നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജപ്പാനിൽ ഇങ്ങനെയൊരു ഹോട്ടലുണ്ട്. അവിടെ വരുന്നവർ കിട്ടുന്നതു സന്തോഷത്തോടെ കഴിച്ചു മടങ്ങുന്നു.
നിങ്ങൾ ഒരു ഹോട്ടലിൽ ചെന്ന് ഏറ്റവും ഇഷ്ടമുള്ള വിഭവം ഒാർഡർ കൊടുക്കുന്നു. അല്പം കഴിയുന്പോൾ വെയ്റ്റർ ആ വിഭവവുമായി വരുന്നു. എന്നിട്ട് നിങ്ങൾക്ക് തൊട്ടടുത്ത ടേബിളിൽ ഇരിക്കുന്നവർക്ക് അതു വിളന്പുന്നു. പ്രതീക്ഷയോടെ നിങ്ങൾ കാത്തിരിക്കവേ വെയ്റ്റർ വീണ്ടുമെത്തുന്നു.
നിങ്ങൾ ഒാർഡർ ചെയ്യാത്ത ഒരു വിഭവം നിങ്ങളുടെ ടേബിളിൽ വിളന്പുന്നു... എന്തായിരിക്കും നിങ്ങളുടെ പ്രതികരണം?... എന്നാൽ, ജപ്പാനിൽ ഇങ്ങനെയൊരു ഹോട്ടലുണ്ട്. അവിടെ വരുന്നവർ കിട്ടുന്നതു സന്തോഷത്തോടെ കഴിച്ചു മടങ്ങുന്നു.
നിങ്ങള്‍ ഇപ്പോഴുള്ളത് ഒരു റസ്റ്ററന്റിലാണെന്നു കരുതുക. നല്ല ചൂടു ചായയും പരിപ്പുവടയും ഓര്‍ഡര്‍ ചെയ്തു കാത്തിരിക്കുന്ന നിങ്ങള്‍ക്കു മുന്നിലേക്ക് ഇതാ എത്തുന്നു കട്ടന്‍ കാപ്പിയും കടലമിഠായിയും. ആ ദിവസത്തെ മൂഡ് ആകെ തകരാൻ അതു മാത്രം മതി എന്നു ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാകും.
ഒാർഡർ ചെയ്യാത്ത ഭക്ഷണമാണ് നമുക്കു കിട്ടുന്നതെങ്കിൽ നമ്മളിൽ ഏറെപ്പേരും ഹോട്ടലിലെ വെയ്റ്റർമാരുമായി ബഹളം കൂട്ടാനാണ് സാധ്യത. എന്നാല്‍, ഒന്നു മറിച്ചു ചിന്തിച്ചാലോ? ഭക്ഷണം വിളന്പിയ ആൾക്ക് പറ്റിയ ഒരു അബദ്ധമെന്നു കരുതി കിട്ടിയ ഭക്ഷണം ആസ്വദിക്കാൻ ശ്രമിച്ചാലോ? അതിത്തിരി ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണോ നിങ്ങൾ ചിന്തിക്കുന്നത്.
എങ്കിൽ നിങ്ങൾ കാണേണ്ടത് ജപ്പാനിലെ ഈ റസ്റ്ററന്റ് ആണ്. ഇവിടെ വരുന്ന പലർക്കും ലഭിക്കുന്നത് അവർ ഒാർഡർ ചെയ്യാത്ത ഭക്ഷണമാണ്. അതായത് നമ്മൾ ഒാർഡർ കൊടുത്താലും കിട്ടാൻ പോകുന്നത് എന്തു ഭക്ഷണമായിരിക്കുമെന്നതിൽ നമുക്കു യാതൊരു ഉറപ്പുമില്ല. ചിലപ്പോൾ നമ്മൾ ഒാർഡർ ചെയ്ത രുചികരമായ ഭക്ഷണം നമ്മുടെ അടുത്ത ടേബിളിൽ ഇരിക്കുന്നയാൾ കഴിക്കുന്നതു കാണേണ്ടിയും വരും.
അയാൾ ഒാർഡർ ചെയ്തിരുന്ന ഭക്ഷണമായിരിക്കും ചിലപ്പോൾ നമ്മൾക്കു കിട്ടുക. എങ്കിലും ഇവിടെ ആരും ബഹളം കൂട്ടാറില്ല. എന്നു മാത്രമല്ല, എന്തു ഭക്ഷണമാണ് കിട്ടാൻ പോകുന്നതെന്ന ത്രില്ലിലാണ് പലരും ഇവിടെ കയറുന്നതും. അതുകൊണ്ട് ഈ ഹോട്ടലിന്റെ പേരു തന്നെ "റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കണ്‍ ഓര്‍ഡേഴ്സ്' (തെറ്റിപ്പോയ ഒാർഡറുകളുടെ റസ്റ്ററന്റ്) എന്നാണ്.
ജീവിതവും പലപ്പോഴും അങ്ങനെയല്ലേ? നാം ആഗ്രഹിക്കുന്നതൊന്ന്. നമുക്കു ലഭിക്കുന്നതു മറ്റൊന്ന്. ചിലപ്പോള്‍ നമ്മള് ഏറെ ആഗ്രഹിച്ച ജീവിതം നമുക്കു മുന്നില്‍ മറ്റൊരാള്‍ ആസ്വദിക്കുന്നതു കണ്ടേക്കാം. അപ്പോള്‍ ഓര്‍ക്കുക നമ്മള് ആസ്വദിക്കുന്ന ജീവിതവും മറ്റാരോ ആഗ്രഹിച്ചതാവാം. കിട്ടുന്നതിന്റെ ത്രില്ലോടെ ആസ്വദിക്കുന്പോഴാണ് ജീവിതം രസകരമായി മാറുന്നത്. ഈ പ്രത്യയശാസ്ത്രമാണ് ജപ്പാനിലെ റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കണ്‍ ഓര്ഡേഴ്സിനെ ജനപ്രിയമാക്കുന്നത്.
ആർക്കും പരാതിയില്ല
ഗ്രില്‍ഡ് ഫിഷിന് ഓര്‍ഡര്‍ നല്കി കാത്തിരിക്കുന്ന നങ്ങള്‍ക്കു മുന്നിലേക്ക് എത്തുന്നത് നല്ല മധുരമുള്ള ഡെസേര്‍ട്ട് ആകും. ഡെസേര്‍ട്ട് കഴിക്കാനിരിക്കുന്നവര്ക്കു കിട്ടുന്നതോ സുഷിയോ സാന്വിച്ചോ. ഇതു വല്ലപ്പോഴും സംഭവിക്കുന്ന അബദ്ധമല്ല. ഇവിടെയെന്നും കാര്യങ്ങള്‍ ഇങ്ങനെയാണ്. ചിരിച്ച മുഖത്തോടെയെത്തി വെയ്റ്റര്‍ നമ്മുടെ തീൻമേശയില് വയ്ക്കുക നമ്മള് ഓര്‍ഡര്‍ ചെയ്ത ഭക്ഷണമാകണമെന്നു യാതൊരു നിർബന്ധവുമില്ല.
ലോകത്ത് മറ്റേതു റസ്റ്ററന്റിലായാലും രംഗം വഷളാകാന്‍ മറ്റെന്തെങ്കിലും വേണോ? പക്ഷേ, റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കണ്‍ ഓര്ഡേഴ്സിലേക്ക് ആളുകള്‍ എത്തുന്നത് ഈ തെറ്റുകള്‍ പ്രതീക്ഷിച്ചു തന്നെയാണ്. ഈ തെറ്റുകളാണ് ചിലരെയെങ്കിലും ഇവിടേയ്ക്ക് ആകര്‍ഷിക്കുന്നതും. ഭക്ഷണം കഴിക്കാനെത്തുന്നവരിൽ 100ൽ 99 പേരും സന്തോഷത്തോടെയാണ് റസ്റ്ററന്റൽനിന്നു മടങ്ങുന്നത്.
അതിഥികള്‍ നിറഞ്ഞ ചിരിയോടെ, നന്ദി പറഞ്ഞുകൊണ്ട് ലഭിക്കുന്ന ഭക്ഷണം കഴിക്കുന്നു. ഇവിടെ ആര്‍ക്കും പരാതികളോ പരിഭവങ്ങളോ ഇല്ല. മറിച്ച്, ഉള്ളതോ രുചിയൂറും ഭക്ഷണവും മനസു നിറയെ സ്നേഹവും. ശരാശരി 100ൽ 37 ഓർഡറുകൾ തെറ്റായാണ് വിളമ്പുന്നതെന്നാണ് കണക്ക്. അതേസമയം, നമ്മൾ തിരിച്ചറിയേണ്ടത് ഈ തെറ്റുകൾ ആരും മനപ്പൂർവം ഉണ്ടാക്കുന്നതല്ല എന്നതാണ്.
ഓര്‍മകള്‍ മറഞ്ഞവർ
ഒാർഡറുകൾ തെറ്റിച്ച് ആരാണ് ഈ റസ്റ്ററന്റിൽ കുഴപ്പമുണ്ടാക്കുന്നത്? വില്ലൻ ആൽസ്ഹൈമേഴ്സ് തന്നെ. ഒരു പൂവിന്റെ ഇതളുകള്‍ ഊര്‍ന്നുവീഴുന്നതുപോലെ നമ്മുടെ ഓര്‍മകള്‍ മാഞ്ഞു പോകുന്ന അവസ്ഥ. മുന്നില്‍നിന്നു പിന്നിലേക്ക് ഓര്‍മകള്‍ ഓടിത്തുടങ്ങും. പ്രിയപ്പെട്ടവരെപ്പോലും ഓര്‍ത്തെടുക്കാന്‍ കഴിയാതെ, ജീവിതത്തിലെ വിലയേറിയ നിമിഷങ്ങള്‍ പോലും മറന്നു ജീവിതം മുന്നോട്ടുനീങ്ങും. ഒടുവില്‍ എല്ലാം മറന്നുമറന്നു സ്വന്തം പേരു പോലും മറന്നു പോയേക്കാവുന്ന സങ്കടകരമായ അവസ്ഥയിലേക്കു വരെ മറവിരോഗം മനുഷ്യനെ കൊണ്ടെത്തിക്കുന്നു.
മറവിരോഗം മൂലം ജീവിതം മുന്നോട്ടു കൊണ്ടുപോകാനാകാതെ വിഷമിക്കുന്നവര്‍ക്കു താങ്ങാവുകയായിരുന്നു റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കണ്‍ ഓര്‍ഡേഴ്സ് ആരംഭിച്ചപ്പോള്‍ ഷിറോ ഒഗൂനി എന്ന ജാപ്പനീസ് ടെലിവിഷന്‍ ഡയറക്ടറുടെ ലക്ഷ്യം. അതില്‍ അദ്ദേഹം വിജയിച്ചു. 2017ല്‍ ടോക്കിയോയിലാണ് റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കണ്‍ ഓര്‍ഡേഴ്സ് പ്രവര്‍ത്തനം ആരംഭിച്ചത്. അന്ന് ഈ റസ്റ്ററന്റ് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. വർഷങ്ങൾക്കിപ്പുറവും വിജയകരമായി പ്രവർത്തിക്കുന്ന റസ്റ്ററന്റ് ഇപ്പോൾ സോഷ്യൽ മീഡിയയിലും ഇഷ്ടവിഭവമാണ്.
ആശ്രയമാകും ആശയം
ഷിറോ ഒഗൂനി എന്ന മുപ്പത്തിയെട്ടുകാരന്റെ മനസിലുദിച്ച ആശയമാണ് ഇന്നു ലോകമെമ്പാടും ചര്‍ച്ചയാകുന്ന റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കണ്‍ ഓര്‍ഡേഴ്സ്. ഒരിക്കല്‍ ഡിമെന്‍ഷ്യ ബാധിച്ചവരുടെ നഴ്സിംഗ് ഹോം സന്ദര്‍ശനത്തിനിടെ ബര്‍ഗര്‍ ഓര്‍ഡര്‍ ചെയ്ത ഒഗൂനിക്കു ലഭിച്ചത് മറ്റൊരു ഭക്ഷണമാണ്. ആദ്യം ഭക്ഷണം തിരികെ അയയ്ക്കണമെന്നു തോന്നിയെങ്കിലും ചെയ്തില്ല. കിട്ടിയതുകൊണ്ട് തൃപ്തനാകാന്‍ സാധിക്കണമല്ലോ എന്ന് അദ്ദേഹം പെട്ടെന്നു ചിന്തിച്ചു. അതു ഭക്ഷണം വിളമ്പിയ ആളോടും അയാളുടെ രോഗാവസ്ഥയോടും കാണിക്കുന്ന ബഹുമാനമായാണ് അദ്ദേഹം കണക്കാക്കിയത്.
“ വളരെയധികം തെറ്റിദ്ധരിക്കപ്പെടുന്ന അവസ്ഥയാണ് ഡിമെന്‍ഷ്യ. ഈ രോഗം ബാധിച്ച ഒരു വ്യക്തിക്ക് ഒന്നും സ്വയം ചെയ്യാനാവില്ലെന്നു ജനങ്ങള്‍ കരുതുന്നു, അവരെ സമൂഹം ഒരറ്റത്തേക്കു മാറ്റിനിര്‍ത്തുന്നു. അതില്‍ ഒരു മാറ്റം വരുത്തണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു. നിങ്ങള്‍ക്കു ലഭിക്കുന്ന ഭക്ഷണം നിങ്ങള്‍ ഓര്‍ഡര്‍ ചെയ്തത് അല്ലെങ്കിലും അതു സാരമില്ലെന്നു കരുതി കിട്ടുന്ന ഭക്ഷണം സന്തോഷത്തോടെ ആസ്വദിക്കാം.
ഭക്ഷണം വിളമ്പുന്നവരോട് അല്പം സ്നേഹവും കരുണയും കാണിക്കാം. അത് അവരുടെ ആത്മവിശ്വാസം കൂട്ടും.'' - ഒഗൂനി പറയുന്നു. റസ്റ്ററന്റ് ഓഫ് മിസ്റ്റേക്കണ്‍ ഓര്‍ഡേഴ്സ് എന്ന പേര് ഇതിന്റെ ലക്ഷ്യം ആളുകളിലേക്ക് എത്തിക്കാന്‍ ഒരു പരിധവരെ സഹായിക്കുന്നു.
ജോലിക്കുള്ള യോഗ്യത
ഈ റസ്റ്ററന്റില്‍ വെയ്റ്റര്‍ അഥവാ വെയ്റ്ററസായി ജോലി ലഭിക്കാന്‍ ഒരാള്‍ക്കു വേണ്ട യോഗ്യത അദ്ദേഹം ഡിമൻഷ്യ ബാധിതനാകണം എന്നതു മാത്രമാണ്. "ആവശ്യമായ പിന്തുണ ലഭിക്കുവോളം ഈ ജോലിക്കു തങ്ങള്‍ അര്‍ഹരാണെന്ന് ഇവിടത്തെ ജോലിക്കാര്‍ വിശ്വസിച്ചുവെന്നതുതന്നെ വലിയ കാര്യമാണ്്.’- ഒഗൂനി പറഞ്ഞു. അതേസമയം, ഭക്ഷണം വിതരണം ചെയ്യുന്നത് ഡിമെന്‍ഷ്യ ബാധിച്ചവരാണെങ്കിലും പാകം ചെയ്യുന്നത് മികവുറ്റ പാചകക്കാരാണ്. ഇവിടെ പാഴ്സൽ ലഭ്യമല്ല.
ഭക്ഷണം മാറിക്കിട്ടുന്നതിന്റെ ത്രിൽ ആസ്വദിക്കാൻതന്നെ പലരും ഇവിടേക്ക് എത്തുന്നുണ്ട്. ഒാരോ വർഷം കഴിയുന്തോറും റസ്റ്ററന്റിന്റെ പ്രശസ്തിയും വർധിച്ചുവരുന്നു. ഇവിടെ ഭക്ഷണം കഴിക്കുന്നതും ഒാർഡർ ചെയ്തപ്പോൾ കിട്ടിയ ഭക്ഷണം സെൽഫിയെടുക്കുന്നതുമൊക്കെ പലർക്കും ഹരമാണ്.
ഒഗൂനി പറയുന്നത്
2025ഓടെ 65 വയസോ അതിനു മുകളിലോ പ്രായമുള്ള, അഞ്ചില്‍ ഒരാള്‍ക്ക് ഡിമെന്‍ഷ്യ ബാധിച്ചേക്കുമെന്ന് ചില പഠനങ്ങള്‍ പറയുന്നു. ഏകദേശം അഞ്ചു ദശലക്ഷത്തോളം ജാപ്പനീസ് പൗരന്മാരെ ബാധിക്കുന്ന ഈ രോഗാവസ്ഥയെ തുടച്ചുനീക്കാനുള്ള ശ്രമത്തിലാണ് ജപ്പാനിലെ പൊതു-സ്വകാര്യ സംരംഭങ്ങള്‍. ജനസംഖ്യാനുപാതികമായി നോക്കിയാൽ ലോകത്തിൽ ഏറ്റവും കൂടുതൽ ഡിമെൻഷ്യ രോഗികളുള്ള രാജ്യംകൂടിയാണ് ജപ്പാൻ.
ലോകത്തെവിടെയും ആര്‍ക്കും ആരംഭിക്കാവുന്ന ഈ മാതൃകയെ ജനപ്രിയമാക്കുകയാണ് ഒഗൂനിയുടെ ലക്ഷ്യം. ഡിമെൻഷ്യയുടെ പിടിയിൽ കഴിയുന്നവരെ കൂടുതല്‍ സന്തുഷ്ടരും ഉത്സാഹഭരിതരുമായി സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കാന്‍ ഇത്തരം പദ്ധതികള്‍ സഹായകമാകുമെന്നും ഒഗൂനി പറയുന്നു.
അഞ്ജലി അനില്‍കുമാര്‍