വാഷിംഗ്ടണ്‍ ഡിസിയിലുള്ള വാട്ടർഗേറ്റ് മന്ദിരം ഡെമോക്രാറ്റിക് പാർട്ടിയുടെ ദേശീയ ആസ്ഥാനം. ഇതിനു കാവൽ നിൽക്കുന്ന പാറാവുകാരൻ, 1972 ജൂണ്‍ 17ന് പാതിരാത്രി കഴിഞ്ഞപ്പോൾ ഒരു കാഴ്ച കണ്ടു. വാട്ടർഗേറ്റ് സമുച്ചയത്തിലേക്കു പ്രവേശിക്കുന്ന പ്രധാന കവാടത്തിന്റെ കതകുപാളിയിൽ ഒരു ചെറിയ "ടേപ്പ്' ഒട്ടിച്ചിരിക്കുന്നു.
ഫ്രാങ്ക് വിൽസ് എന്ന ചെറുപ്പക്കാരനായ ആ സെക്യൂരിറ്റിക്ക് എന്തോ പന്തികേടു തോന്നി. എങ്ങനെ ആ ടേപ്പ് കതകിൽ വന്നു? നിസാരമെന്നു കരുതി തള്ളിക്കളയാമായിരുന്ന സംശയം, പക്ഷേ ഫ്രാങ്ക് പോലീസിലറിയിച്ചു. സ്ഥലത്തെത്തിയ പോലീസിന്റെ അന്വേഷണം - അമേരിക്കയെ പിടിച്ചുലയ്ക്കാൻ പോകുന്ന ഒരു വലിയ വിവാദത്തിലേക്ക് - വാട്ടർഗേറ്റ് വിവാദത്തിലേക്കും ഒടുവിൽ പ്രസിഡന്റ് റിച്ചാർഡ് നിക്സന്റെ രാജിയിലേക്കും എത്തിപ്പെടുകയായിരുന്നു.
അമേരിക്കയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രസിഡന്റ് രാജിവച്ച് അധികാരമൊഴിയേണ്ടിവന്നത് 1974 ഓഗസ്റ്റ് 9ന് ആയിരുന്നു.അമേരിക്കയുടെ മുപ്പത്തിയേഴാമത് പ്രസിഡന്റായി 1969 ജനുവരി 20നാണ് നിക്സൻ അധികാരമേറ്റത്. ഇതിനു മുന്‍പ് നിക്സണ് വൈസ് പ്രസിഡന്റായി 1953 മുതൽ 1961 വരെ പ്രവർത്തിച്ചിരുന്നു.
നിക്സന്റെ ഭരണകാലത്ത് വിയറ്റ്നാം യുദ്ധത്തിന് അയവു വരുത്തി. റഷ്യയും ചൈനയുമായുള്ള ബന്ധം ദൃഢതരമാക്കി. മനുഷ്യന് അസാധ്യമെന്നു കരുതിയിരുന്നത് ചന്ദ്രനിൽ കാലുകുത്തിക്കൊണ്ട് അപ്പോളോ രണ്ടിന്റെ ദൗത്യം ചരിത്രസംഭവമായി മാറ്റി.
സംഭവബഹുലമായ ഒരു അധ്യായമായിരുന്നു നിക്സന്റെ പ്രസിഡന്റ് എന്ന നിലയിലുള്ള പ്രവർത്തനങ്ങൾ. അദ്ദേഹം 1972 നവംബർ ഏഴിന് വീണ്ടും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും അതു പൂർത്തിയാക്കാൻ കഴിയുംമുന്പേ "വാട്ടർഗേറ്റ് വിവാദം'' ആളിക്കത്തി.
1972 ജൂണ്‍ 17ന് രാത്രി വാട്ടർഗേറ്റ് സമുച്ചയത്തിൽ എത്തിയ പോലീസ് അഞ്ചുപേരെ പിടികൂടി ചോദ്യംചെയ്തു. ഇവരിൽനിന്നു ഫോണ്‍ സന്ദേശം ചോർത്താനുള്ള ഉപകരണങ്ങളും ഫോട്ടോ കോപ്പി മെഷീനും പിടിച്ചെടുത്തു.
ബർണാർഡ് ബാർക്കർ, വിർജിലിയോ ഗോസാലസ്, യൂജിൻ മാർട്ടിനെസ്, ഫ്രാങ്ക് സ്പർഗീസ്, ജയിംസ് മാക് കോർഡ് എന്നിവരായിരുന്നു വാട്ടർഗേറ്റിൽ അതിക്രമിച്ചു കടന്നത്. ഓട്ടോമാറ്റിക് വാതിൽ സ്വയമേ "ലോക്ക്' ആകാതിരിക്കുന്നതിനായിരുന്നു ഇവർ അതിൽ ടേപ്പ് ഒട്ടിച്ചത്. പ്ലംബർമാർ എന്ന വ്യാജേന അകത്തുകടന്ന് ഡെമോക്രാറ്റിക് പാർട്ടിയുടെ രഹസ്യങ്ങൾ ചോർത്തുകയായിരുന്നു ലക്ഷ്യം.
തെരഞ്ഞെടുപ്പിലെ കുതന്ത്രങ്ങൾ
1972ലെ തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റിക് സ്ഥാനാർഥി ജോർജ് മക്ഗവേണ്‍ ആയിരുന്നു. ഇദ്ദേഹം സംവാദങ്ങളിലും അഭിപ്രായ വോട്ടെടുപ്പിലും നിക്സനേക്കാൾ മുന്നിലെത്തിയിരുന്നു.
തെരഞ്ഞെടുപ്പിൽ ഏതു വിധേനയും വിജയിക്കുക ലക്ഷ്യമിട്ട് ഡെമോക്രാറ്റുകളുടെ തെരഞ്ഞെടുപ്പു രഹസ്യങ്ങൾ ചോർത്താൻ വേണ്ടിയായിരുന്നു വാട്ടർഗേറ്റിൽ അതിക്രമിച്ചു കടന്നത്. അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസിയായ സിഐഎയുടെ അറിവോടെയും ഒത്താശയോടെയുമാണ് അതിക്രമമെന്ന് ആരോപണമുയർന്നു.
നിക്സണ് ആരോപണങ്ങളെല്ലാം നിഷേധിച്ചു. അമേരിക്കൻ ഫെഡറൽ പോലീസ് അന്വേഷണമാരംഭിച്ചത് അട്ടിമറിക്കാൻ നിക്സണ് ഭരണകൂടം ശ്രമിച്ചതായും വാർത്തകൾ വന്നു. ഒടുവിൽ അതിക്രമം കാട്ടിയ അഞ്ചുപേർക്കു പുറമേ വൈറ്റ്ഹൗസ് ഉദ്യോഗസ്ഥരായ ഹോവാർഡ് ഹണ്ട്, ഹൗഡൻ ലിസ്നി എന്നീ ഏഴുപേരെ പ്രതിചേർത്തു കുറ്റപത്രം സമർപ്പിച്ചു.
"ഡീപ്പ് ത്രോട്ട്'
തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു നിരവധിയായ ആരോപണങ്ങൾ ഉയർന്നു. അധികാര ദുർവിനിയോഗവും തെരഞ്ഞെടുപ്പു ഫണ്ടിന്റെ അഴിമതിയും തുടങ്ങി ഗുരുതര ആരോപണങ്ങളായിരുന്നു അത്.
അമേരിക്കൻ സർക്കാരിൽനിന്നു സുപ്രധാന വിവരങ്ങൾ ശേഖരിച്ച് അവ "വാഷിംഗ്ടണ്‍ പോസ്റ്റ്' പത്രത്തിനു ചോർത്തി നൽകി വാർത്താ പ്രാധാന്യമുള്ളതാക്കിത്തീർത്തത് ഒരു അജ്ഞാത വ്യക്തിയായിരുന്നു. "ഡീപ് ത്രോട്ട്' എന്ന പേരിലാണ് അദ്ദേഹം അറിയപ്പെട്ടത്.
ഇദ്ദേഹത്തിൽനിന്നു ലഭ്യമായ വിവരങ്ങളിൽ രഹസ്യാന്വേഷണം നടത്തി അഴിമതിക്കഥകളും രഹസ്യങ്ങൾ ചോർത്തിയെടുത്തതും മറ്റും "വാഷിംഗ്ടണ്‍ പോസ്റ്റ്' ലേഖകർ ആണ് പുറംലോകത്തെത്തിച്ചത്.
ബോബ് വുഡ് വാർഡ്, കാൾ ബേണ്‍സ്റ്റെയിൻ എന്നീ ജേർണലിസ്റ്റുകളുടെ നിതാന്ത ജാഗ്രതയും കഠിനശ്രമവുമാണ് വാട്ടർഗേറ്റ് വിവാദങ്ങൾ ലോകശ്രദ്ധയിൽപ്പെടുത്തിയത്. ഇവർക്കു കൃത്യമായ വിവരങ്ങൾ നൽകിയിരുന്നത് "ഡീപ്പ് ത്രോട്ടാ'യിരുന്നു.
കോടതിവിധി
വാട്ടർഗേറ്റ് സംഭവത്തിൽ രാഷ്ട്രീയ ചാരപ്രവർത്തനമാണ് നടന്നതെന്നു കോടതി കണ്ടെത്തി. ജയിംസ് മക് കോർഡ്, ഫൗഡൻ ലിസ്നി എന്നിവർക്കു തടവുശിക്ഷ വിധിച്ചു. ഗൂഢാലോചന, ഭവനഭേദനം, രഹസ്യം ചോർത്തൽ എന്നീ കുറ്റങ്ങൾ ശരിവച്ചുകൊണ്ടായിരുന്നു ശിക്ഷാവിധി.
എന്നാൽ, ബാക്കി അഞ്ചുപേർക്കു കോടതി മാപ്പുനൽകി. അമേരിക്കൻ സെനറ്റ് അടിയന്തരയോഗം ചേർന്നു വാട്ടർഗേറ്റ് വിവാദം സമഗ്രമായി അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ഒരു സമിതിയെ നിയോഗിച്ചു. സെനറ്റർ സാം എർവിൻ ജൂണിയറായിരുന്നു സമിതിയെ നയിച്ചത്.
ഒരു സമഗ്ര അന്വേഷണത്തിനൊടുവിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. മുൻ അറ്റോർണി ജനറൽ ക്ലൈൻ ഡീൻസറേ, മുൻ ആഭ്യന്തര ഉപദേഷ്ടാവായ ജോണ്‍ ഏൾറിച്ച്മാൻ, മുൻ പ്രസിഡൻഷൽ കോണ്‍സൽ ജോണ്‍ ഡീൻ എന്നിവരെ കുറ്റക്കാരായി അന്വേഷണ സമിതി കണ്ടെത്തിയത് അമേരിക്കയിലുടനീളം നിക്സനെതിരെ വലിയ പ്രതിഷേധം ആളിക്കത്തിച്ചു.
അന്വേഷണ പരിധിയിൽനിന്ന് നിക്സന്റെ ഓഫീസിനെ ഒഴിവാക്കിയെടുക്കാൻ നിയമനിർമാണത്തിന് ശ്രമിച്ചതും പരാജയപ്പെട്ടതോടെ സെനറ്റിലും കോണ്‍ഗ്രസിലും പ്രസിഡന്റ് നിക്സനു പിന്തുണ നഷ്ടമായി.
ഒടുവിൽ രാജിയിലേക്ക്
അമേരിക്കയിൽ ഉടനീളം നിക്സനെതിരേ മുറവിളിയുയർന്നു. പ്രസിഡന്റിനെ ഇംപീച്ച് ചെയ്യണമെന്ന ആഹ്വാനവുമായി തെരുവിൽ പ്രക്ഷോഭവും സമരങ്ങളും അരങ്ങേറി.
ഇംപീച്ച്മെന്റ് നടപടികൾക്കു തുടക്കമായി. ഇംപീച്ച്മെന്റിലൂടെ താൻ പുറത്താക്കപ്പെടുന്ന ഘട്ടമെത്തിയപ്പോൾ ഒടുവിൽ 1974 ഓഗസ്റ്റ് ഒന്‍പതിന് റിച്ചാർഡ് നിക്സണ് രാജിവച്ചു. ആദ്യമായിട്ടാണ് ഒരു അമേരിക്കൻ പ്രസിഡന്റ് രാജിവച്ച് പുറത്തുപോയത്.
രാജിക്കുശേഷം
"അമേരിക്കൻ ജനാധിപത്യത്തിനേറ്റ മുറിവുകൾ ഉണക്കാൻ തന്റെ രാജി ഉപകരിക്കട്ടെ' എന്നാണു രാജി പ്രഖ്യാപിച്ച് നിക്സണ് പ്രസ്താവന നടത്തിയത്. നിക്സനു ശേഷം പ്രസിഡന്റ് ജറാൾഡ് ഫോർഡ്, റിച്ചാർഡ് നിക്സനു മാപ്പുനൽകി, ക്രിമിനൽ ശിക്ഷയിൽനിന്ന് ഇളവു നൽകുകയായിരുന്നു.
1994 ഏപ്രിൽ 18ന് അന്തരിച്ച നിക്സണ് രാജിക്കുശേഷമുള്ള ഇരുപതു വർഷങ്ങൾ കർമനിരതനായിരുന്നു. പത്തു പുസ്തകങ്ങൾ അദ്ദേഹം രചിച്ചു. ഇൻ ദി അരേന, നിക്സന്റെ ഓർമകൾ, സിക്സ് ക്രൈസസ്, ലീഡേഴ്സ്, റിയൽ പീസ്, ബിയോണ്ട് പീസ്, റിയൽ വാർ എന്നിവ രചനകളിൽ ചിലതാണ്.
അന്താരാഷ്ട്ര യാത്രകൾ നടത്തി രാഷ്ട്രതന്ത്രജ്ഞതയും വിദേശകാര്യ നൈപുണ്യവും പ്രകടമാക്കി. പരാജയത്തിൽനിന്നു പാഠം ഉൾക്കൊണ്ട് പ്രസാദാത്മകമായ ജീവിതമാണ് രാജിക്കു ശേഷം നിക്സണ് നയിച്ചത്.
ഡീപ് ത്രോട്ട് വെളിച്ചത്ത്
ഒരിക്കലും വെളിച്ചത്തു വരാതെ കുഴിച്ചുമൂടപ്പെടാമായിരുന്ന വാട്ടർഗേറ്റ് സംഭവത്തെ ലോകശ്രദ്ധയിലെത്തിച്ചത് വില്യം മാർക്ക് ഫെൽറ്റ് എന്ന എഫ്ബിഐയുടെ ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ഉദ്യോഗസ്ഥനായിരുന്നു.
’ഡീപ് ത്രോട്ട്’ എന്ന പേരിൽ വാഷിംഗ്ടണ്‍ പോസ്റ്റിൽവന്ന വാർത്തകളത്രയും വില്യം മാർക്ക് ഫെൽറ്റ് നൽകിയ രഹസ്യവിവരങ്ങളായിരുന്നു. ഓക്ക്ഹിൽ ഓഫീസ് കെട്ടിടത്തിന്റെ പാർക്കിംഗ് ഗാരേജിലെ 32-ാം നന്പർ സ്ഥലത്തുവച്ചാണ് ഫെൽറ്റ് പത്രലേഖകരുടെ വിവരങ്ങൾ രഹസ്യാത്മകതയോടെ പങ്കുവച്ചത്.
വാട്ടർഗേറ്റ് സംഭവങ്ങളുടെ ഒരു എക്സിബിഷൻ കാലിഫോർണിയായിലെ യോർബലിൻഡയിൽ പ്രസിഡൻഷ്യൽ ലൈബ്രറിയിൽ ഒരുക്കിയിട്ടുണ്ട്.
അഡ്വ.ഫാ. ജോർജ് ചേന്നപ്പള്ളിൽ