ജമ്മു കാഷ്മീരിൽ മൂന്ന് മുതിർന്ന നേതാക്കളെ സസ്പെൻഡ് ചെയ്ത് ബിജെപി
Thursday, September 19, 2024 5:47 AM IST
ശ്രീനഗർ: ജമ്മു കാഷ്മീർ നിയമസഭ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥികൾക്കെതിരെ മത്സരിച്ചതിന് മൂന്ന് മുതിർന്ന നേതാക്കളെ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്ത് ബിജെപി. സംസ്ഥാന വൈസ് പ്രസിഡന്റ് പവൻ ഖജൂറിയയേയും ബൽവൻ സിംഗിനെയും നരിന്ദർ സിംഗ് ബാവുനേയുമാണ് സസ്പെൻഡ് ചെയ്തത്.
സുനിൽ സേതിയുടെ നേതൃത്വത്തിലുള്ള അച്ചടക്കസമിതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ സസ്പെൻഡ് ചെയ്തത്. ഖജൂറിയയും ബൽവൻ സിംഗും ഉദ്ദംപുർ ഈസ്റ്റ് മണ്ഡലത്തിലാണ് പാർട്ടി സ്ഥാനാർഥിക്കെതിരെ മത്സരിച്ചത്. ഖജൂറിയ സ്വതന്ത്രനായും ബൽവൻ സിംഗ് നാഷനൽ പാന്തേഴ്സ് പാർട്ടി സ്ഥാനാർഥിയുമായിട്ടാണ് ജനവിധി തേടിയത്.
ആർ.എസ് .പതാനിയയാണ് ഉദ്ദംപുർ ഈസ്റ്റിലെ ബിജെപി സ്ഥാനാർഥി. ചന്പ് മണ്ഡലത്തിൽ സ്വതന്ത്രനായാണ് നരിന്ദർ സിംഗ് ബാവു പാർട്ടി സ്ഥാനാർഥിക്കെതിരെ മത്സരിക്കുന്നത്. രാജീവ് കുമാറാണ് ചന്പിലെ പാർട്ടിയുടെ ഔദ്യോഗിക സ്ഥാനാർഥി.