ഷിക്കാഗോ: അമേരിക്കൻ മലയാളിയും സാമൂഹിക, ജീവകാരുണ്യ മേഖലയിലെ സജീവ സാന്നിധ്യവും ഫോമയുടെ മുതിർന്ന നേതാവുമായ പീറ്റർ കുളങ്ങരയെ ഫോമയുടെ 2025 കേരള കൺവൻഷൻ ചെയർമാനായി തെരഞ്ഞെടുത്തതായി ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ അറിയിച്ചു. 2025ൽ കോട്ടയത്തുവെച്ചാണ് ഫോമയുടെ കേരള കൺവൻഷൻ നടക്കുക.
കേരള കൺവൻഷൻ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട പീറ്റർ കുളങ്ങരയെ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
പീറ്റർ കുളങ്ങര ഏറ്റെടുത്ത പദ്ധതികളെല്ലാം വൻ വിജയമായ ചരിത്രമാണുള്ളത്. അതുകൊണ്ടുതന്നെ ഫോമാ കേരള കൺവൻഷൻ ഒരു ചരിത്രവിജയമാകുമെന്നു തനിക്കുറപ്പുണ്ടെന്നു ബേബി മണക്കുന്നേൽ പറഞ്ഞു.
തികഞ്ഞ സംഘടനാ പ്രവർത്തകനും ഫോമയുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുകയും ചെയ്യുന്ന പീറ്റർ കുളങ്ങര അമേരിക്കൻ മലയാളികൾക്ക് സുപരിചിതനാണ്.
കോട്ടയം ജില്ലയിലെ താഴത്തങ്ങാടിയിൽ കുളങ്ങര കെ. ജെ. മാത്യുവിന്റെയും ചിന്നമ്മ മാത്യുവിന്റെയും മകനായ പീറ്റർ കുളങ്ങര അമേരിക്കയിലെ മലയാളി സംഘടനകളിൽ നിറസാന്നിധ്യമാണ്.
ഷിക്കാഗോ കെസിഎസിന്റെ ട്രഷറർ, വൈസ് പ്രസിഡന്റ്, കെസിസിഎൻഎ, ആർവിപി, മിഡ് വെസ്റ്റ് മലയാളി അസോസിയേഷൻ ആദ്യകാല ചെയർമാൻ, പിന്നീട് പ്രസിഡന്റ് എന്നീ നിലകളിൽ അദ്ദേഹം പ്രവർത്തിച്ചിരുന്നു.
തുടർന്ന് ഫോമ ആർവിപി നാഷണൽ കൗൺസിൽ മെമ്പർ, ഫോമ അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ, ഫോമ ഹൗസിംഗ് പ്രോജക്ട് മെമ്പർ, ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ പള്ളിയുടെ പ്രഥമ കൈക്കാരൻ (ട്രസ്റ്റി), 2010 മുതൽ പള്ളിയുടെ ഫ്യൂണറൽ കോഓർഡിനേറ്റർ എന്നീ നിലകളിലും പീറ്റർ കുളങ്ങര തന്റെ നേതൃപാടവം തെളിയിച്ചു.
ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ സജീവ പ്രവർത്തകനും 2018-20 കാലഘട്ടത്തിലെ പ്രസിഡന്റുമായിരുന്നു. സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ കേരളത്തിലെ നിർധനരായ കുടുംബങ്ങൾക്ക് 25 വീടുകൾ നിർമിച്ചു നൽകുവാൻ അദ്ദേഹം മുന്നിട്ട് പ്രവർത്തിച്ചു.
സാമൂഹ്യ പ്രവർത്തകയായ സുനിലുമായി ചേർന്ന് ഇവയിൽ 11 വീടുകൾ പീറ്റർ കുളങ്ങര മറ്റുള്ളവരുടെ സഹായത്തോടെ പൂർത്തിയാക്കിയിട്ടുണ്ട്. ഷിക്കാഗോ സോഷ്യൽ ക്ലബിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്യാന്തര വടംവലി മത്സരത്തിന്റെ അമരത്തും പീറ്റർ കുളങ്ങരയുണ്ടായിരുന്നു.
കോവിഡ് കാലത്ത് സുഹൃത്തുക്കളുമായി സൂമിൽ സംസാരിക്കുന്നതിനിടെ "ചിയേഴ്സ് ക്ലബ്' എന്ന ഒരു പ്രസ്ഥാനത്തിനും പീറ്റർ കുളങ്ങരയും കൂട്ടുകാരും തുടക്കമിട്ടു. തുടർന്ന് ചിയേഴ്സ് ക്ലബ് ചാരിറ്റി പ്രവർത്തനങ്ങളിലേക്ക് മാറി.
തുടർന്ന് ഈ കൂട്ടായ്മയ്ക്ക് കീഴിൽ കോവിഡ് കാലത്ത് നാട്ടിൽ ഭക്ഷണം വിതരണം ചെയ്യുകയും 10 ആധുനിക തയ്യൽ മെഷീനുകൾ സ്ത്രീകൾക്കായി വിതരണം ചെയ്യുകയും ചെയ്തു.
ഫോമയുടെ നേതൃത്വത്തിൽ നൂറിലധികം ഇലക്ട്രോണിക് വീൽ ചെയറുകൾ, മുച്ചക്ര സ്കൂട്ടറുകൾ ഭിന്നശേഷിയുള്ള കുട്ടികൾക്കും മുതിർന്നവർക്കും കോട്ടയത്തുവച്ച് വിതരണം ചെയ്തിരുന്നു.
അടുത്ത വീൽ ചെയർ വിതരണം ജനുവരിയിൽ കാസർഗോഡ് വച്ച് നൽകും.