ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണം: യുഎന്‍ പ്രമേയം പാസായി; ഇന്ത്യ വിട്ടുനിന്നു
Thursday, September 19, 2024 9:46 AM IST
ജനീവ: പലസ്തീന് പ്രദേശങ്ങളിലെ അധിനിവേശം ഒരുവര്‍ഷത്തിനകം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്ന പ്രമേയം ജനറല്‍ അസംബ്ലിയില്‍ പാസായി. പലസ്തീനാണ് പ്രമേയം അവതരിപ്പിച്ചത്. ഒരുവര്‍ഷത്തിനകം അധിനിവേശ പലസ്തീന് പ്രദേശങ്ങളില്‍നിന്ന് ഇസ്രയേല്‍ പിന്മാറണമെന്നാണ് ആവശ്യം.
പ്രമേയത്തിന് അനുകൂലമായി 124 വോട്ടുകള്‍ ലഭിച്ചു. എതിര്‍ത്ത് 14 വോട്ടുകളുണ്ടായി. ഇന്ത്യയടക്കം 43 രാജ്യങ്ങള്‍ വിട്ടുനിന്നു. ഓസ്ട്രേലിയ, കാനഡ, ജര്‍മനി, ഇറ്റലി, നേപ്പാള്‍, യുക്രെയ്ന്, യുണൈറ്റഡ് കിംഗ്ഡം തുടങ്ങിയ രാജ്യങ്ങള്‍ വിട്ടുനിന്നവരില്‍ ഉള്‍പ്പെടുന്നു.
പ്രമേയത്തെ എതിര്‍ത്തവരില്‍ ഇസ്രയേലും അമേരിക്കയും ഉള്‍പ്പെടുന്നു. "ഇസ്രയേലിന്റെ നിയമസാധുത തകര്‍ക്കാന്‍ രൂപകല്‍പ്പന ചെയ്ത മറ്റൊരു രാഷ്ട്രീയപ്രേരിത നീക്കം' എന്നാണ് യുഎന്നിലെ ഇസ്രായേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍ അഭിപ്രായപ്പെട്ടത്.
പ്രമേയം സമാധാനത്തിനത്തിന് പകരം മേഖലയിലെ സംഘര്‍ഷങ്ങള്‍ വര്‍ധിപ്പിക്കാനിടയാക്കും എന്ന് യുഎസ്എ ആശങ്ക പ്രകടിപ്പിച്ചു.