ഷാജിക്കായി കൈകോർത്ത് വായനക്കാർ
Friday, May 6, 2022 4:31 PM IST
വൃക്കരോഗം മൂലം ബുദ്ധിമുട്ടുന്ന മനയിൽകുളങ്ങര പ്രണാമത്തിൽ ജറാൾഡ് ഫെർണാണ്ടസിന് (ഷാജി53) ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായഹസ്തം. വായനക്കാർ നൽകിയ 2.20 ലക്ഷം രൂപ ഷാജിയുടെ കുടുംബത്തിന് കൈമാറി. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ.മാത്യു ചന്ദ്രൻകുന്നേലാണ് ഷാജിയുടെ ഭാര്യയ്ക്ക് ചെക്ക് കൈമാറിയത്.
കാൽ നൂറ്റാണ്ട് കാലത്തെ പ്രവാസ ജീവിതത്തിന് ശേഷം നാട്ടിലെത്തിയ ഷാജിക്ക് നിരവധി സ്വപ്നങ്ങളുണ്ടായിരുന്നു. വിവാഹത്തിന്റെ ഇരുപതാം വാർഷികത്തിൽ പെൺകുഞ്ഞ് കൂടി പിറന്നതോടെ കുടുംബത്തിൽ ഇരട്ടി സന്തോഷമായി.
എന്നാൽ ഈ സന്തോഷദിനങ്ങൾ അധികം നീണ്ടില്ല. വൃക്കരോഗം ഷാജിയെ പിടികൂടിയതോടെ ആശുപത്രികൾ കയറിയിറങ്ങേണ്ട സ്ഥിതിയായി. പിന്നീട് അങ്ങോട്ട് ചികിത്സകളുടെ കാലമായിരുന്നു. പ്രവാസ ജീവിതത്തിൽ സമ്പാദിച്ച പണമെല്ലാം ചികിത്സകൾക്കായി ആശുപത്രികളിൽ നൽകി.
2020 നവംബർ മുതൽ കൊല്ലത്തെ സ്വകാര്യ ആശുപത്രിയിൽ ഡയാലിസിസിന് വിധേയനായി വരികയാണ് ഷാജി. ഇതിനു മാത്രം മാസംതോറും 30,000 രൂപ കുടുംബം കണ്ടെത്തണം. ചികിത്സ തുടങ്ങിയതോടെ വിദേശത്തെ ജോലി വഴി സമ്പാദിച്ച മൂന്നര സെന്റ് സ്ഥലവും വീടും പണയത്തിലായി.
ഭാര്യ ബീനയുടെ സ്വകാര്യ സ്കൂളിലെ അധ്യാപക ജോലിയിൽ നിന്നും ലഭിക്കുന്ന വരുമാനം കൊണ്ടാണ് കുടുംബം കഴിഞ്ഞുപോകുന്നത്. വീട് ജപ്തി ഭീഷണിയിലായതോടെ നിലവിൽ ഭാര്യയുടെ ബന്ധു വീട്ടിലാണ് താമസം.
ഷാജിക്ക് ജീവിതത്തിലേക്ക് തിരിച്ചുവരാൻ ഉടൻ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തണമെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത്. അടുത്ത് തന്നെ ഇതിനായുള്ള പരിശോധനകൾ നടത്തണം. എന്നാൽ ശസ്ത്രക്രിയയ്ക്കും തുടർ ചികിത്സയ്ക്കുമായി നൽകേണ്ട ഭീമമായ തുക എവിടെ നിന്നും കണ്ടെത്തുമെന്ന ആശങ്കയിലാണ് കുടുംബം.
മൂന്നര വയസുകാരിയായ പൊന്നുമോൾക്കൊപ്പം ഒരു ജീവിതം ഷാജി കൊതിക്കുന്നുണ്ട്. അതിനാലാണ് സുമനസുകളുടെ മുന്നിൽ കുടുംബം കൈകൾ നീട്ടിയത്.