അമലിന് ദീപിക വായനക്കാരുടെ ക്രിസ്മസ് സമ്മാനം
Saturday, December 23, 2023 12:55 PM IST
പാര ടെസ്കുലാർ ആർഎംഎസ് ( PARA TESCULAR RMS) എന്ന വിഭാഗത്തിലുള്ള ട്യൂമർ ബാധിച്ച് ചികിത്സയിലുള്ള 13 വയസുകാരൻ അമൽ തോമസിന് ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായവർഷം.
വായനക്കാർ നൽകിയ 1.92 ലക്ഷം രൂപ അമലിന്റെ പിതാവ് തോമസ് മാത്യുവിന് കൈമാറി. രാഷ്ട്രദീപിക എംഡി ഫാ. ബെന്നി മുണ്ടനാട്ടാണ് കുടുംബത്തിന് തുക കൈമാറിയത്. വായനക്കാരുടെ സ്നേഹ സമ്മാനത്തിന് കുടുംബം നന്ദി അറിയിച്ചു.
റാന്നി നാരണമൂഴി പഴനിലത്ത് വീട്ടിൽ തോമസ് മാത്യുവിന്റെ മകനാണ് അപൂർവ രോഗം ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. കുട്ടിക്ക് രോഗം ബാധിച്ചതോടെ നിർധന കുടുംബം ദുരിതത്തിലായി. വിദഗ്ദ ചികിത്സ വേണ്ട ഈ കാൻസറിനെതിരേ പോരാടണമെങ്കിൽ വലിയ തുകയാണ് ആവശ്യമായുള്ളത്.
മകന് രോഗം ബാധിച്ചതോടെ ആരുടെ മുന്നിൽ കൈ നീട്ടണമെന്നു പോലും അറിയാതെ തോമസും കുടുംബവും നെടുവീർപെടുകയായിരുന്നു. കളിയും ചിരിയുമായി മുന്നോട്ടുപോകേണ്ട പ്രായത്തിൽ വേദന തിന്നു ജീവിക്കുന്ന തന്റെ മകന്റെ ജീവനുവേണ്ടി എന്തുചെയ്യാനും ഈ പിതാവ് തയാറാണ്.
എന്നാൽ എത്ര കൂട്ടിയിട്ടും ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുക കണ്ടെത്താൻ കഴിയാതെ വന്നതോടെയാണ് സുമനസുകൾക്ക് മുന്നിൽ കൈനീട്ടാൻ കുടുംബം തീരുമാനിച്ചത്.