വിനുവിനു രണ്ടാംഘട്ട സഹായം കൈമാറി
Monday, July 10, 2023 4:31 PM IST
കോട്ടയം: അപ്രതീക്ഷിതമായി എത്തിയ വൃക്കരോഗത്തിന്‍റെ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടിയ അതിരമ്പുഴ ശ്രീകണ്ഠമംഗലം കൊല്ലപ്പള്ളില്‍ വീട്ടില്‍ വിനുവിന് ദീപികയുടെ പ്രിയ വായനക്കാര്‍ നല്‍കിയ സഹായം രണ്ടാംഘട്ടം കൈമാറി.
ദീപിക ചീഫ് ഫിനാന്‍സ് ഓഫീസര്‍ (സിഎഫ്ഒ) എം.എം.ജോര്‍ജ് ആണ് വിനുവിന്‍റെ പിതാവിന് 1.40 ലക്ഷം രൂപയുടെ ചെക്ക് കൈമാറിയത്. ആദ്യഘട്ട സഹായം ദീപിക മാനേജിംഗ് ഡയറക്ടര്‍ ഫാ.ബെന്നി മുണ്ടനാട്ട് നേരത്തെ കുടുംബത്തിന് കൈമാറിയിരുന്നു.
2010ല്‍, 24ാം വയസിലാണ് വിനുവിന്‍റെ ഇരു വൃക്കകളും പ്രവര്‍ത്തനരഹിതമാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയത്. ഇനിയും ജീവിതമേറെ കിടക്കുന്ന തന്‍റെ പൊന്നോമന മകള്‍ക്കായി വൃക്കദാനം ചെയ്യാന്‍ വിനുവിന്‍റെ അമ്മ തയാറായി.
അങ്ങനെ 2010 ഡിസംബര്‍ ആറിന് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് അമ്മയുടെ ഒരു വൃക്ക വിനുവില്‍ തുന്നിച്ചേര്‍ത്തു. ശസ്ത്രക്രിയക്ക് ശേഷം വിനു പഴയ ജീവിതത്തിലേക്ക് തിരിച്ചുവന്നു.
വൈകാതെ കണ്ണൂര്‍ പെരിങ്ങോം സ്വദേശിയായ യുവാവ് വിനുവിനെ തന്‍റെ ജീവിത സഖിയാക്കുകയുമുണ്ടായി. 2018ല്‍ ഇവര്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നു. ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ നിമിഷങ്ങള്‍ക്കിടെ ഞെട്ടിക്കുന്ന ആ വാര്‍ത്തയെത്തി; മാറ്റിവച്ച വൃക്ക തകരാറിലായെന്ന്.
വിനുവിനെ രോഗം വീണ്ടും കീഴ്പ്പെടുത്തിയതോടെ കുടുംബം വീണ്ടും പതറി. ഗള്‍ഫിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹെല്‍പ്പറായി ജോലി ചെയ്യുന്ന ഭര്‍ത്താവിന്‍റെ ശമ്പളം ചികിത്സയ്ക്ക് മാത്രമായി ചുരുങ്ങി.
രോഗിയായ പിതാവും അമ്മയും ബധിരനും മൂകനും ശരീരിക വളര്‍ച്ചയില്ലാത്ത സഹോദരനും ഒരു സഹോദരിയുമാണ് വിനുവിനുള്ളത്. അഞ്ചുവയസുകാരി മകള്‍ക്കും ഭര്‍ത്താവിനുമൊപ്പം ഇനിയും ഒരുപാട് കാലം ജീവിക്കണമെന്ന കൊതിയോടെയാണ് വിനു സുമനസുകള്‍ക്ക് മുന്നില്‍ കൈനീട്ടിയത്.