ജിനിക്ക് വീണ്ടും സഹായം
Wednesday, November 16, 2022 4:54 PM IST
അർബുദ രോഗത്താൽ ബുദ്ധിമുട്ടിയിരുന്ന വടവാതൂർ ഈരേച്ചേരിൽ ജിനി ഷിബുവിന് വീണ്ടും സഹായം നൽകി. വായനക്കാർ നൽകിയ 70,000 രൂപ ജിനിയുടെ ഭർത്താവ് ഷിബുവിന് ദീപിക ചീഫ് ഫിനാൻസ് ഓഫീസർ എം.എം.ജോർജ് കൈമാറി. നേരത്തെ കുടുംബത്തിന് 95,000 രൂപ നൽകിയിരുന്നു. സഹായത്തിന് കുടുംബം നന്ദി അറിയിച്ചു.
42ാം വയസിൽ ഗർഭപാത്രത്തിലും അണ്ഡാശയത്തിലും അർബുദത്തിന്റെ രൂപത്തിലെത്തിയ വിധിയാണ് ജിനിയുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയത്. ശാരീരിക ബുദ്ധിമുട്ടുകളെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പരിശോധനയിലാണ് രണ്ടുതരത്തിലുള്ള അർബുദം ശരീരത്തെ പിടിമുറുക്കിയതായി കണ്ടെത്തിയത്.
തുടർന്ന് ശസ്ത്രക്രിയയ്ക്ക് വിധേയയായി. അണ്ഡാശയത്തിലെ അർബുദം അപൂർവങ്ങളിൽ അപൂർവമാണെന്നാണ് ഡോക്ടർമാർ അഭിപ്രായപ്പെട്ടത്. ഗർഭാശയത്തിലെ അർബുദം മൂന്നാം സ്റ്റേജിൽ എത്തിയിരുന്നു.
യുവതിയുടെ ഭർത്താവ് ഷിബു ഹൃദ്രോഗബാധിതനാണ്. 2016ൽ ശസ്ത്രക്രിയയ്ക്കു ശേഷം സ്ഥിരമായി മരുന്ന് കഴിക്കുകയാണ്. ആരോഗ്യ ഇൻഷുറൻസ് പോലെയുള്ള ആനുകൂല്യങ്ങളൊന്നും കുടുംബത്തിനില്ല. താമസിക്കുന്ന വീട് ജപ്തി നിഴലിലാണ്. താങ്ങായി ഇവർക്ക് മക്കളുമില്ല. അത്തരത്തിൽ ദുരിതങ്ങൾ ഏറിയതോടെയാണ് കുടുംബം സുമനസുകളുടെ സഹായം അഭ്യർഥിച്ചത്.