അപ്രതീക്ഷിതമായ ബോക്സ് ഓഫീസ് വിജയം കൈവരിച്ച ഒരു പ്രചോദനാത്മക സിനിമയാണ് "ഐ കാൻ ഒൺലി ഇമാജിൻ.'' അമേരിക്കൻ ഗായകനും ഗാനരചയിതാവുമായ ബാർട് മില്ലർഡിന്റെ ജീവിതകഥയെ ആധാരമാക്കി എർവിൻ ബ്രദേഴ്സ് സംവിധാനം ചെയ്ത ഈ സിനിമ 2018ലെ ഏറ്റവും നല്ല ഇൻസ്പിറേഷണൽ സിനിമയ്ക്കുള്ള അവാർഡ് നേടി. ഈ സിനിമ പുറത്തിറങ്ങുന്നതിനു നിരവധി വർഷം മുൻപ് മില്ലർഡ് രചിച്ച് അദ്ദേഹംതന്നെ ആലപിച്ച ഒരു ഗാനത്തിന്റെ പേരായിരുന്നു ഐ കാൻ ഒൺലി ഇമാജിൻ.
ഈ ഗാനമാണ് അമേരിക്കയിലെ ക്രിസ്ത്യൻ സിംഗിൾ ഗാനങ്ങളുടെ ആൽബങ്ങളിൽ ഏറ്റവുമധികം വിറ്റഴിക്കപ്പെട്ടിട്ടുള്ളത്.ഐ കാൻ ഒൺലി ഇമാജിൻ എന്ന ഗാനം ഏറെ ചിന്തോദ്ദീപകമാണ്. നാം മരിച്ചശേഷം സ്വർഗത്തിലെത്തുന്പോൾ എന്തായിരിക്കും നമ്മുടെ അനുഭവം എന്നതാണ് ഈ ഗാനത്തിലൂടെ മില്ലർഡ് ആവിഷ്കരിച്ചിരിക്കുന്നത്. എന്നാൽ, ഈ ഗാനത്തെക്കുറിച്ചല്ല, ഗാനരചയിതാവിന്റെ ജീവിതത്തെക്കുറിച്ചാണ് ഇവിടെ പരാമർശിക്കാൻ ആഗ്രഹിക്കുന്നത്.
ആ രമ്യപ്പെടൽ
ഐ കാൻ ഒൺലി ഇമാജിൻ എന്ന സിനിമയിൽ പറയുന്ന കഥയും മില്ലർഡിന്റെ യഥാർഥ ജീവിതകഥയും തമ്മിൽ വലിയ വ്യത്യാസമൊന്നുമില്ല. സിനിമയിൽ കഥ ആവിഷ്കരിക്കാനായി ചില വിശദാംശങ്ങൾ വിട്ടുകളഞ്ഞതല്ലാതെ കഥയുടെ പിരിമുറുക്കം കൂട്ടാൻ സംഭവിക്കാത്തതൊന്നുംതന്നെ കൂട്ടിച്ചേർത്തിട്ടില്ലെന്നു സാരം.
മില്ലർഡിന്റെ കഥ ഇപ്രകാരമാണ്. ടെക്സസിലെ ഗ്രീൻ വിൽ എന്ന സ്ഥലത്ത് 1972ലാണ് അദ്ദേഹത്തിന്റെ ജനനം. മില്ലർഡ് പഠിച്ചതും വളർന്നതും അവിടെത്തന്നെ. സിനിമയിലെ കഥ അനുസരിച്ച്, മില്ലർഡിന്റെ ബാല്യപ്രായത്തിൽ അവന്റെ അമ്മ അവനെയും ഭർത്താവായ ആർതറെയും ഉപേക്ഷിച്ചു വീടുവിട്ടുപോയി മറ്റൊരാളെ വിവാഹം ചെയ്തു. അതിന്റെ കാരണമാകട്ടെ, കുടുംബ കലഹവും.
ആർതർ തന്റെ ഭാര്യയെ ശാരീരികമായി ഉപദ്രവിച്ചിരുന്നില്ലെങ്കിലും മകന്റെ കാര്യത്തിൽ അങ്ങനെയല്ലായിരുന്നു. പലപ്പോഴും മകനെ തല്ലിച്ചതച്ചിട്ടുണ്ട്. മകൻ വലിയ ഫുട്ബോൾ കളിക്കാരൻ ആകണമെന്നതായിരുന്നു ആർതറിന്റെ ആഗ്രഹം. എന്നാൽ, കളിയിൽ പരിക്കേറ്റതുമൂലം ആ രംഗത്തു ശോഭിക്കാൻ മില്ലർഡിനു സാധിച്ചില്ല. അപ്പോഴാണ്, സംഗീതരംഗത്തേക്ക് മില്ലർഡ് കടന്നത്. അവിടെ ശോഭിച്ചപ്പോഴും മില്ലർഡിന്റെ പിതാവിന് അതേക്കുറിച്ചു വലിയ മതിപ്പില്ലായിരുന്നു.
ഒരു ദിവസം രാവിലെ പ്രഭാതഭക്ഷണത്തിനിരിക്കുന്പോൾ കോപിഷ്ഠനായ ആർതർ ഭക്ഷണമേശയിലിരുന്ന പാത്രവും അതിലുണ്ടായിരുന്ന വിഭവങ്ങളുംകൊണ്ട് മില്ലർഡിന്റെ തലയിലിടിച്ചു, തല പൊട്ടി. വേദനയും സങ്കടവും സഹിക്കാതെ മില്ലർഡ് അന്നു വീടുവിട്ടിറങ്ങി. പിന്നീട്, "മേഴ്സി മീ''എന്ന ബാൻഡിന്റെ ഗായകനായിട്ടാണ് മില്ലർഡിനെ നാം കാണുന്നത്.
മില്ലർഡ് നല്ല ഗായകനായിരുന്നെങ്കിലും ആ രംഗത്തു വിജയിക്കാത്തതിന്റെ കാരണം സ്വന്തം പിതാവിനോടുള്ള വെറുപ്പും വിദ്വേഷവുമാണെന്നു ബാൻഡ് മാനേജർ മനസിലാക്കി. അദ്ദേഹം മില്ലർഡിനെ വീട്ടിലേക്ക് അയച്ചു പിതാവുമായി രമ്യപ്പെട്ടുവരാൻ ഉപദേശിച്ചു.വീട്ടിലെത്തിയപ്പോൾ, സ്വഭാവത്തിൽ വലിയ മാറ്റംവന്ന പിതാവിനെയാണ് മില്ലർഡ് കണ്ടത്.
താൻ ദൈവത്തെ കണ്ടെത്തിയെന്നും ചെയ്തുപോയ തെറ്റുകളെക്കുറിച്ചു ദുഃഖമുണ്ടെന്നും തന്നോടു ക്ഷമിക്കണമെന്നും പിതാവ് മകനോട് അപേക്ഷിച്ചു. പക്ഷേ, ക്ഷമിക്കാനുള്ള മനോഭാവമായിരുന്നില്ല അപ്പോൾ മില്ലർഡിന്റേത്. ""മോനേ, എന്നോടു ക്ഷമിച്ചുകൂടേ'' എന്ന് ആ പിതാവ് കെഞ്ചി ചോദിച്ചപ്പോൾ മില്ലർഡിന്റെ മറുപടി ഇപ്രകാരമായിരുന്നു: ""ദൈവം ക്ഷമിച്ചേക്കും. എന്നാൽ, എനിക്കു ക്ഷമിക്കാൻ പറ്റില്ല.'' ഇത്രയും പറഞ്ഞിട്ട് ആ മകൻ അവിടെനിന്നു ചവിട്ടിത്തെറിപ്പിച്ചു വീടിനു പുറത്തിറങ്ങി.
മനസിനേറ്റ മുറിവ്
ഈ കഥയിവിടെ നിൽക്കട്ടെ. തനിക്കു തെറ്റുപറ്റി, മാപ്പുതരണം എന്നു കേണപേക്ഷിച്ചിട്ടും എന്തുകൊണ്ടാണ് ആ മകൻ അപ്പോൾ മാപ്പ് നല്കാൻ വിസമ്മതിച്ചത്? കാരണം, ആ മകന്റെ ശരീരത്തിനേറ്റ മുറിവുകൾ പണ്ടേ സുഖപ്പെട്ടിരുന്നെങ്കിലും മനസിനേറ്റ മുറിവുകൾ സുഖപ്പെട്ടിരുന്നില്ല. എന്നു മാത്രമല്ല, മനസിനേറ്റ മുറിവുകൾ ആഴപ്പെട്ടുവരികയുമായിരുന്നു.
നമ്മുടെയും ജീവിതത്തിൽ ചിലപ്പോൾ ഇതുപോലെയോ ഇതിലപ്പുറമോ സംഭവിക്കാം. അപ്പോൾ, നമ്മുടെ സ്ഥിതിയും മില്ലർഡിന്റേതിൽനിന്നു വ്യത്യസ്തമായിരിക്കില്ല. നാമും മില്ലർഡിനെപ്പോലെ നീറിനീറി ചാവുന്നുണ്ടാവും.ഇനി മില്ലർഡിന്റെ കഥയിലേക്കു മടങ്ങിവരട്ടെ. മില്ലർഡ് വീട്ടിൽനിന്നു പുറത്തുകടന്നപ്പോൾ, സങ്കടവും ദേഷ്യവും സഹിക്കാൻ വയ്യാതെ ആർതർ കണ്ണിൽ കണ്ടതെല്ലാം തല്ലിപ്പൊട്ടിക്കാൻ തുടങ്ങി.
ഇതിനിടയിൽ പിതാവിന്റെ ജീപ്പിലിരുന്ന ഒരു ഫയൽ കണ്ട് പിതാവിനു കാൻസറാണെന്ന് മില്ലർഡിനു മനസിലായി. പെട്ടെന്ന്, ആ മകന്റെ മനസലിഞ്ഞു. വെറുപ്പും വിദ്വേഷവും വൈരാഗ്യവുമെല്ലാം ഒറ്റ നിമിഷംകൊണ്ട് ഒലിച്ചുപോയി.
ആ മകൻ പോയി പിതാവിനെ നിലത്തുനിന്നു കോരിയെടുത്ത് ആലിംഗനം ചെയ്തു.
അത് രണ്ടുപേരുടെയും പുതിയൊരു ജീവിതത്തിന്റെ തുടക്കമായിരുന്നു. എങ്കിലും അത് അധികകാലം നീണ്ടില്ല. കാൻസർ രോഗം ആ പിതാവിനെ അതിവേഗം കവർന്നു. കണ്ണീരോടെയായിരുന്നു മില്ലർഡ് പിതാവിന് അന്ത്യാഞ്ജലി അർപ്പിച്ചത്. എങ്കിൽ പോലും, തന്റെ പിതാവ് സ്വർഗത്തിലെത്തുമെന്ന ചിന്ത ആ മകനെ ഏറെ സന്തോഷിപ്പിച്ചു.
ഇതെത്തുടർന്നാണ്, സ്വർഗത്തിലെത്തുന്പോൾ അവിടത്തെ സ്ഥിതി എന്തായിരിക്കുമെന്നു തനിക്കിപ്പോൾ ഭാവന ചെയ്യാൻ മാത്രമേ സാധിക്കൂ എന്ന ആശയം ഉൾപ്പെടുത്തി "ഐ കാൻ ഒൺലി ഇമാജിൻ'' എന്ന ഗാനം മില്ലർഡ് രചിച്ചത്. സ്വർഗത്തിലെ സ്ഥിതിയെക്കുറിച്ച്, ദൈവവചനത്തിന്റെ വെളിച്ചത്തിൽ നമുക്കു ഭാവന ചെയ്യാൻ സാധിക്കും.
എന്നാൽ, നാം മറ്റുള്ളവരോടു ഹൃദയപൂർവം ക്ഷമിക്കുന്പോൾ എന്താണു സംഭവിക്കുന്നതെന്നു നമുക്കു ഭാവന ചെയ്യാൻ മാത്രമല്ല, അനുഭവിച്ചറിയാനും സാധിക്കും. പക്ഷേ, ആ അനുഭവം ലഭിക്കണമെങ്കിൽ ക്ഷമിക്കുവാൻ തയാറാകണം. മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കുക അത്ര എളുപ്പമല്ല. എന്നാൽ, ദൈവത്തിന്റെ കൃപ ഉണ്ടെങ്കിൽ സാധിക്കും. ആ കൃപ സ്വീകരിക്കാൻ നമ്മുടെ ഹൃദയവും മനസും തുറന്നുകൊടുക്കണമെന്നു മാത്രം.
ദൈവവചനം പറയുന്നു: "മറ്റൊരാളോട് പരിഭവമുണ്ടായാൽ പരസ്പരം ക്ഷമിച്ചു സഹിഷ്ണുതയോടെ വർത്തിക്കുവിൻ. കർത്താവ് നിങ്ങളോടു ക്ഷമിച്ചതുപോലെ നിങ്ങളും ക്ഷമിക്കണം' (കൊളോസോസ് 3:13). നമുക്കു ക്ഷമിക്കാം. മറക്കാം. അപ്പോൾ, അതുവഴിയുണ്ടാകുന്ന സൗഭാഗ്യം നമുക്കു ഭാവന ചെയ്യാവുന്നതിലും അധികമായിരിക്കും. സംശയം വേണ്ട.
ഫാ. ജോസ് പന്തപ്ലാംതൊട്ടിയിൽ