ജോസ്മോന് അകമഴിഞ്ഞ സഹായം; നന്ദിയോടെ കുടുംബം
Tuesday, January 11, 2022 3:19 PM IST
മരംമുറിക്കുന്നതിനിടെ സംഭവിച്ച അപകടം വഴി തലച്ചോറിന് ക്ഷതമേറ്റ് ശരീരം തളർന്നുപോയ ജോസ്മോന് അകമഴിഞ്ഞ സഹായം നൽകി ദീപിക ഡോട്ട്കോം വായനക്കാർ. ദുരിതകഥ വായിച്ചറിഞ്ഞ് വായനക്കാർ നൽകിയ 6.25 ലക്ഷം രൂപ രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ.മാത്യു ചന്ദ്രൻകുന്നേൽ കുടുംബത്തിന് കൈമാറി. ജോസ്മോന്റെ ഭാര്യ റ്റിനുവാണ് പണം സ്വീകരിച്ചത്. വായനക്കാരുടെ കാരുണ്യത്തിന് കുടുംബം നന്ദി അറിയിച്ചു.
മൂന്ന് വർഷം മുൻപാണ് ജോലിക്കിടെ ജോസ്മോന് അപകടം സംഭവിച്ചത്. ചികിത്സയ്ക്കായി ഇതുവരെ 24 ലക്ഷം രൂപ ചിലവായി. ഇതോടെ കുടുംബം വഴിയാധാരമായി. നിലവിൽ നിത്യചിലവിന് പോലും പണം കണ്ടെത്താൻ കഴിയാതെ കുടുംബം വിഷമിക്കുന്നതിനാൽ യുവാവിന്റെ ചികിത്സയും മുടങ്ങി. ഫിസിയോതെറാപ്പി മുടങ്ങിയതിനാൽ കൈകാലുകൾ ചുരുണ്ടുപോകുന്ന അവസ്ഥയിലാണ്.
തളർന്നുപോയ ഭർത്താവിനൊപ്പം എപ്പോഴും നിൽക്കേണ്ടതിനാൽ ഭാര്യയ്ക്കും എവിടെയും പോകാൻ കഴിയില്ല. ദമ്പതികളുടെ മൂത്ത കുട്ടിയുടെ കാലുകൾ ജന്മനാ വളഞ്ഞുപോയ നിലയിലാണ്. പിതാവ് കിടപ്പിലായതോടെ കുട്ടിയുടെ ചികിത്സയും മുടങ്ങി.
കിടപ്പാടം പോലും സ്വന്തമായില്ലാത്ത കുടുംബം ചികിത്സയ്ക്കും നിത്യചിലവിനും പണമില്ലാതെ വന്നതോടെയാണ് സുമനസുകളുടെ മുന്നിൽ കൈനീട്ടിയത്.