വിനുവിന് ആദ്യഘട്ട സഹായം നൽകി
Tuesday, March 14, 2023 6:11 PM IST
കോട്ടയം: വൃക്കരോഗം വില്ലനായി എത്തി ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടിയ അതിരമ്പുഴ ശ്രീകണ്ഠമംഗലം കൊല്ലപ്പള്ളിൽ വീട്ടിൽ വിനുവിന് വായനക്കാർ സമ്മാനിച്ച ആദ്യഘട്ട സഹായം നൽകി. ദീപിക മാനേജിംഗ് ഡയറക്ടർ ഫാ.ബെന്നി മുണ്ടനാട്ട് വിനുവിന്റെ പിതാവിനാണ് സഹായം കൈമാറിയത്. സുമനസുകളുടെ കൈത്താങ്ങിന് കുടുംബം നന്ദി അറിയിച്ചു.
2010ൽ ഇരു വൃക്കകളും പ്രവര്‍ത്തന രഹിതമാണെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതുമ്പോൾ വിനുവിന് 24 വയസ് മാത്രമായിരുന്നു പ്രായം. ഇനിയും ജീവിതമേറെ കിടക്കുന്ന തന്റെ പൊന്നോമന മകള്‍ക്കായി അമ്മ വൃക്ക ദാനം ചെയ്യാന്‍ തീരുമാനിച്ചു.
അങ്ങനെ 2010 ഡിസംബര്‍ ആറിന് കോട്ടയം മെഡിക്കല്‍ കോളജില്‍ വച്ച് അമ്മയുടെ ഒരു വൃക്ക വിനുവില്‍ തുന്നിച്ചേര്‍ത്തു. ശസ്ത്രക്രിയക്ക് ശേഷം പഴയ ജീവിതത്തിലേക്ക് വിനു തിരിച്ചുവന്നു. വിവാഹജീവിതം സ്വപ്നം കണ്ട ആ പെൺകുട്ടിക്ക് കൂട്ടായി കണ്ണൂര്‍ പെരിങ്ങോം സ്വദേശിയായ യുവാവ് എത്തി.
2017ല്‍ വിവാഹിതരായ ദമ്പതികൾക്ക് കൂട്ടായി 2018ല്‍ പെണ്‍കുഞ്ഞ് പിറന്നു. ജീവിതത്തിലെ ഏറ്റവും മനോഹര നിമിഷങ്ങളിൽ ഒരുപാട് സ്വപ്നങ്ങളുമായി അവര്‍ ജീവിച്ചു തുടങ്ങിയപ്പോഴാണ് മാറ്റിവച്ച വൃക്ക തകരാറിലായത്.
വിനുവിനെ രോഗം വീണ്ടും കീഴ്പ്പെടുത്തിയതോടെ കുടുംബം വീണ്ടും ഇരുട്ടിലായി. ഗള്‍ഫിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ ഹെൽപ്പറായി ജോലി ചെയ്യുന്ന ഭര്‍ത്താവിന്റെ ശമ്പളം ചികിത്സയ്ക്ക് മാത്രമായി ചുരുങ്ങി. രോഗിയായ പിതാവും അമ്മയും ബധിരനും മൂകനും ശരീരിക വളര്‍ച്ചയില്ലാത്ത സഹോദരനും ഒരു സഹോദരിയുമാണ് വിനുവിനുള്ളത്.
നാലു വയസുകാരി മകൾക്കും ഭർത്താവിനുമായി ഇനിയും ജീവിക്കണമെന്ന ആഗ്രഹത്തോടെയാണ് യുവതിയും കുടുംബവും സുമനസുകൾക്ക് മുന്നിൽ കൈനീട്ടിയത്.