തിരുവനന്തപുരം: അന്തരിച്ച ചലച്ചിത്ര നടൻ പൂജപ്പുര രവിയുടെ സംസ്കാരം ചൊവ്വാഴ്ച നടക്കും. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം.

ഞായറാഴ്ച രാത്രിയിൽ മറയൂരിലെ വീട്ടിൽ നിന്നും അദ്ദേഹത്തിന്‍റെ ഭൗതികശരീരം തിരുവനന്തപുരത്തെ വീട്ടിലെത്തിച്ചു. പിന്നീട് മൃതദേഹം സ്വകാര്യാശുപത്രി മോർച്ചറിയിലേക്ക് മാറ്റുകയായിരുന്നു.

അയർലൻഡിലുള്ള മകൻ ഹരികുമാറും കുടുംബവും ഇന്ന് വൈകുന്നേരത്തോടെ നാട്ടിലെത്തും. മകൻ എത്തിയ ശേഷമാകും ചടങ്ങുകൾ. നാളെ രാവിലെ പൂജപ്പുരയിലെ വീട്ടിലും പിന്നീട് ഭാരത് ഭവനിലും പൊതുദർശനത്തിന് ശേഷമായിരിക്കും സംസ്കാരം.

അഞ്ച് പതിറ്റാണ്ടിലേറെ കാലം മലയാള സിനിമയിൽ നിറഞ്ഞ് നിന്നിരുന്ന വ്യക്തിത്വത്തിനുടമയാണ് പൂജപ്പുര രവി. 650 ൽപരം സിനിമകളിൽ ഹാസ്യതാരമായും സ്വഭാവനടനായും അദ്ദേഹം അഭിനയിച്ചിരുന്നു.

പ്രേംനസീറിന്‍റെ കാലം മുതൽ ചലച്ചിത്ര രംഗത്തെത്തിയ അദ്ദേഹം സിനിമയിലെത്തുന്നതിന് മുൻപ് നാടക നടനായിരുന്നു. കലാനിലയം കൃഷ്ണൻ നായരായിരുന്നു പൂജപ്പുര രവിയെ മലയാള സിനിമാ രംഗത്തേക്ക് എത്തിച്ചത്.