എൽവിൻ വിടവാങ്ങി; സഹായധനം കുടുംബത്തിന് കൈമാറി
Thursday, February 8, 2024 4:10 PM IST
സുമനസുകളുടെ സഹായങ്ങൾക്ക് കാത്തുനിൽക്കാതെ എൽവിൻ അനു ജേക്കബ് എന്ന അഞ്ച് വയസുകാരൻ വേദനകളുടെ ലോകത്ത് നിന്നും മടങ്ങി. ഹൈഡ്രോസീഫാലസ് (തലയിൽ വെള്ളം കെട്ടിക്കിടക്കുന്ന അവസ്ഥ) രോഗത്തോടെയാണ് കുട്ടി ജനച്ചത്. പിന്നീട് ദീർഘകാലത്തെ ചികിത്സകൾക്കായി വലിയ തുക ചിലവഴിക്കേണ്ടി വന്നതോടെ കുടുംബം ദുരിതത്തിലാവുകയായിരുന്നു.
ചികിത്സ വഴിമുട്ടുമെന്ന ഘട്ടത്തിലാണ് കുടുംബം ദീപിക ഡോട്ട്കോമിലൂടെ സുമനസുകളുടെ സഹായം ആഭ്യർഥിച്ചത്. എൽവിൻ വിടവാങ്ങിയെങ്കിലും കുടുംബത്തിന്റെ ദുരിതം കണക്കിലെടുത്ത് വായനക്കാർ നൽകിയ 1,40,000 രൂപ പിതാവ് അനുരാജിന് കൈമാറി. ദീപിക പ്രൊഡക്ഷൻ ജനറൽ മാനേജർ ഫാ. മാത്യു പടിഞ്ഞാറേക്കുറ്റാണ് തുക കൈമാറിയത്.
കോട്ടയം പരിപ്പ് അറുപാറയിൽ വീട്ടിൽ അനുരാജ്സ്മിത ദമ്പതികളുടെ രണ്ടു മക്കളിൽ ഒരാളായിരുന്നു എൽവിൻ. കാറ്ററിംഗ് തൊഴിലാളിയായ അനുരാജ് തന്റെ വരുമാനത്തിൽ നിന്നും ജീവിതം കെട്ടിപടുത്തു വരുമ്പോഴാണ് രോഗം കുടുംബത്തിന് കരിനിഴലായത്.
ചികിത്സകൾ ദീർഘകാലം നീണ്ടതോടെ കുടുംബം സാമ്പത്തികമായി തകരുകയായിരുന്നു. ഇതോടെയാണ് സുമനസുകളുടെ സഹായം കുടുംബം അഭ്യർഥിച്ചത്. കുഞ്ഞിനായി സഹായങ്ങൾ നൽകിയ എല്ലാ സുമനസുകൾക്കും കുടുംബം നന്ദി അറിയിച്ചു.