വിദ്യാര്‍ഥികളെ കുരുക്കിലാക്കി സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍; കോഴിക്കോട്ട് അറസ്റ്റിലായത് നാലു കുട്ടികള്‍
സ്വന്തം ലേഖകന്‍
Thursday, September 19, 2024 3:04 PM IST
കോഴിക്കോട്: കേരളത്തിൽ സൈബർ തട്ടിപ്പുകാരുടെ വലയിൽ വീഴുന്നതു നൂറുകണക്കിനു വിദ്യാർഥികൾ. വിദ്യാര്‍ഥികളെ ഉപയോഗിച്ച് ബാങ്ക് അക്കൗണ്ട് എടുപ്പിക്കുകയും തുടർന്ന് സൈബര്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അക്കൗണ്ടിലേക്കു മാറ്റിയശേഷം കൈക്കലാക്കുകയുമാണു സൈബർ കവർച്ചക്കാരുടെ രീതി.
സംസ്ഥാനത്തിനകത്തും പുറത്തുമായി നടത്തുന്ന ഓണ്‍ലൈന്‍ തട്ടിപ്പുവഴി കൈക്കലാക്കിയ കോടികള്‍ സമാഹരിക്കുന്നതിനായാണു കേരളത്തിലെ വിദ്യാര്‍ഥികളെ ഉത്തരേന്ത്യന്‍ സംഘങ്ങള്‍ ബലിയാടാക്കുന്നത്. നിശ്ചിതതുക വാഗ്ദാനം നല്കിയണ് വിദ്യാര്‍ഥികളെയും യുവാക്കളെയും വലയിൽ വീഴ്ത്തുന്നത്.
കോഴിക്കോട് വടകരയില്‍നിന്നു നാലു വിദ്യാര്‍ഥികളെ ഇത്തരം തട്ടിപ്പില്‍ ഭാഗമായതിനു കഴിഞ്ഞ ദിവസം മധ്യപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തതോടയാണു സംഭവം പുറത്തറിഞ്ഞത്. വിദ്യാര്‍ഥികളെ കൊണ്ട് ബാങ്ക് അക്കൗണ്ട് എടുപ്പിച്ച് സൈബര്‍ തട്ടിപ്പിലൂടെ ലഭിക്കുന്ന പണം അക്കൗണ്ടിലേക്കു കൈമാറുന്നതാണ് രീതി.
അക്കൗണ്ട് എടുത്തു നല്കിയാല് 5,000 മുതല്‍ 10,000 രൂപ വരെയാണ് നല്‍കുക. തുടര്‍ന്ന് അക്കൗണ്ടിലൂടെ കൈമാറുന്ന തുകയ്ക്കു കമ്മീഷനും ലഭിക്കും. അക്കൗണ്ടിലേക്കു വരുന്ന പണം മറ്റൊരു അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു നല്‍കലാണ് ജോലി.
കോടതിയില്‍ ഹാജരാക്കിയ നാലു പേരെയും മധ്യപ്രദേശിലേക്കു കൊണ്ടുപോയി. ഓണ്‍ലൈന്‍ വഴി പണം നഷ്പ്പെട്ടവര്‍ മധ്യപ്രദേശ് പോലീസിനു നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തില്‍ കേരളത്തില്‍ നിന്നുള്ളവരുടെ അക്കൗണ്ടുകളിലേക്കാണ് പണം എത്തിയതെന്നു കണ്ടെത്തിയത്.