം: രത്നവേലു ഐ.എസ്.സി, പ്രൊഡക്ഷന്‍ ഡിസൈനർ: സാബു സിറിള്‍, എഡിറ്റർ: ശ്രീകര്‍ പ്രസാദ്. പിആര്‍ഒ: ആതിര ദില്‍ജിത്ത്.