എംപോക്സ്: മലപ്പുറത്തെ യുവാവിന്റെ സമ്പര്‍ക്ക പട്ടികയില്‍ 30 പേര്
Thursday, September 19, 2024 12:07 PM IST
വണ്ടൂര്‍: മലപ്പുറം ജില്ലയില്‍ എംപോക്സ് സ്ഥിരീകരിച്ച യുവാവിന്റെ സമ്പര്‍ക്ക പട്ടികയിലുള്ളത് 30 പേര്. ഇവരില്‍ 23 പേര് കേരളത്തില്‍ നിന്നുള്ളവരാണ്. ബാക്കിയുള്ള ഏഴുപേര്‍ വിദേശത്താണ്. സമ്പര്‍ക്കപട്ടികയിലുള്ളവര്‍ നിരീക്ഷണത്തില്‍ തുടരുകയാണ്.
മലപ്പുറം ഒതായി സ്വദേശിയായ 38കാരനാണ് കഴിഞ്ഞദിവസം എംപോക്സ് സ്ഥിരീകരിച്ചത്. ചിക്കന്‍പോക്സിന് സമാനമായ ലക്ഷങ്ങളും പനിയുമായാണ് യുവാവ് ചികിത്സ തേടിയത്. സംശയം തോന്നിയ ഡോക്ടര്‍ സാമ്പിള്‍ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.
ഈ മാസം 13ന് ആണ് ഇയാള്‍ യുഎഇയില്‍ നിന്നും നാട്ടിലെത്തിയത്. നിലവില്‍ രോഗിയുടെ നില തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. പ്രതിരോധ പ്രവര്‍ത്തനങ്ങളുള്‍പ്പടെ ഏകോപിപ്പിക്കാന്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് മലപ്പുറത്ത് എത്തിയിട്ടുണ്ട്. ആരോഗ്യവകുപ്പ് ഇന്ന് യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തും.
മറ്റ് രാജ്യങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഉള്‍പ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യര്‍ഥിച്ചു. എംപോക്സ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആശങ്ക വേണ്ട, എന്നാല്‍ ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി വ്യക്തമാക്കി.