മൂന്നാംദിനവും ക്ഷീണിച്ച് സ്വർണം; പവന് കുറഞ്ഞത് 200 രൂപ
Thursday, September 19, 2024 11:38 AM IST
കൊച്ചി: സംസ്ഥാനത്ത് ഓണക്കാലത്ത് കുതിച്ചുപാഞ്ഞ സ്വർണം റിവേഴ്സ് ഗിയറിൽ. ഒരു ഇടവേളയ്ക്ക് ശേഷം തിങ്കളാഴ്ച 55,000 കടന്ന് കുതിച്ച സ്വര്ണവിലയാണ് തുടർച്ചയായ മൂന്നാംദിനവും താഴേക്കു പോയത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 15 രൂപ കുറഞ്ഞ് 5,665 രൂപയിലും പവന് 120 രൂപ കുറഞ്ഞ് 45,320 രൂപയിലുമെത്തി.
ഇന്ന് പവന് 200 രൂപയും ഗ്രാമിന് 25 രൂപയുമാണ് കുറഞ്ഞത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 54,600 രൂപയിലും ഗ്രാമിന് 6,825 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 10 രൂപ കുറഞ്ഞ് 5,690 രൂപയിലെത്തി.
സെപ്റ്റംബർ തുടക്കത്തില്‍ 53,360 രൂപയായിരുന്നു സ്വര്‍ണവില. ഇത് തന്നെയാണ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരവും. തുടര്‍ന്ന് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്. ഓണത്തിനു മുമ്പായി ഒറ്റയടിക്ക് 1,000 രൂപയോളമാണ് വര്‍ധിച്ചത്. 11 ദിവസത്തിനിടെ ഏകദേശം 1,700 രൂപ വര്‍ധിച്ച് 55,000 രൂപ കടന്ന് മുന്നേറിയ സ്വര്ണവിലയാണ് പിന്നീട് താഴേക്കുപോയത്. മൂന്ന് ദിവസത്തിനിടെ 440 രൂപയാണ് കുറഞ്ഞത്.
സംസ്ഥാനത്തെ വെള്ളിവിലയിലും ഇന്ന് കുറവുണ്ട്. ഒരു ഗ്രാം വെള്ളിക്ക് 95.90 രൂപയാണ് വില. എട്ടു ഗ്രാമിന് 767.20 രൂപ,10 ഗ്രാമിന് 959 രൂപ, ഒരു കിലോഗ്രാമിന് 95,900 രൂപ എന്നിങ്ങനെയാണ് നിരക്കുകൾ.