ഇന്ത്യയിലെ ഏറ്റവും പുരാതനവും വിശ്രുതവുമായ ക്ഷേത്രങ്ങളിലൊന്നാണ് ഒഡീഷ പുരിയിലെ ജഗന്നാഥ ക്ഷേത്രം. ഹിന്ദുമതത്തിന്റെ അതിപ്രധാന തീര്‍ഥാടന കേന്ദ്രങ്ങളായി കണക്കാക്കുന്ന ചാര്ധാമങ്ങളിലൊന്നാണിത്.12-ാം നൂറ്റാണ്ടില്‍ ഗംഗാ രാജവംശത്തിലെ രാജാവായിരുന്ന അനന്തവര്‍മന്‍ ഷോഡഗംഗ ദേവനാണ് ഈ വിസ്മയ ക്ഷേത്രം പണികഴിപ്പിച്ചതെന്നു കരുതുന്നു. ചില പുരാതന ഗ്രന്ഥങ്ങളും ഐതിഹ്യങ്ങളും പറയുന്നപ്രകാരം വേദകാലഘട്ടത്തില്തന്നെ ഇവിടം പ്രസിദ്ധമാണ്.
ഭാരതീയ പുരാണങ്ങളിലെ ഇന്ദ്രദ്യുമ്നന് എന്ന രാജാവുമായി ബന്ധപ്പെട്ടതാണ് പുരി ജഗന്നാഥ ക്ഷേത്രത്തിന്റെ ഉത്ഭവകഥ. ഇന്ദ്രദ്യുമ്നന് മഹാവിഷ്ണുവിനെ ദര്‍ശിക്കാന്‍ ആഗ്രഹമുണ്ടായി. ദേവന് ഒരു നീലരത്നത്തിന്റെ രൂപത്തില്‍ രാജാവിനു മുമ്പാകെ പ്രത്യക്ഷപ്പെട്ടു. എന്നാല്‍, രാജാവ് പുറത്തു പോയി തിരികെയെത്തിയപ്പോള്‍ ദേവനെ കണ്ടില്ല. ദുഃഖിതനായ രാജാവ് പ്രാര്‍ഥനയില്‍ മുഴുകി, അപ്പോള്‍ ഒരു അശരീരി കേട്ടു. അതില്‍ താന്‍ ചില പ്രത്യേക അടയാളങ്ങളുള്ള ഒരു മരത്തടിയുടെ രൂപത്തില്‍ പ്രത്യക്ഷപ്പെടുമെന്നായിരുന്നു അശരീരി.
ഇന്നു ക്ഷേത്രം നില്ക്കുന്ന സ്ഥലത്തുനിന്ന് ഒരു വെള്ളപ്പൊക്കത്തില്‍ രാജാവിന് അത്തരമൊരു മരത്തടി ലഭിച്ചു. പ്രത്യേകതയുള്ള ഒരു വേപ്പിന്തടിയായിരുന്നു അത്. വിഗ്രഹങ്ങള്‍ നിർമിക്കാന്‍ തച്ചന്മാരെ വിളിച്ചുവരുത്തിയെങ്കിലും അവര്‍ക്കു മരത്തടി ഭേദിക്കാന്‍ കഴിഞ്ഞില്ല. പിന്നീട് എവിടെനിന്നോ ഒരു തച്ചന് വന്ന് വിഗ്രഹങ്ങള്‍ നിര്‍മിക്കാമെന്ന് അറിയിച്ചു.
പക്ഷേ, വിഗ്രഹങ്ങള്‍ പൂര്‍ത്തിയാക്കും വരെ ആരും തന്റെ സമീപത്തു വരാന്‍ പാടില്ലെന്ന് ഒരു നിബന്ധന വച്ചു. മരത്തടിയുമായി മുറിയില്‍ കയറി വാതിലടച്ച തച്ചനെ ഏറെ നാള് കഴിഞ്ഞിട്ടും പുറത്തു കാണാഞ്ഞതിനെത്തുടര്‍ന്ന് 15-ാം നാള് രാജാവ് മുറി തുറക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍, മുറി തുറന്നപ്പോള്‍ ആരുമുണ്ടായിരുന്നില്ല. പകരം കണ്ടതാവട്ടെ പൂര്‍ത്തിയാകാത്ത മൂന്നു വിഗ്രഹങ്ങളും. ജഗന്നാഥന്, ബലഭദ്രന്, സുഭദ്ര എന്നിവരുടെ വിഗ്രഹങ്ങളായിരുന്നു അത്. തച്ചനായി വന്നത് മഹാവിഷ്ണു തന്നെയായിരുന്നുവെന്നാണ് ഐതിഹ്യം.
ഗോപുരം ലോകപ്രശസ്തം
ഇന്ദ്രദ്യുമ്ന രാജാവ് തുടക്കം കുറിച്ച ക്ഷേത്രത്തിന്റെ അന്തിമരൂപം അനന്തവര്‍മന്‍ ഷോഡഗംഗ ദേവന് പൂര്‍ത്തിയാക്കി. കലിംഗ വാസ്തുവിദ്യയുടെ പ്രൗഢി വിളംബരം ചെയ്യുന്ന ക്ഷേത്രത്തിന്റെ 214 അടി ഉയരമുള്ള ഗോപുരം ലോകപ്രശസ്തമാണ്. ശ്രീകോവില്‍, ജഗമോഹന്‍, നടാ മന്ദിര്‍, ഭോഗമന്ദിര് എന്നിവയാണ് ക്ഷേത്രത്തിന്റെ പ്രധാന ആകര്ഷണങ്ങള്. 4,00,000 ചതുരശ്ര അടി വിസ്തീര്‍ണം വരുന്ന ബൃഹത്തായ ക്ഷേത്ര കോംപ്ലക്സിനെ ചുറ്റി മേഘനാഥ പച്ചേരി എന്ന പേരുള്ള, 20 അടി ഉയരമുള്ള മതിലുമുണ്ട്.
പുരിയിലെ രഥയാത്ര ആഗോള പ്രസിദ്ധമാണ്. വിഗ്രഹങ്ങളെ ഭീമാകാര രഥങ്ങളില്‍ എഴുന്നള്ളിക്കുന്ന ചടങ്ങില്‍ പങ്കെടുക്കാന്‍ ലക്ഷക്കണക്കിന് ആളുകൾ ഇവിടേക്ക് ഒഴുകിയെത്തുന്നു. ദൈവം ഭക്തരെ സന്ദര്‍ശിക്കുന്നതിന്റെ പ്രതീകമാണ് ഈ രഥയാത്ര. എല്ലാ 12-19 വര്‍ഷങ്ങള്‍ക്കിടയിലും നടത്തപ്പെടുന്ന ഒരു അനുഷ്ഠാനമാണ് നളകുബേര. തടിയില്‍ തീര്‍ത്ത പുരിയിലെ വിഗ്രഹങ്ങള്‍ മാറ്റി പുതിയ വിഗ്രഹങ്ങള്‍ പ്രതിഷ്ഠിക്കുന്ന ചടങ്ങാണിത്. പ്രത്യേക അടയാളങ്ങളുള്ള വേപ്പ് മരമാണ് വിഗ്രഹത്തിനായി തെരഞ്ഞെടുക്കുന്നത്.
ഇസ്ലാമിക അധിനിവേശക്കാരില്‍നിന്നു പലതവണ ക്ഷേത്രത്തിന് ആക്രമണം നേരിടേണ്ടിവന്നു. 16-ാം നൂറ്റാണ്ടില്‍ ബംഗാളിലെ സുല്‍ത്താന്റെ സൈന്യാധിപനായ കാലാഹാദില്നിന്നുള്ള ആക്രമണമായിരുന്നു ഇതില്‍ ഏറ്റവും വലുത്. തകര്‍ച്ച നേരിട്ടെങ്കിലും കാലാകാലങ്ങളില്‍ രാജാക്കന്മാരും വിശ്വാസികളും ക്ഷേത്രത്തിന്റെ പുനര്‍നിര്‍മാണം നടത്തിപ്പോന്നു.
ബ്രിട്ടീഷ് കാലഘട്ടത്തിലും ക്ഷേത്രം സുഗമമായി പ്രവര്‍ത്തിച്ചു. ക്ഷേത്രത്തിന്റെ ഭരണപരമായ കാര്യങ്ങളില്‍ ബ്രിട്ടീഷുകാര്‍ ഇടപെട്ടില്ലെങ്കിലും തീര്‍ഥാടന കേന്ദ്രങ്ങള്‍ക്ക് അവര്‍ നികുതി ചുമത്തിയിരുന്നു. അതേസമയം, രഥയാത്ര അവര്‍ക്കൊരു അദ്ഭുതമായിരുന്നു.
ഭീമൻ അടുക്കള/b>
ആനന്ദബസാര്‍ എന്ന പേരിലറിയപ്പെടുന്ന ക്ഷേത്രത്തിന്റെ അടുക്കള ലോകത്തിലെതന്നെ ഏറ്റവും വലിയ അടുക്കളകളിലൊന്നാണ്. ഇവിടെ പാകം ചെയ്യപ്പെടുന്ന ഭക്ഷണം മഹാപ്രസാദം എന്നറിയപ്പെടുന്നു. 56 വിഭവങ്ങളാണിത്. ഇതും ക്ഷേത്രത്തെ ലോകപ്രശസ്തമാക്കുന്നതില് ഒരു പങ്ക് വഹിക്കുന്നു.
ഒഡീഷ സര്‍ക്കാരിന്റെ ശ്രീ ജഗന്നാഥ് ടെംപിള്‍ അഡ്മിനിസ്ട്രേഷനാണ്(എസ്ജെടിഎ) ക്ഷേത്രത്തിന്റെ ഭരണനിര്‍വഹണം. ഒരു തീര്‍ഥാടന കേന്ദ്രം എന്നതിലുപരി ഇന്ത്യയുടെ സാംസ്കാരിക ഐക്യത്തിന്റെ പ്രതീകം കൂടിയാണ് ജഗന്നാഥ ക്ഷേത്രം. juggernaut എന്ന വാക്ക് ഉരുത്തിരിഞ്ഞതുതന്നെ ജഗന്നാഥനില് നിന്നാണ്. 'തടയാന്‍ പറ്റാത്ത ശക്തി' എന്നാണ് ഈ ഇംഗ്ലീഷ് വാക്കിന്റെ അര്‍ഥം.
അജിത് ജി. നായർ