സിനോമോന് കരുതലായി വായനക്കാർ
Friday, August 19, 2022 6:52 PM IST
വൃക്കരോഗത്തിന്റെ പിടിയിലായി സുമനസുകളുടെ കാരുണ്യം തേടിയ സിനോമോന് ദീപിക ഡോട്ട് കോം വായനക്കാരുടെ കൈത്താങ്ങ്. വായനക്കാർ നൽകിയ 3,50,165 രൂപ യുവാവിന്റെ മാതാവ് ത്രേസ്യാമ്മ തോമസിന് രാഷ്ട്രദീപിക ലിമിറ്റഡ് എംഡി ഫാ. മാത്യു ചന്ദ്രൻകുന്നേൽ കൈമാറി. വായനക്കാരുടെ സ്നേഹത്തിന് കുടുംബം നന്ദി അറിയിച്ചു.
ഇടുക്കി ജില്ലയിലെ പെരുവന്താനം തെക്കേമലക്കരയിലെ കളമുണ്ട വീട്ടിൽ സിനോമോൻ ദീർഘനാളായി വൃക്കരോഗത്തിന്റെ പിടിയിലാണ്. ഏക ആശ്രയമായിരുന്ന യുവാവ് രോഗശൈയ്യയിലായതോടെ കുടുംബത്തിന്റെ താളം തെറ്റി. സിനോ സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരണമെങ്കിൽ വൃക്ക മാറ്റിവെയ്ക്കുക എന്നതു മാത്രമാണ് പോംവഴി.
എന്നാൽ ഇതിനായി വേണ്ടത് 15 ലക്ഷത്തോളം രൂപയാണ്. വൃക്ക മാറ്റിവയ്ക്കാൽ കഴിഞ്ഞാൽ തന്നെ മുടങ്ങാതെ മരുന്നു കഴിക്കുകയും വേണം. ഇതിനെല്ലാം കൂടി നല്ലൊരു തുക കണ്ടെത്തേണ്ട സ്ഥിതിയിലായിരുന്നു കുടുംബം.
നിർധന കുടുംബത്തിലെ അംഗമായ സിനോയുടെ പിതാവ് 11 വർഷങ്ങൾക്ക് മുൻപ് മരിച്ചു. പിന്നീട് അമ്മയും അവിവാഹിതരായ രണ്ട് സഹോദരങ്ങൾക്കുമൊപ്പം ജീവിതം കരുപിടിപ്പിക്കുന്നതിനിടയിൽ വില്ലനായി വൃക്കരോഗം എത്തുകയായിരുന്നു. ആഴ്ചയിൽ മൂന്ന് പ്രാവശ്യം ഡയാലിസ് ചെയ്യണം. കോട്ടയം എസ്എച്ച് മെഡിക്കൽ സെന്ററിലാണ് ഡയാലിസ്.
മുണ്ടക്കയത്തു നിന്നും വീണ്ടും 12 കിലോമീറ്റർ കൂടി ഉള്ളിലേക്ക് സഞ്ചരിച്ചാലാണ് സിനോമോന്റെ തെക്കേമലയിലെ വീട്ടിലെത്താൻ കഴിയുക. അതുകൊണ്ട് ആഴ്ചയിൽ മൂന്ന് പ്രാവശ്യം കോട്ടയത്തെത്തുക എന്നത് ബുദ്ധിമുട്ടായതിനാൽ മുളിയൂർക്കര പള്ളിയുടെ കീഴിലുള്ള കരുണാലയത്തിലാണ് അമ്മയും സിനോയും താമസിക്കുന്നത്.
പ്രായമായ അമ്മ മാത്രമാണ് സിനോയെ പരിചരിക്കാനുള്ളത്. സാന്പത്തിക പ്രതിസന്ധി അത്രക്ക് രൂക്ഷമായ സാഹചര്യത്തിലാണ് കുടുംബം. പ്രതിസന്ധിയിൽ തണലാകാൻ സുമനസുകളുടെ സഹായം അഭ്യർഥിക്കുക എന്ന ഏക വഴിയാണ് കുടുംബത്തിന് മുന്നിലുണ്ടായിരുന്നത്.