അങ്ങ് അകലെയുള്ള വീടുകളുടെ മുന്നിൽ പച്ചക്കുന്നുകൾ പോലെ കാണാം. റംബൂട്ടാൻ പഴങ്ങളെ സംരക്ഷിക്കാൻ മരം വലയിട്ടു പുതച്ചിരിക്കുന്നതാണ് ദൂരക്കാഴ്ചയിൽ പച്ചക്കുന്നുകൾ പോലെ കാണുന്നത്. കുട്ടന്പുഴ ഉരുളൻതണ്ണിയിലെ ഹോം സ്റ്റേയിൽ എത്തുന്പോൾ കെയർ ടേക്കർ ബേബി ഞങ്ങളെ കാത്ത് ഉണ്ടായിരുന്നു.
ഒരു യാത്ര പോകണമെന്നു ചിന്തിക്കുന്പോഴൊക്കെ പലരും ദൂരെയുള്ള സ്ഥലങ്ങളെക്കുറിച്ചാണ് ആലോചിക്കുന്നത്. നമ്മുടെ സമീപത്ത് നമ്മൾ വേണ്ടത്ര കാണുകയോ ആസ്വദിക്കുകയോ ചെയ്യാത്ത നിരവധി സ്ഥലങ്ങളുണ്ടെന്നതാണ് യാഥാർഥ്യം.
അടുത്തല്ലേയെന്നു കരുതി നമ്മൾ അവഗണിച്ചു കളയുന്ന ഇത്തരം സ്ഥലങ്ങളിൽ ചെന്നു കഴിയുന്പോഴാണ് എത്രയോ മനോഹരം, രസകരം എന്നൊക്കെ തോന്നുന്നത്. അങ്ങനെയൊരു യാത്രയായിരുന്നു 2024 ജൂലൈ 11, 12 ദിവസങ്ങളിൽ ഞങ്ങളുടെ കുട്ടന്പുഴ യാത്ര.
ഞങ്ങൾ എന്നു പറഞ്ഞാൽ എല്ലാവരും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽനിന്നു വിരമിച്ചവർ, യാത്രാ സ്നേഹികൾ. എറണാകുളത്തുനിന്നു കോതമംഗലത്തേക്ക് ഏതാണ്ട് 50 കിലോമീറ്ററും അവിടെനിന്നു കുട്ടമ്പുഴയിലേക്ക് 20 കിലോമീറ്ററും മാത്രമേ ദൂരമുള്ളൂ.
കോതമംഗലത്തുനിന്നു വെജിറ്റേറിയൻ ഭക്ഷണവും കഴിച്ചു. എറണാകുളം ജില്ലയിൽപ്പെട്ട കുട്ടന്പുഴയിലേക്കു യാത്ര തുടങ്ങി. കാട്ടിലൂടെ വേണം അവിടേക്കെത്താൻ. റോഡിന് ഇരുവശവും തേക്ക് അടക്കമുള്ള മരങ്ങൾ. ആനകൾ കടന്നുപോകുന്ന വഴി, മാനുകൾ കടന്നുപോകുന്ന വഴി... എന്നിങ്ങനെ ചിലേടങ്ങളിൽ ബോർഡുകൾ കാണാം. ഇതുവഴി രാത്രിയാത്ര അത്ര സുരക്ഷിതമല്ല.
ഉരുളൻ കല്ലുകളിലൂടെ
അങ്ങ് അകലെയുള്ള വീടുകളുടെ മുന്നിൽ പച്ചക്കുന്നുകൾ പോലെ കാണാം. റംബൂട്ടാൻ പഴങ്ങളെ സംരക്ഷിക്കാൻ മരം വലയിട്ടു പുതച്ചിരിക്കുന്നതാണ് ദൂരക്കാഴ്ചയിൽ പച്ചക്കുന്നുകൾ പോലെ കാണുന്നത്. കുട്ടന്പുഴ ഉരുളൻതണ്ണിയിലെ ഹോം സ്റ്റേയിൽ എത്തുന്പോൾ കെയർ ടേക്കർ ബേബി ഞങ്ങളെ കാത്ത് ഉണ്ടായിരുന്നു.
ഒരു വനത്തിനു നടക്കു നിൽക്കുന്ന പ്രതീതി. തൊട്ടടുത്തുകൂടി ഉരുളൻതണ്ണിപ്പുഴ ഒഴുകുന്നു. പുഴയ്ക്കപ്പുറം ആനകളുടെ വിഹാരകേന്ദ്രമാണെന്നു ബേബി പറഞ്ഞു. ആനകൾ കൂട്ടത്തോടെ വെള്ളം കുടിക്കാനെത്തുന്ന പ്രദേശം. ഹോം സ്റ്റേയ്ക്കു ചുറ്റും പഴംതീനി ജീവികളിൽനിന്നു രക്ഷപ്പെടാൻ റംബൂട്ടാൻ മരങ്ങൾ എല്ലാം വലയും പുതച്ചുനിൽക്കുന്നു.
എല്ലാവരും ആവേശത്തിൽ തിരക്കിട്ട ഒരുക്കത്തിലാണ്. മാമലക്കണ്ടം വനത്തിലേക്കുള്ള ഒാഫ് റോഡ് ട്രെക്കിംഗ് ആണ് പരിപാടി. ആറു പേർക്കു വീതം സഞ്ചരിക്കാവുന്ന രണ്ടു ജീപ്പുകൾ എത്തി. പത്തു കിലോമീറ്റർ ദൂരമുണ്ട്. 1,200 മീറ്റർ ഉയരത്തിലുള്ള മാമലക്കണ്ടം കൊയ്നിപ്പാറ മലയുടെ മുകളിലേക്കാണ് യാത്ര. എറണാകുളം ജില്ലയിലെ ഏറ്റവും ഉയരമുള്ള സ്ഥലമാണ് കൊയ്നിപ്പാറ.
തുടക്കം നിരപ്പു പ്രദേശത്തെ നിബിഢ വനത്തിലൂടെ. വൻ മരങ്ങളും കാപ്പിച്ചെടികളും ഇല്ലിക്കാടുകളുമൊക്കെ മിന്നിമറഞ്ഞു. വന്യമൃഗ സാന്നിധ്യമുള്ള മേഖലയാണ്. കാടിന്റെ വശ്യതയും കിളികളുടെ സംഗീതവും ആസ്വദിച്ചിരിക്കവേ ജീപ്പ് ഉരുളൻ കല്ലുകൾക്കു മുകളിലേക്കു കയറിത്തുടങ്ങി.
കല്ലിൽ കയറി ചെരിഞ്ഞും കുഴിയിൽ ചാടി തിരിഞ്ഞുമൊക്കെ ജീപ്പ് മുകളിലേക്കു കയറുന്നു. വാഷിംഗ് മെഷീനിൽ കിടക്കുന്ന തുണി പോലെ യാത്രക്കാരും ജീപ്പിനൊപ്പം ആടിയുലഞ്ഞു ജീപ്പിന്റെ ചില ചക്രങ്ങൾ അന്തരീക്ഷത്തിലാണ് നിൽക്കുന്നതെന്നു തോന്നുന്നു. ഇടയ്ക്കു മഴയുടെ തലോടൽ. ചുറ്റുമുള്ള പ്രകൃതിയുടെ ഭംഗി വാക്കുകളിൽ പറയാനാവില്ല.
മികച്ച ഒരു ട്രെക്കിംഗ് ട്രാക്കിലൂടെയാണ് പോകുന്നത്. എന്നാൽ, ആ രീതിയിലുള്ള ഒരു പ്രസിദ്ധി ഇനിയും ഈ സ്ഥലത്തിനു വന്നിട്ടില്ല. കേരളത്തിലെ എത്രയോ ടൂറിസം സാധ്യതകൾ ഇങ്ങനെ അവഗണിക്കപ്പെട്ടു കിടക്കുന്നു.
ജീപ്പിന്റെ പിന്നിലിരുന്നു കയറിവന്ന വഴികളിലേക്കു നോക്കുന്പോൾ ചെറിയൊരു പേടിതോന്നും. എത്ര വൈദഗ്ധ്യത്തോടെയാണ് ഈ ഡ്രൈവർമാർ ജീപ്പോടിക്കുന്നത്. ചെറിയൊരു അശ്രദ്ധ മതി വലിയ ഗർത്തങ്ങളിലേക്കു വീഴാൻ.. ആ ഗർത്തങ്ങളുടെ താഴ്വാരത്തും ചില വീടുകൾ കണ്ടു. യാത്രയിൽ വന്യമൃഗങ്ങളൊന്നും നിർഭാഗ്യവശാൻ മുന്നിൽവന്നുപെട്ടില്ല.
ഒടുവിൽ ജീപ്പ് കൊയ്നിപ്പാറയുടെ മുകളിലെത്തി. 360 ഡിഗ്രിയിൽ മലകളും കാടുകളും. കോടയിൽ മുങ്ങി മലകളുടെ നിൽപ്പ്. മഴ മാറി മാനം തെളിഞ്ഞതോടെയാണ് പുൽത്തകിടികൾ നിറഞ്ഞ മലകളുടെ ഭംഗി കൂടുതൽ ദൃശ്യമായത്.
മതിവരാത്ത കാഴ്ചകൾ. തിരിച്ചിറക്കം ഇത്തിരികൂടി കഠിനമായിരുന്നു. മുകളിലേക്കു കയറിയതിനേക്കാൾ വേഗത്തിലാണ് ഉരുളൻ കല്ലുകളിലൂടെ ജീപ്പ് താഴേക്കു ചാടുന്നത്. ശരീരം ആകെയൊന്നിളകും.
വെള്ളച്ചാട്ടമുള്ള സ്കൂൾ
മാമലക്കണ്ടം സർക്കാർ സ്കൂളിന്റെ മുന്നിലേക്കാണ് എത്തിയത്. സ്വന്തമായി വെള്ളച്ചാട്ടമുള്ള സ്കൂൾ. സ്കൂളിനു പിന്നിലാണ് എളംപ്ലാശേരി വെള്ളച്ചാട്ടം. വെള്ളമൊഴുക്ക് കുറവായതിനാൽ വെള്ളച്ചാട്ടം പൂർണതോതിലില്ല. അടുത്ത ലക്ഷ്യം മുനിപ്പാറയാണ്. കിടിലൻ മലകളുടെ സംഗമസ്ഥാനം. തുടർന്ന് യാത്ര ഉരുളിക്കുഴി വെള്ളച്ചാട്ടത്തിലേക്ക്.
കുളിക്കാൻ വിശാല സൗകര്യം. തടയണയുടെ വശങ്ങളിൽ കുളിക്കാൻ ധാരാളം ആളുകളെത്തിയിട്ടുണ്ട്. ഉച്ചഭക്ഷണത്തിനും വിശ്രമത്തിനും ശേഷം എല്ലാവരും ഉരുളന്താനി പുഴയിൽ നീരാട്ടിനിറങ്ങി. രാത്രിയിലെ പ്രധാന ആഘോഷം ക്യാമ്പ് ഫയർ ആയിരുന്നു. ആട്ടവും പാട്ടുമായി ആഘോഷിച്ചു. ഇടയ്ക്കു പുഴയ്ക്ക് അക്കരെ ആനയുടെ ചിന്നംവിളി കേൾക്കാമായിരുന്നു.
ഉരുളന്തണ്ണി പുഴയുടെ ആരവം കേട്ടാണ് രാവിലെ കണ്ണുതുറന്നത്. നല്ല തണുപ്പ്. നടപ്പുശീലമുള്ള ചിലർ രാവിലെ തന്നെ നടക്കാനിറങ്ങിയിരിക്കുന്നു. കാണാൻ ഭംഗിയുള്ള ഗ്രാമം. എല്ലാ വീടുകളുടെ മുന്നിലും റംബൂട്ടാൻ പഴുത്തു നിൽക്കുന്നു. നാട്ടിലെ കൃഷിക്കാരെയും കണ്ടു. ആനയും കാട്ടു പന്നികളും മ്ലാവുമെല്ലാം കൃഷി നശിപ്പിക്കുകയാണെന്ന പരാതിയാണ് എല്ലാവർക്കും. അധികൃതർ കാര്യമായൊന്നും ചെയ്യുന്നില്ലത്രേ.
ചങ്ങാടത്തിൽ അക്കരയ്ക്ക്
ഹോം സ്റ്റേ വിടുകയാണ്. അടുത്ത ലക്ഷ്യം പൂയംകുട്ടിയിലെ ബ്ലാവനയാണ്. മരങ്ങൾ തിങ്ങിനിറഞ്ഞ മനോഹരഭൂമി കുട്ടന്പുഴ പഞ്ചായത്തിന്റെ ഭാഗമാണ്. നദിയുടെ അപ്പുറത്താണ് ഫോറസ്റ്റ് മേഖല. അവിടെയാണ് ആദിവാസി കുടികളും. ബ്ലാവനയിലേക്കും വനമേഖലയിലേക്കും പോകുന്നത് ബ്ലാവന ഫെറിയിലൂടെയാണ്.
അക്കരെ കടക്കാൻ ചങ്ങാടമാണ് ആശ്രയം. വാഹനങ്ങളെയും ആളുകളെയുമെല്ലാം രണ്ടു മിനിറ്റ് കൊണ്ട് അക്കരെയെത്തിക്കും. ചങ്ങാടയാത്ര ചിലർക്കു പുതിയ അനുഭവം ആയിരുന്നു. ഇപ്പോൾ ശാന്തമാണെങ്കിലും നല്ല മഴയുള്ളപ്പോൾ നദി അപകടകാരിയാണത്രേ. ആദിവാസിമേഖലയിലേക്കു സാധനങ്ങൾ എത്തിക്കാൻ ഈയൊരു മാർഗമേയുള്ളൂ.
പൂയംകുട്ടിയിൽ വനത്തിനുള്ളിൽ ജലവൈദ്യുതപദ്ധതിയുണ്ട്. ഞങ്ങൾ അവിടെനിന്നു ജീപ്പിൽ ഫോറസ്റ്റ് ട്രെക്കിംഗിന് കല്ലേലിമേടിലേക്കു പോയി. തുടക്കത്തിൽ കോൺക്രീറ്റ് വഴി. പിന്നീട് കുത്തനെ കയറ്റവും ഇറക്കവുമൊക്കെ. റബർ മരങ്ങൾ ധാരാളമായി കണ്ടു. കാടിന്റെ ഉൾഭാഗത്താണ് ആദിവാസിക്കുടികൾ. പോകുന്ന വഴിയിൽ ആനപ്പിണ്ടങ്ങൾ കണ്ടു. ആനകളെ ഇടയ്ക്കിടെ കാണാറുണ്ടെന്നും ഉപദ്രവിക്കില്ലെന്നും ഡ്രൈവർ പറഞ്ഞു.
കാടിനകത്താണ് കൊച്ചുകുത്ത് വെള്ളച്ചാട്ടം. ഈ വഴിയോരങ്ങളിലൊക്കെ ധാരാളം മനുഷ്യർ താമസിക്കുന്നുണ്ട്. ആനയുടെയും കാടിന്റെയും നടുവിൽ, ജീപ്പ് പോലും കഷ്ടിച്ചു സഞ്ചരിക്കുന്ന മേഖലയിൽ എങ്ങനെ ജീവിക്കുന്നുവെന്നത് പുറത്തുനിന്നെത്തുന്നവർക്ക് അദ്ഭുതമാണ്.
ബ്ലാവനയിൽ തിരിച്ചെത്തി ഒരു ചായക്കടയിൽനിന്നു ചൂടു ചായ. നേരേ പൂയംകുട്ടിയിലേക്ക്. കലർപ്പില്ലാത്ത തെങ്ങിൻകള്ളും പനങ്കള്ളും കിട്ടുന്ന സ്ഥലമാണിതെന്നു ചിലർ പറഞ്ഞു. അവിടെനിന്നു മണികണ്ടം ചാലിലേക്കുള്ള യാത്ര മണികണ്ടം ചപ്പാത്ത് വഴിയാണ്. ഈ വനമേഖലയെല്ലാം മലയാറ്റൂർ ഫോറസ്റ്റ് ഡിവിഷന്റെ കീഴിലാണ്.
കാദർക്കാന്റെ കടയാണ് ഇവിടത്തെ മറ്റൊരു ആകർഷണം. സമൃദ്ധമായ ഉച്ചയൂണ് ആണ് പ്രധാനം. പാതിരാത്രി വരെ കച്ചവടമില്ല. ഉച്ചകഴിഞ്ഞാൽ അടയ്ക്കും. സംതൃപ്തരായ മനുഷ്യർ. മോഹൻലാൽ പ്രധാന കഥാപാത്രമായ പുലിമുരുഗൻ സിനിമ ഷൂട്ട് ചെയ്തത് ഈ മേഖലയിലാണ്. ഏഴു മാസം നീണ്ട ഷൂട്ടിംഗിനിടയിൽ മോഹൻലാൽ അടക്കമുള്ളവർ തന്റെ കടയിൽനിന്നാണ് കഴിച്ചിരുന്നതെന്ന് അഭിമാനത്തോടെ അദ്ദേഹം പറയുന്നു.
ഫേസ്ബുക്കിൽ ഈ കഥകളൊക്കെ ഇട്ടിട്ടുണ്ടെന്നു പറയാനും മറന്നില്ല. തട്ടേക്കാടിനടുത്തുള്ള തൂക്കുപാലവും കാണണമെന്നുണ്ടായിരുന്നു. പക്ഷേ, മഴ ശക്തമായതിനാൽ വേണ്ടെന്നുവച്ചു. വഴിയും കാലാവസ്ഥയും കാട്ടുമൃഗങ്ങളുമൊക്കെയായി യാത്രകളിൽ കുറെ ടെൻഷനടിച്ചു. അതു വേണം താനും. എങ്കിലേ യാത്ര കഴിയുന്പോൾ പെരുത്ത സന്തോഷം തോന്നൂ.
പയസ് ആലുംമൂട്ടിൽ