മമ്മൂട്ടിയെ ചിരിപ്പിച്ച് പിറന്നാളാശംസകളുമായി പിണറായി; ഇത്ര ചിരിക്കാൻ ആ തമാശ എന്താണെന്ന് ആരാധകർ
Saturday, September 7, 2024 2:32 PM IST
മമ്മൂട്ടിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പങ്കുവച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. പൊട്ടിച്ചിരിയ്ക്കുന്ന മമ്മൂട്ടിക്കൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചുകൊണ്ടാണ് പിണറായി ആശംസ നേര്‍ന്നിരിക്കുന്നത്. ഒപ്പം പിണറായി വിജയനും ചിരിക്കുന്നുണ്ട്.
എന്താണ് ഇത്ര ചിരിക്കാൻ മാത്രമുള്ള തമാശ പറഞ്ഞതെന്നായിരുന്നു ആരാധകരുടെ ചോദ്യം. ഇത്രമാത്രം പൊട്ടിച്ചിരിച്ച് രണ്ടാളെയും വിരളമായി മാത്രമേ കാണാൻ സാധിക്കൂവെന്നും ആരാധകർ പറയുന്നു. കാമറയ്ക്ക് വേണ്ടിയല്ലാത്ത ഇത്രയും നല്ല രണ്ടു ചിരികൾ ആദ്യമായി കാണുകയാണ് എന്നാണ് ഒരാൾ കുറിച്ചത്.
മമ്മൂട്ടിയെ ഉമ്മ വെയ്ക്കുന്ന ചിത്രത്തിനൊപ്പം ഹാപ്പി ബർത്ത് ഡെ ഇച്ചാക്ക എന്ന അടിക്കുറിപ്പുമായാണ് മോഹന്‍ലാല്‍ എത്തിയത്. നിരവധി പേരാണ് മെഗാസ്റ്റാറിന് പിറന്നാളാശംസകളുമായി എത്തിയിരിക്കുന്നത്.
ഇത്തവണ ചെന്നൈയിലെ വീട്ടിലിരുന്നാണ് മമ്മൂട്ടി ജൻമദിനത്തിന്റെ കേക്ക് മുറിച്ചത്. മകൻ ദുൽഖറിനും കുടുംബത്തിനുമൊപ്പമാണ് ഇത്തവണത്തെ ആഘോഷം.
ദുൽഖറിനും കൊച്ചുമകൾ മറിയത്തിനും കേക്ക് നൽകുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ ഫാൻസ് പേജുകളിൽ വൈറലാണ്. മറിയം മമ്മൂട്ടിയെ ചേർത്തുപിടിച്ചു ഉമ്മ നൽകുന്നതും ചിത്രങ്ങളിലുണ്ട്. ഭാര്യ സുൽഫത്തും മമ്മൂട്ടിക്കൊപ്പമുണ്ട്.
കൊച്ചിയിലെ തന്റെ വീടിനു മുന്നിൽ പിറന്നാൾ ആശംസകൾ നൽകാനെത്തിയ ആരാധകരെയും താരം നിരാശനാക്കിയില്ല. കൃത്യം 12 മണിക്കു തന്നെ വീഡിയോ കോളിലൂടെ എത്തി ആരാധകർക്കൊപ്പം തന്റെ സന്തോഷം മമ്മൂട്ടി പങ്കുവച്ചു.
പിറന്നാൾ ആഘോഷങ്ങൾക്കു ശേഷം താരം കുടുംബത്തിനൊപ്പം വിദേശത്തേക്കു പറക്കും. ഏകദേശം ഇരുപത് ദിവസത്തോളം അവധി ആഘോഷിച്ചതിന് ശേഷമായിരിക്കും മമ്മൂട്ടിയുടെ മടക്കം.