ടെൽസണ്‍ മൂന്നാംഘട്ട സഹായവും കൈമാറി
Friday, November 24, 2023 2:38 PM IST
കോട്ടയം: വൃക്കമാറ്റിവയ്ക്കലിന് ചികിത്സാ സഹായം തേടിയ ഓട്ടോ ഡ്രൈവർ ടെൽസണ്‍ ദീപിക വായനക്കാർ നൽകിയ സഹായത്തിന്റെ മൂന്നാംഘട്ടം കൈമാറി. ഒരുലക്ഷം രൂപയാണ് മൂന്നാംഘട്ടത്തിൽ കൈമാറിയത്. മൂന്നുഘട്ടമായി 3.28 ലക്ഷം രൂപയാണ് ടെൻസണ്‍ നൽകിയത്.
രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ ഫാ. ബെന്നി മുണ്ടനാട്ടാണ് മൂന്നാംഘട്ട തുക കൈമാറിയത്. വായനക്കാരുടെ സഹായത്തിന് കുടുംബം നന്ദി അറിയിച്ചു.
കോട്ടയം കുമാരനല്ലൂർ പരുത്തിക്കാട് വീട്ടിൽ ടെൽസണ്‍ (49) ദീർഘകാലമായി വൃക്കരോഗത്തിന്റെ പിടിയിലാണ്. നിർധന കുടുംബത്തിന്റെ ഏക അത്താണിയായിരുന്ന ഗൃഹനാഥൻ ഓട്ടോറിക്ഷ ഓടിച്ചാണ് രണ്ടു കുട്ടികളും ഭാര്യയും ഉൾപ്പെട്ട കുടുംബത്തെ അല്ലലില്ലാതെ പോറ്റിയിരുന്നത്.
എട്ടു വർഷം മുൻപാണ് വൃക്കരോഗം സ്ഥിരീകരിച്ചത്. പിന്നീട് സുഹൃത്തുക്കളുടെയും നാട്ടുകാരുടെയും സഹായത്തോടെ ചികിത്സകൾ പുരോഗമിച്ചു വരികയായിരുന്നു. മരുന്നുകൾക്ക് മാത്രമായി പ്രതിമാസം ഏഴായിരം രൂപയോളം കുടുംബം കണ്ടെത്തേണ്ടി വരുന്ന സ്ഥിതിയാണ്.
കഴിഞ്ഞ മാസം കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിൽ വൃക്കമാറ്റിവയ്ക്കാതെ ഇനി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി. ഇതോടെയാണ് കുടുംബം പ്രതിസന്ധിയിലായത്. വൃക്ക വലുതാകുന്ന സാഹചര്യമുള്ളതിനാൽ രണ്ടു ഓപ്പറേഷനുകൾ ആവശ്യമാണെന്നാണ് ഡോക്ടർമാർ നിർദ്ദേശിച്ചിരുന്നത്.
ഭാര്യ റീന വൃക്ക നൽകാൻ തയാറാണെങ്കിലും ഓപ്പറേഷനും അനുബന്ധ ചിലവുകൾക്കുമായി ലക്ഷങ്ങളാണ് കുടുംബം കണ്ടത്തേണ്ടിയിരുന്നത്. സ്വന്തം വീടുപോലുമില്ലാതെ വാടക വീട്ടിൽ കഴിയുന്ന കുടുംബം നിത്യചിലവിന് പോലും പണം കണ്ടെത്താൻ ബുദ്ധിമുട്ടുന്ന സ്ഥിതിയിലാണ്. ഡിഗ്രി വിദ്യാർഥിയായ എബിന്റെയും ആറാം ക്ലാസുകാരൻ ആൽബിന്റെയും പഠനം സാമ്പത്തിക പരാതീനതകളെ തുടർന്ന് പ്രതിസന്ധിയിലായിരുന്നു.
രോഗാവസ്ഥ മാറി കുടുംബത്തിന്റെ തണലാകണമെന്ന് ആഗ്രഹിക്കുന്ന ടെൽസണ്‍ ജീവിതത്തിലേക്ക് മടങ്ങിയെത്താനാണ് സുമനസുകളുടെ മുന്നിൽ കൈകൾ നീട്ടിയത്.