ആനകളെ കാണാം, ആനക്കഥ കേൾക്കാം ഒപ്പം ചായയും കുടിക്കാം. നൂറു കണക്കിനു കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ചായ കുടിക്കുന്നതിന്റെ രസം ഒന്നോർത്തു നോക്കിക്കേ. ആനക്കടയെന്ന ചായക്കടയ്ക്ക് 50 വയസ്!.
തൃശൂർ - ഇരിങ്ങാലക്കുട പാതയിൽ ചേർപ്പിന് അടുത്തു തിരുവുള്ളക്കാവ് ക്ഷേത്രത്തിനു സമീപത്തായിട്ടാണ് ഈ ഹോട്ടൽ!. നാടൻ ഭാഷയിൽ പറഞ്ഞാൽ ഒരു നാടൻ ചായക്കട. കേരളത്തിലെ തലയെടുപ്പുള്ള കൊന്പൻമാരുടെ നടുവിലിരുന്നു ചൂടു ദോശയും ചായയും കഴിക്കുന്നതിന്റെ രസം ഒന്നോർത്തു നോക്കൂ.
ഒന്നും രണ്ടുമല്ല, നാനൂറോളം വരുന്ന ആനകളുടെ കളർ ചിത്രങ്ങളാണ് ഈ ചായക്കടയുടെ അലങ്കാരം. ആനകളുടെ എന്തെങ്കിലും വിശേഷം അറിയണമെന്നുണ്ടങ്കിൽ ചോദിച്ചാൽ മതി, കടയിൽ എത്ര തിരക്കുണ്ടെങ്കിലും വിശേഷങ്ങൾ പറയാതിരിക്കാനാവാത്ത ഒരാളുണ്ട് ഇവിടെ. മെമ്പിള്ളിൽ രാജു എന്ന അന്പത്തെട്ടുകാരൻ, ആനക്കന്പം തലയ്ക്കുപിടിച്ച ചായക്കടക്കാരൻ.
ആന മ്യൂസിയം
രാജുവിന്റെ ആനക്കമ്പത്തിന് അരനൂറ്റാണ്ട് പൂർത്തിയാവുന്നു. അച്ഛൻ നാരായണനാണ് ഇവിടെ വീടിനോടു ചേർന്നു ചായക്കട ആരംഭിച്ചത്. പ്രൈമറി സ്കൂളിൽ പഠിക്കുമ്പോൾ മുതൽ വീടിനു സമീപമുള്ള ക്ഷേത്രങ്ങളിൽ ആനയെ കൊണ്ടുവരുമ്പോൾ അങ്ങനെ കണ്ടുനില്ക്കും. കുട്ടിക്കാലം തൊട്ടേ പത്രങ്ങളിൽ വരുന്ന ആനച്ചിത്രങ്ങളും വാർത്തകളും വെട്ടിയെടുത്തു കടയുടെ ചുമരിൽ തൂക്കുന്നതു ശീലമാക്കി.
അങ്ങനെ പത്ര കട്ടിംഗുകൾ ചുമരിൽ തൂക്കാൻ തുടങ്ങിയിട്ട് അരനൂറ്റാണ്ട് പിന്നിടുമ്പോൾ ചായക്കട വേറൊരു ലെവലായി. ഇന്ന് ആരും നോക്കിനിന്നു പോകുന്ന ആനകളുടെ ഗംഭീരചിത്രങ്ങളാൽ നിറഞ്ഞിരിക്കുകയാണ് ഈ ചായക്കട. 400ൽ അധികം ആന വിശേഷങ്ങളാണ് ഈ ചായക്കടയുടെ ചുമരുകളിൽ ഇടംപിടിച്ചിരിക്കുന്നത്. 1500ലധികം ആനച്ചിത്രങ്ങളുടെ ആൽബവും രാജുവിന്റെ വീട്ടിലുമുണ്ട്. ആനപ്രേമികളുടെ ഭാഷയിൽ ഈ ചായക്കട ചെറിയൊരു ആനമ്യൂസിയമാണ്.
ആനപ്പുറം അത്ര
വീടിനു സമീപമുള്ള ക്ഷേത്രത്തിലും പെരുവനം, ആറാട്ടുപുഴ പൂരങ്ങൾക്കുമായി 100ൽ അധികം ആനകൾ എത്തുമായിരുന്നു. ഇത്രയും ആനകളെ ഒന്നിച്ച് കാണുമ്പോൾ വലിയ ആവേശമായിരുന്നു. ആനകളുടെ ബ്ലാക്ക് & വൈറ്റ് ചിത്രങ്ങളിലും പത്രവാർത്തകളിലും തുടങ്ങിയ ആനച്ചിത്ര ശേഖരം ഇന്നു വലിയ ഒരു ഗാലറിയായി മാറിയിരിക്കുന്നു. ഇദ്ദേഹത്തിന്റെ ആനക്കമ്പം മനസിലാക്കി പലരും പുതിയ പുതിയ ആനച്ചിത്രങ്ങൾ ഇദ്ദേഹത്തിന് സമ്മാനിക്കാറുണ്ട്. ഒട്ടുമിക്ക ആനകളുടെ ചരിത്രവും കഥകളുമെല്ലാം രാജുവിനു മനഃപാഠം.
തൃശൂർ മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുന്ന ആനയുടെ വലിയ അസ്ഥികൂടം ചെങ്ങലൂർ രംഗനാഥിന്റേതാണ്. ചെങ്ങലൂർ രംഗനാഥിന്റെ മുതൽ പൂരപ്രേമികളുടെ ചങ്കായ തെച്ചിക്കോട്ട്കാവ് രാമചന്ദ്രന്റെ വരെ കളർ ചിത്രങ്ങൾ ചുമരുകളിലുണ്ട്. ഗുരുവായൂർ കേശവനും പരിവാരങ്ങളും ദൈവങ്ങളോടൊപ്പമാണ് ഈ ചുമരുകളിൽ സ്ഥാനം പിടിച്ചിരിക്കുന്നത്.
ആൾ വലിയ ആനപ്രേമിയെങ്കിലും ആദ്യമായും അവസാനമായും ആനപ്പുറത്ത് കയറിയത് എട്ടാം വയസിൽ തിരുവുള്ളക്കാവ് ക്ഷേത്രത്തിൽ വച്ചായിരുന്നു. അതും മണികണ്ഠൻ എന്ന ആനയുടെ പുറത്ത്. പിന്നീട് ഇന്നേ വരെ ഒരു ആനയുടെ പുറത്തും കയറണമെന്ന് ഈ ആനപ്രേമിക്കു തോന്നിയിട്ടില്ല. ആനയോടുള്ള ആരാധന കൂടി വരുമ്പോഴും ആനപ്പുറം രാജുവിന്റെ ആഗ്രഹമല്ല.
ഗജവീരൻമാരുടെ നടുവിൽ
ആനക്കടയിലേക്കു കയറുന്പോൾത്തന്നെ ഗുരുവായൂർ നന്ദനും പുതുപ്പള്ളി കേശവനും മലയാലപ്പുഴ രാജനും പാമ്പാടി രാജനുമാണ് നിങ്ങളെ സ്വാഗതം ചെയ്യുക. നിങ്ങൾ അകത്തു പ്രവേശിച്ചാൽ ഗുരുവായൂർ കേശവനും തിരുവമ്പാടി കേശവനും ഗോവിന്ദൻകുട്ടിയും തച്ചമ്പിള്ളി അരവിന്ദാക്ഷനും തുടങ്ങി തൃശൂർ പൂരത്തിനു കുടമാറ്റത്തിനെത്തുന്ന ഗജവീരൻമാരുടെ നടുവിലാണ് നിങ്ങൾ എത്തുക.
ഭക്ഷണം കഴിഞ്ഞു കൈകഴുകാനെത്തുമ്പോൾ വാഷ്ബേസിനോടു ചേർന്നുള്ള ചുമരുകളിൽ എടവനക്കാട് പരമേശ്വരനും കോന്നി സോമനും പുതുപ്പള്ളി അർജുനനും വാഴക്കാല കണ്ണനും ഓമല്ലൂർ നന്ദനും മുല്ലയ്ക്കൽ ബാലകൃഷ്ണനും പട്ടാമ്പി വിഷ്ണുവും തലയുയർത്തി നിൽക്കുന്നു.
കഴിച്ചതിന്റെ പണം നല്കാൻ എത്തുമ്പോൾ മേശപ്പുറം മുഴുവൻ ആനച്ചിത്രങ്ങളാണ്. കൂടാതെ ഈട്ടിത്തടിയിൽ തീർത്ത ആനയുടെ മുൻകാലും (രാജുവിന്റെ ആനപ്രേമം കണ്ട് തടിയിൽ ആനയുടെ രൂപം കൊത്തുന്ന ഒരു നാട്ടുകാരൻ സമ്മാനിച്ചതാണ് ഈ മുൻ കാൽ). എന്തിന് ഏറെ പറയണം പലഹാരങ്ങൾ വയ്ക്കുന്ന അലമാരയിൽ പോലും നിറയെ ആനച്ചിത്രങ്ങളാണ്.
ആനച്ചിത്രങ്ങളുടെ കലണ്ടറുകളും കടയിലുണ്ട്. ആ കലണ്ടറിന്റെ പുറം പേജുകൾ മാത്രം നോക്കി പോകാനൊരുങ്ങുന്നവർക്ക് ബാക്കി പുറങ്ങളിലെ ആനപ്പടങ്ങൾകൂടി കാട്ടിക്കൊടുത്താലെ രാജുവിനു തൃപ്തിവരൂ. ആന വിശേഷങ്ങൾ കാണാൻ ദൂരസ്ഥലങ്ങളിൽനിന്നു പോലും ആളുകൾ ഇവിടെ എത്താറുണ്ട്. ആനക്കഥ അറിയാതെ കടയിലെത്തുന്നവർ ഇതെല്ലാം കണ്ട് വിസ്മയിച്ചു നിൽക്കുന്നു.
നാരായണൻ - കമലം ദമ്പതികളുടെ മകനായ രാജുവിന്റെ ഭാര്യ സിനി. മക്കൾ: അർജുൻ രാജ്, അശ്വതി രാജ്. അച്ഛന്റെ ആനപ്രേമം അർജുനുമുണ്ട്. ആനക്കഥകൾ പറയാനും തത്പരൻ. രാഷ്ട്രീയ -സിനിമ മേഖലകളിലുള്ള പലരും ഈ വഴി കടന്നുപോകുന്പോൾ ആനക്കടയിലൊന്നു കയറാതെ പോവില്ല. രാജുവിന്റെ ചായക്കട അടഞ്ഞുകിടന്നാൽ അതിന്റെ അർഥം എവിടെയോ ഒരു ആന ചരിഞ്ഞിട്ടുണ്ടാകുമെന്ന് നാട്ടുകാർ പറയും.
അതേസമയം, ആനയോട് ഇടപെടുന്പോൾ അതിന്റേതായ ശ്രദ്ധവേണമെന്ന അഭിപ്രായവും ഈ ആനപ്രേമിക്കുണ്ട്. കാരണം, കാട്ടിൽ ജീവിക്കേണ്ട ജീവിയെ മനുഷ്യൻ മെരുക്കി എടുത്ത് ഒരു തോട്ടിക്കമ്പിൽ ചട്ടം പഠിപ്പിക്കുമ്പോഴും അതൊരു കാട്ടുമൃഗമാണെന്ന ബോധ്യം വിട്ടുകളയരുതെന്നാണ് രാജുവിന്റെ ഉപദേശം.
ആന്റണി ആറിൽചിറ
ചമ്പക്കുളം