പൂജപ്പുര രവിക്ക് നിറകണ്ണുകളോടെ വിട; സംസ്കാരം കഴിഞ്ഞു
Tuesday, June 20, 2023 4:44 PM IST
തിരുവനന്തപുരം: നടൻ പൂജപ്പുര രവിയ്ക്ക്(86) വിട ചൊല്ലി മലയാളസിനിമ ലോകം. ഇന്ന് രാവിലെ തൈക്കാട് ശാന്തികവാടത്തിലായിരുന്നു സംസ്കാരം. മറയൂരിലെ മകളുടെ വീട്ടിൽ ഞായറാഴ്ചയായിരുന്നു രവിയുടെ അന്ത്യം.
തുടർന്ന് ഞായറാഴ്ച രാത്രിയോടെ പൂജപ്പുരയിലെ വീട്ടിലെത്തിച്ച മൃതദേഹം അവസാനമായി കാണാൻ കലാ-സാംസ്കാരിക-രാഷ്ട്രീയ മേഖലകളിൽ നിന്നും നിരവധി പേരാണ് എത്തിയത്. ഭാര്യ: പരേതയായ തങ്കമ്മ. മക്കൾ: ലക്ഷ്മി, ഹരികുമാർ.
എം. രവീന്ദ്രൻ നായർ എന്നായിരുന്നു പൂജപ്പുര രവിയുടെ യഥാർഥ പേര്. നിരവധി രവീന്ദ്രമാരും രവി വർമമാരും അക്കാലത്ത് നാടകങ്ങളിൽ ഉള്ളതിനാൽ കലാനിലയം കൃഷ്ണൻ നായരാണ് അദ്ദേഹത്തിന്റെ പേര് പൂജപ്പുര രവി എന്ന് മാറ്റിയത്. ഹാസ്യ നടനായും സ്വഭാവ നടനായും മലയാള സിനിമയിൽ തിളങ്ങിയ രവി തന്റേതായ ഇടം സിനിമയിൽ കണ്ടെത്തിയിരുന്നു.
ഏഴാം ക്ലാസ് വിദ്യാർഥിയായിരിക്കെ ആകാശവാണിയുടെ റേഡിയോ നാടകത്തിൽ അഭിനയിക്കാൻ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ് അഭിനയത്തിലുള്ള തന്റെ താൽപര്യം രവി തിരിച്ചറിയുന്നത്. പിന്നീട് ആകാശവാണി ബാലലോകം നാടകങ്ങളിൽ സ്ഥിരം ശബ്ദസാന്നിധ്യമായി.
എസ്.എൽ. പുരം സദാനന്ദന്റെ ‘ഒരാൾകൂടി കള്ളനായി’ എന്ന നാടകത്തിൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചതാണ് രവിയുടെ അഭിനയ ജീവിതത്തിന് വഴിത്തിരിവായത്.
പതിനൊന്നാം ക്ലാസിൽ പഠിക്കുന്പോഴായിരുന്നു ഇത്. അധ്യാപകരുൾപ്പെടെയുള്ളവരിൽ നിന്നും അഭിനയത്തിന് മികച്ച പ്രതികരണം ലഭിച്ചതോടെ രവി തന്റെ മുന്നോട്ടുള്ള വഴിയിൽ കലയെ ഒപ്പം കൂട്ടി.
അഭിനയത്തിലേക്കെന്ന ദൃഢനിശ്ചയത്തിൽ രവി മദ്രാസിലേക്ക് വണ്ടി കയറി. എന്നാൽ വേണ്ടത്ര സിനിമകളോ അവസരങ്ങളോ ലഭിക്കാതെ തിരികെ കേരളത്തിലേക്ക് മടങ്ങേണ്ടി വന്നു.
തുടർന്ന് തിരുവനന്തപുരം കലാനിലയത്തിലെ നാടകവേദികളിൽ സജീവമായി. കായംകുളം കൊച്ചുണ്ണി, രക്തരക്ഷസ് തുടങ്ങിയ നാടകങ്ങളിലെ വേഷങ്ങൾ ഏറെ ശ്രദ്ധിക്കപ്പെട്ടു.
അഞ്ചുപതിറ്റാണ്ടോളം സിനിമയിൽ സജീവമായിരുന്ന രവിയ്ക്ക് വിവിധ തലമുറയിലെ നടൻമാർക്കൊപ്പം അഭിനയിക്കാൻ സാധിച്ചു. സത്യൻ, നസീർ, മധു, ജയൻ, മമ്മൂട്ടി, മോഹൻലാൽ, പൃഥ്വിരാജ്, ടൊവീനോ തുടങ്ങി എല്ലാവർക്കുമൊപ്പം അഭിനയിച്ചു.
1976ൽ ഹരിഹരൻ സംവിധാനം ചെയ്ത അമ്മിണി അമ്മാവൻ എന്ന ചിത്രമാണ് സിനിമയിലേക്കുള്ള വഴി തുറന്നത്. പിന്നീട് നിരവധി ചിത്രങ്ങൾ. പ്രിയദർശൻ ചിത്രങ്ങളിലെല്ലാം തന്നെ പ്രധാനവേഷങ്ങളിൽ രവിയുണ്ടായിരുന്നു. 2016ൽ പുറത്തിറങ്ങിയ ഗപ്പി എന്ന ചിത്രത്തിലാണ് ഒടുവിൽ അദ്ദേഹം അഭിനയിച്ചത്.
പൂജപ്പുരയിൽ നിന്നും മകളുടെ മറയൂരിലെ വീട്ടിലേക്ക് യാത്ര പറഞ്ഞിറങ്ങിയപ്പോൾ അത് വലിയ വാർത്തയായിരുന്നു. മകനും കുടുംബവും അയർലൻഡിലേക്ക് സ്ഥിരതാമസത്തിനായി പോയപ്പോഴാണ് മകൾക്കൊപ്പം താമസം മാറാൻ രവി തീരുമാനിച്ചത്.