അർബുദത്തോട് പൊരുതാൻ ഗീതയ്ക്ക് സഹായം
Saturday, May 14, 2022 7:22 PM IST
കോട്ടയം: അർബുദ രോഗത്താൽ ബുദ്ധിമുട്ടുന്ന മാങ്ങാനം കുറ്റിയ്ക്കൽ ഹരീന്ദ്രന്റെ ഭാര്യ ഗീതയ്ക്ക് ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായം. വീട്ടമ്മയുടെ ദുരിത കഥയറിഞ്ഞ് വായനക്കാർ നൽകിയ 2.58 ലക്ഷം രൂപ കുടുംബത്തിന് കൈമാറി. വായനക്കാരുടെ സ്നേഹ സമ്മാനത്തിന് കുടുംബം നന്ദി അറിയിച്ചു.
രണ്ടുവർഷം മുൻപ് വരെ സാധാരണ ജീവിതം നയിച്ചിരുന്ന വീട്ടമ്മയാണ് ഗീത. അപ്രതീക്ഷിതമായാണ് അവർ രോഗത്തിന്റെ പിടിയിലായത്. ഇതോടെ കുടുംബം ദുരിതത്തിലായി. വിദ്യാർഥികളായ രണ്ടു മക്കളാണ് ഹരീന്ദ്രൻഗീത ദമ്പതികൾക്കുള്ളത്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഗീതയുടെ ചികിത്സകൾ രണ്ടു വർഷത്തോളമായി ഭർത്താവ് ഹരി തുടർന്നു വരികയായിരുന്നു.
എന്നാൽ അടുത്തിടെ രോഗം മൂർച്ഛിച്ചതോടെ ഡോക്ടർമാർ അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദ്ദേശിച്ചു. തിരുവനന്തപുരം പട്ടത്തെ എസ്വിറ്റി ആശുപത്രിയിലാണ് ശസ്ത്രക്രിയ നടത്തുന്നത്.
ഏകദേശം മൂന്ന് ലക്ഷത്തോളം രൂപ ശസ്ത്രക്രിയയ്ക്ക് മാത്രമായി കുടുംബം കണ്ടെത്തേണ്ടതുണ്ട്. തുടർ ചികിത്സകൾക്കും വലിയ ചിലവുണ്ട്. തുടർച്ചയായ ചികിത്സകൾ മൂലം ദുരിതത്തിലായ കുടുംബത്തിന് മൂന്ന് ലക്ഷം ഭാരിച്ച തുകയാണ്. ഇതോടെയാണ് കുടുംബം സുമനസുകളുടെ സഹായം തേടിയത്.