ടെൽസണ്‍ വീണ്ടും സഹായം
Sunday, October 9, 2022 6:34 PM IST
വൃക്കമാറ്റിവയ്ക്കലിന് ചികിത്സാ സഹായം തേടിയ ടെൽസണ്‍ ഒരിക്കൽ കൂടി ചികിത്സാ സഹായം നൽകി. രണ്ടാം ഘട്ടമായി 1.28 ലക്ഷം രൂപയാണ് അദ്ദേഹത്തിന് കൈമാറിയത്. ദീപിക ജനറൽ മാനേജർ ഫാ.മാത്യൂ പടിഞ്ഞാറേക്കുറ്റ് തുക കൈമാറി. ആദ്യഘട്ടത്തിൽ ഒരുലക്ഷം രൂപ അദ്ദേഹത്തിന് നൽകിയിരുന്നു.
ഓട്ടോ ഡ്രൈവറായ കോട്ടയം കുമാരനല്ലൂർ പരുത്തിക്കാട് വീട്ടിൽ ടെൽസണ്‍ (49) ചികിത്സയ്ക്കായി നേരത്തെ സുമനസുകളുടെ സഹായം തേടിയിരുന്നു. രണ്ടു കുട്ടികളും ഭാര്യയും ഉൾപ്പെട്ട കുടുംബത്തെ അല്ലലില്ലാതെ പോറ്റുകയായിരുന്നു ടെൽസണ്‍ എട്ടു വർഷം മുൻപാണ് വൃക്കരോഗം സ്ഥിരീകരിച്ചത്.
പിന്നീട് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ചികിത്സകൾ പുരോഗമിച്ചു വരികയായിരുന്നു. മരുന്നുകൾക്ക് മാത്രമായി പ്രതിമാസം ഏഴായിരം രൂപയോളം കുടുംബം കണ്ടെത്തേണ്ടി വരേണ്ട സ്ഥിതിയുണ്ട്.
കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് വൃക്കമാറ്റിവയ്ക്കാതെ ഇനി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതിയത്. വൃക്ക വലുതാകുന്ന സാഹചര്യമുള്ളതിനാൽ രണ്ടു ഓപ്പറേഷനുകൾ ആവശ്യമാണെന്നും ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നു.
ഭാര്യ റീന വൃക്ക നൽകാൻ തയാറാണെങ്കിലും ഓപ്പറേഷനും അനുബന്ധ ചിലവുകൾക്കുമായി ലക്ഷങ്ങളാണ് കുടുംബം കണ്ടത്തേണ്ടത്. സ്വന്തം വീടുപോലുമില്ലാതെ വാടക വീട്ടിൽ കഴിയുന്ന കുടുംബം നിത്യചിലവിന് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സ്ഥിതിയിലായതോടെയാണ് സുമനസുകളുടെ സഹായം അഭ്യർഥിച്ചത്.