പുതുവർഷത്തിലെ പ്രഥമ ആഴ്ചയിൽ ദുബായ് ട്രിപ്പ്. ഒരു മാസത്തോളം ഗൾഫ് പ്രോഗ്രാം. അതു കഴിഞ്ഞാൽ, നേരെ അമേരിക്കയിലേക്ക്. മാർച്ചിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലാണ് പരിപാടികൾ. നാടൻപാട്ട് പാടി രാജ്യങ്ങൾ കീഴടക്കുകയാണ് പ്രസീത...
നാടൻ പാട്ട് താരം പ്രസീത ചാലക്കുടിക്കും അവരുടെ മ്യൂസിക് ട്രൂപ്പിനും പുതുവർഷത്തിൽ തിരക്കോടു തിരക്ക്! പുതുവർഷത്തിലെ പ്രഥമ ആഴ്ചയിൽ ദുബായ് ട്രിപ്പ്. ഒരു മാസത്തോളം ഗൾഫ് പ്രോഗ്രാം. അതു കഴിഞ്ഞാൽ, നേരെ അമേരിക്കയിലേക്ക് പറക്കും. മാർച്ചിൽ യൂറോപ്പിലെ വിവിധ രാജ്യങ്ങളിലാണ് പരിപാടികൾ. അതും കഴിഞ്ഞേ ഇനി കേരളത്തിൽ തിരിച്ചെത്തൂ!
പാട്ടു സംഘത്തോടൊപ്പം ദുബായിലേക്കു പുറപ്പെടുന്നതിനു തൊട്ടുമുമ്പ്, ശ്രോതാക്കളോടു ചില വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് കേരളത്തിലെ ഏറ്റവും പ്രശസ്തയായ ഫോക് ലോർ ഗായിക...
2025ൽ ഗംഭീര തുടക്കം
കൊറോണ കൊണ്ടുപോയ മൂന്നു വർഷങ്ങൾക്കൊടുവിൽ വൻ തിരിച്ചുവരവാണു ഞങ്ങൾ 2023ൽ നടത്തിയത്. നിത്യച്ചെലവിനു പോലും കാശില്ലാതെ വലഞ്ഞ മഹാമാരിക്കാലത്തിനു ശേഷം ഗ്രൂപ്പിലെ കലാകാരന്മാരെല്ലാം ഒത്തുകൂടി ശരിക്കും ചിന്തിച്ചു, പ്രവർത്തിച്ചു.
ഞങ്ങൾ 18 പേർ ചേർന്നു "പതി ഫോക് ബാൻഡി'നു രൂപം നൽകി. കോവിഡുകാലത്തെ പട്ടിണി ദിനങ്ങളിൽ നിന്നാണ് അതിനായി അധ്വാനിക്കാനുള്ള ഊർജം കിട്ടിയത്. ഈ 2025 പുതുവർഷത്തിൽ ഗംഭീരതുടക്കമാണ് ഞങ്ങൾക്കു ലഭിച്ചിരിക്കുന്നത്.
സ്റ്റേജിൽ "പവർപായ്ക്ക്' ആയി മാറേണ്ടവരാണ് നാടൻ പാട്ടുകാർ. ഉച്ചത്തിലും ഊർജമെടുത്തും പാടേണ്ടവയും ആടേണ്ടവയുമാണ് നാടൻ പാട്ടുകൾ. അതിനാൽത്തന്നെ നല്ല ഊർജ്വസ്വലരായിരിക്കണം. ആലാപനവും അകമ്പടി വാദ്യവും തമ്മിലാണ് മത്സരം. ഞങ്ങളുടെ ബാൻഡ് "പതി'ക്ക് ജനുവരി ഒന്നു മുതൽ നല്ല തിരിക്കാണ്.
കേട്ടു വളർന്നു
എന്റെ അച്ഛനും അമ്മയും നാടൻപാട്ടുകാരാണ്. മുത്തച്ഛനും മുതുമുത്തച്ഛനും ഈ രംഗത്തു തന്നെ ഉള്ളവരായിരുന്നു. പൂർവികരെല്ലാം നാടൻപാട്ടിന്റെ ഉപാസകരുമായിരുന്നു. സ്വാഭാവികമായും ഞാൻ കേട്ടുണർന്നതും കേട്ടുറങ്ങിയതും നാടൻപാട്ടുകളാണ്.
ഓരോ പ്രദേശത്തുമുള്ളവർ താന്താങ്ങളുടെ ജീവിത യാഥാർഥ്യങ്ങളും സാമൂഹിക ആചാരങ്ങളും തൊഴിൽ വിഷയങ്ങളും മറ്റും നാട്ടുഭാഷയിൽ ആലപിച്ചപ്പോഴാണ് നാടൻപാട്ടുകൾ പിറവികൊണ്ടത്. എന്നാൽ, ഈ ഗാനശാഖയുടെ ആരംഭം എങ്ങനെയായിരുന്നെന്നോ ആരെല്ലാമായിരുന്നു ആചാര്യരെന്നോ വ്യക്തമായി പറയാൻ കഴിയില്ല. വരികൾക്കു ഭാഷയുടെ നിയമങ്ങളോ ആവിഷ്കരണത്തിനു സംഗീതത്തിന്റെ അളവുകോലുകളോ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നുമില്ല.
മണ്ണിന്റെ മണം
വായ്മൊഴിയാൽ ലഭിച്ച ഗാനം ഇമ്പമുള്ളൊരു ശീലിൽ പാടി, മണ്ണിന്റെ മണമുള്ള ചെറിയൊരു കഥ പറയുകയാണ് പാടുന്നയാൾ. ചരിത്രാതീതകാലം മുതൽ വായ്മൊഴി രൂപത്തിൽ നിലനിന്നു പോരുന്നവയാണ് ഉറക്കുപാട്ടുകൾ മുതൽ ഓണപ്പാട്ടുകൾ വരെയുള്ള നാടൻ പാട്ടുകൾ.
ഇതൊന്നുമല്ലാത്ത പ്രമേയങ്ങളുമായെത്തി, ജനപ്രിയമായി മാറിയ നാടൻ പാട്ടുകളുമുണ്ട്. ഓരോ സമയത്തും നാട്ടിൽ നടക്കുന്ന സംഭവങ്ങളുടെ ഹാസ്യ അവതരണങ്ങൾ മുതൽ ഗൗരവമുള്ള ചില ചരിത്ര സത്യങ്ങൾ വരെ നാടൻ പാട്ടുകളായി പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്.
മണിച്ചേട്ടന്റെ (കലാഭവൻ മണി) പ്രശസ്ത ഗാനം, "ചാലക്കുടി ചന്തയ്ക്കു പോകുമ്പോൾ ചന്ദന ചോപ്പുള്ള മീൻകാരി പെണ്ണിനെ കണ്ടേ ഞാൻ...' എന്നതും കരുനിർത്തലിനെ ഇതിവൃത്തമാക്കി ജിതേഷ് ചേട്ടൻ (ജിതേഷ് കക്കടിപ്പുറം) പാടിയ "പാലോം പാലോം നല്ല നടപ്പാലം...' എന്നു തുടങ്ങുന്ന ചിന്തോദ്ദീപകമായ ഗാനവും ഒന്നാം തരം ഉദാഹരണങ്ങളാണ്.
മണിയും ജിതേഷും
ഒരു സ്ത്രീയെ ജീവനോടെ കുഴിയിലിറക്കി, അവളുടെ തലയിൽ പാലത്തിന്റെ തൂൺ പടുത്തുയർത്തുന്നതാണ് കരുനിർത്തൽ. പാലത്തിന്റെ തൂണുകൾക്കു കരുത്തു കിട്ടണമെങ്കിൽ പെണ്ണിന്റെ ചോര വീഴണമെന്നായിരുന്നു ഒരു കാലത്തെ വിശ്വാസം! ആരെല്ലാമോ ആദ്യം എഴുതുകയും പാട്ടിന്റെ അവതരണ കാലഘട്ടങ്ങളിൽ, മറ്റു കുറെ പേർ പുത്തൻ വരികൾ പഴയ ഗാനത്തിന്റെ കൂടെ ചേർക്കുകയും ചെയ്യുന്നു.
നാടൻ പാട്ടുകളുടെ പരിണാമവും വികാസവും സാധാരണയായി ഈ രീതിയിലാണ്. എന്നാൽ, മണിച്ചേട്ടന്റെയും ജിതേഷ് ചേട്ടന്റെയും മിക്ക മാസ്റ്റർപീസുകളും പൂർണമായും അവർതന്നെ രചിച്ചു, അവർതന്നെ ആലപിച്ചവയാണ്. അവർ രണ്ടു പേരുടെയും ജീവൻ ദുർവിധി അകാലത്തു കവർന്നെടുത്തു.
അവരുടെ ഗാനങ്ങൾ പല വേദികളിലും ഞാനിന്ന് ആലപിക്കുന്നു. ഫോക് ലോർ എന്നതു മനുഷ്യ സംസ്കാരമാണ്! എനിക്കു മറ്റൊരു തൊഴിലിൽ ഏർപ്പെടാൻ താല്പര്യമില്ല.
ഈ വിഷയത്തിലെ ഗവേഷക (പിഎച്ച്ഡി) വിദ്യാർഥിനിയുമാണു ഞാൻ. ഫോക് ലോറിൽ ബിരുദാനന്തര ബിരുദവും പിജി ഡിപ്ലോമയും എംഫിലും നേടിയിട്ടുണ്ട്. കഴിഞ്ഞ വർഷം കേരള സംഗീത നാടക അക്കാദമി അവാർഡും അതിനു മുമ്പ് ഒട്ടനവധി ജനപ്രിയ പുരസ്കാരങ്ങളും തേടിയെത്തി.
ആദ്യത്തെ പാട്ട്
കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂർ ചന്ദ്രശേഖരനാണ് ആദ്യത്തെ പാട്ടിനുള്ള വരികൾ തയാറാക്കിയത്. "നിന്നെക്കാണാൻ എന്നെക്കാളും ചന്തം തോന്നും കുഞ്ഞിപ്പെണ്ണേ, എന്നിട്ടെന്തേ നിന്നെക്കെട്ടാൻ ഇന്നുവരെ വന്നില്ലാരും...' എന്നു തുടങ്ങുന്ന പ്രശസ്ത നാടൻ പാട്ടിൽ, പുതിയ വരികൾ അദ്ദേഹം എഴുതിച്ചേർത്തു.
പഴയ വരികൾ വ്യത്യാസപ്പെടുത്തുകയും ചെയ്തു. ഈ ഗാനം പലരും ആലപിച്ചിട്ടുണ്ടെങ്കിലും ഞാനിതു വേദികളിൽ അവതരിപ്പിക്കാൻ തുടങ്ങിയപ്പോൾ ആസ്വാദകരിൽ ഒരു പ്രത്യേക ആവേശമാണ് കാണാനായത്. നടീനടന്മാർ അഭിനയിച്ചുകൊണ്ടുള്ള രംഗാവിഷ്കാരങ്ങളും ഈ പാട്ടിനു വേണ്ടി ചെയ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, പാട്ടിലെ കഥാപാത്രമായി പ്രേക്ഷകർ എന്നെ കാണുന്നതുകൊണ്ടായിരിക്കാം, ഈ ഗാനം ആലപിച്ച ഗായികയെന്ന ഒരു സ്ഥാനം എനിക്കു തരുന്നതും.
തന്നെ വിവാഹം ചെയ്യാൻ ആരും വന്നില്ലെങ്കിലും, പാടത്തു പണിയെടുത്തു ജീവിക്കുമെന്നൊരു പ്രത്യാശയാണ് ഗായിക ശ്രോതാക്കൾക്കു നല്കുന്നത്. 'എന്നെക്കാണാൻ വരുന്നോരുക്ക് പൊന്നു വേണം പണവും വേണം...' എന്ന വരിക്കു ശേഷം, 'മണ്ണും നോക്കി പൊന്നും നോക്കി എന്നെക്കെട്ടാൻ വന്നില്ലേലും, അരിവാളോണ്ടു ഏൻ കഴിയും' എന്ന വരി എനിക്കുവേണ്ടി ചന്ദ്രുവേട്ടൻ ചേർത്തതാണ്.
മലയാളികൾ അധികമുള്ള ഏകദേശം എല്ലാ ഇന്ത്യൻ പട്ടണങ്ങളിലും ഞാൻ ഈ ഗാനം പാടിയിട്ടുണ്ട്. സിനിമാ ഗാനങ്ങൾക്ക് ആധിപത്യമുളള സദസുകളിൽ പോലും, ഈ പാട്ടു പാടണമെന്നു പ്രേക്ഷകർ ആവശ്യപ്പെട്ടു. ക്രമേണ "നിന്നെക്കാണാൻ എന്നെക്കാളും...' ജനകീയമാക്കിയ ഗായികയായി ഞാൻ അറിയപ്പെടാൻ തുടങ്ങി.
പ്രകമ്പനം കൊള്ളിച്ച പാട്ട്
"കേൾക്കണോ പ്രിയ കൂട്ടരേ, അവൾ കൊഞ്ചിപ്പറഞ്ഞ കഥ...' എന്നു തുടങ്ങുന്ന ഫാസ്റ്റ് നമ്പറാണ് പ്രേക്ഷകരെ ഏറ്റവും പ്രകമ്പനം കൊള്ളിച്ച നാടൻപാട്ട്. ശ്രോതാക്കളിൽ കട്ട ആവേശം ജനിപ്പിക്കുന്ന താളവും മേളവും പ്രമേയവുമാണല്ലൊ ഈ പാട്ടിന്.
ഗായകർക്കും ശ്രോതാക്കൾക്കും ഒരുമിച്ചു പാടി നൃത്തം ചെയ്യാം. രാജ്യത്തും വിദേശങ്ങളിലും ശ്രോതാക്കളെ കോരിത്തരിപ്പിച്ച ഗാനം! ലണ്ടൻ, പാരീസ്, സ്വിറ്റ്സർലൻഡ് മുതലായ പത്തുപതിനഞ്ചു യൂറോപ്യൻ കേന്ദ്രങ്ങളിലും സൗദി ഒഴിച്ചുള്ള ഗൾഫു രാജ്യങ്ങളിലും ഞങ്ങൾ ഈ പാട്ടുമായി പോയിട്ടുണ്ട്.
'കേൾക്കണോ, പ്രിയ കൂട്ടരേ...' ആരംഭിച്ചാൽ, എല്ലാം മറന്നു ഞങ്ങൾക്കൊപ്പം നൃത്തം ചെയ്യുന്ന മലയാളികളെയാണ് അവിടെയൊക്കെ കാണാൻ സാധിച്ചത്! നാടിനെക്കുറിച്ച് ഏറ്റവും അനുഭാവത്തോടെ മലയാളികൾ ഓർക്കുന്നത് നാടൻ പാട്ടുകൾ കേൾക്കുമ്പോൾ തന്നെയാണെന്നതിന്റെ സാക്ഷ്യപത്രവുമാണ് ഈ ഗാനം.
മറ്റു പല നാടൻ പാട്ടുകളിലും ശോകത്തിന്റെ പോറലുകളുണ്ട്, എന്നാൽ, 'കൊച്ചിക്കാരി കൊഞ്ചി കൊഞ്ചി പറഞ്ഞ കഥ' പലർക്കും ഉള്ളിൽ കുളിരുകോരുന്നൊരു അനുഭവമാണ്. ഈ പാട്ടു ആഹ്ളാദത്തോടെ നല്കുന്നതു ബാല്യകാല സ്മരണകളും ഗൃഹാതുരത്വവും ചേർന്നെത്തുന്നൊരു അനുഭൂതിയാണ്!
മറ്റു നാടൻ ഹിറ്റുകൾ
മണിച്ചേട്ടന്റെയും ജിതേഷ് ചേട്ടന്റെയും ഫേവറേറ്റ് നമ്പറുകളും അതുപോലെയുള്ള മറ്റു പ്രശസ്ത ഗാനങ്ങളും ശ്രോതാക്കൾ ആവശ്യപ്പെടുമ്പോൾ പാടാറുണ്ട്. മണിച്ചേട്ടന്റെ സൂപ്പർഹിറ്റ് ഗാനം, 'ബാലേട്ടൻ മോളല്ലേടി, നിന്നെ ഞാൻ ബാല്യത്തിൽ കണ്ടതല്ലേ...' എന്നതു പാടാൻ പതിവായി പ്രേക്ഷകർ ആവശ്യപ്പെടാറുണ്ട്.
"ഓളുള്ളേരി ഓളുള്ളേരി മാണി നങ്കെരേ...'
ഏറ്റവും ജനപ്രിയ മാധ്യമമായ സിനിമയിൽ നാടൻപാട്ടുകൾ നിർബന്ധമായിക്കൊണ്ടിരിക്കുന്നൊരു കാലത്താണ് നാം ഇന്നു ജീവിക്കുന്നത്. "അജഗജാന്തരം' എന്ന സിനിമയിൽ ഞാൻ പാടിയ 'ഓളുള്ളേരി ഓളുള്ളേരി മാണി നങ്കെരേ'യാണോ, അതോ അടുത്ത കാലത്തിറങ്ങിയ ഏതെങ്കിലും നാടനല്ലാത്ത (Non-traditional) ഗാനമാണോ കൂടുതൽ ഇഷ്ടമെന്നു സംഗീതപ്രേമികളോടൊന്നു ചോദിച്ചുനോക്കൂ! കണ്ണൂർ-കാസർഗോഡ് ജില്ലകളിൽ വ്യാപിച്ചുകിടക്കുന്ന ആദിവാസി വിഭാഗമായ മാവിലരുടെ പരമ്പരാഗത ഗീതമാണിത്. മലയാളമല്ലാത്തൊരു നാടൻപാട്ടു കേരളത്തിൽ മുമ്പൊരിക്കലും ഇത്രയും പ്രശസ്തമായിട്ടില്ല!
ക്ലാസിക്കലിന്റെ മാതാവ്
ഒരുപാടു നിയമാവലികൾ അനുസരിച്ചു പാടേണ്ടതാണ് ശാസ്ത്രീയ സംഗീതം. അല്ലെങ്കിൽ, രാഗത്തിന്റെയും താനത്തിന്റെയും പല്ലവിയുടെയും ചട്ടക്കൂടിൽ ഒതുങ്ങി നിൽക്കേണ്ടി വരുന്നുണ്ട് ക്ലാസിക്കൽ, സെമി-ക്ലാസിക്കൽ നമ്പറുകൾക്കെല്ലാം.
എന്നാൽ, മനുഷ്യന്റെ ഉല്പത്തി മുതലുള്ള അവന്റെ സ്വതന്ത്രമായ താളബോധമാണ് നാടൻപാട്ടുകൾക്ക് ആധാരം! അതിന്റെ ആഴവും പരപ്പും ക്ലാസിക്കൽ ചുവയുള്ളവയ്ക്കു ലഭിക്കില്ല. ക്ലാസിക്കലിൽ കാണുന്ന എല്ലാ ഈണങ്ങളും നാടൻ പാട്ടുകളിൽ കണ്ടെത്താനും കഴിയും. അതിനാൽ, നാടൻപാട്ടുകളാണു ശാസ്ത്രീയ സംഗീതത്തിന്റെ മാതാവ് എന്നാണു എന്റെ അഭിപ്രായം.
കുടുംബ പശ്ചാത്തലം
ചാലക്കുടിയിൽനിന്ന് അതിരപ്പിള്ളിയിലേക്കു പോകുന്ന പാതയിലുള്ള ഹരിജൻ കോളനിയിലായിരുന്നു താമസം. ഇപ്പോൾ കുന്നംകുളത്തിനടുത്തുള്ള പെരുമ്പിലാവിൽ പുതിയ വീടുവച്ചു. വള്ളിയും ഉണ്ണിയും മാതാപിതാക്കൾ. നാടൻപാട്ട് കലാകാരനായ ഭർത്താവ് മനോജ് പെരുമ്പിലാവ് എന്റെ പ്രചോദനം. മകൻ കാളിദാസിനു പതിനൊന്നു വയസ്.
വിജയ് സിയെച്ച്