ഇന്ത്യയെ ഞെട്ടിച്ച് ലങ്ക
Monday, May 5, 2025 2:26 AM IST
കൊളംബോ: ത്രിരാഷ്ട്ര വനിതാ ഏകദിന ക്രിക്കറ്റില്‍ ഇന്ത്യയെ മൂന്നു വിക്കറ്റിനു ശ്രീലങ്ക തോല്‍പ്പിച്ചു. ഇന്ത്യ മുന്നോട്ടുവച്ച 276 റണ്‍സ് എന്ന ലക്ഷ്യം അഞ്ച് പന്തുകള്‍ ബാക്കിവച്ച് ആതിഥേയര്‍ സ്വന്തമാക്കി. 33 പന്തില്‍ 56 റണ്‍സ് നേടിയ ലങ്കയുടെ നിലാക്ഷി ഡിസില്‍വയാണ് പ്ലെയര്‍ ഓഫ് ദ മാച്ച്. സ്കോര്‍: ഇന്ത്യ 50 ഓവറില്‍ 275/9. ശ്രീലങ്ക 49.1 ഓവറില്‍ 278/7. ഇന്ത്യക്കെതിരേ ലങ്കയുടെ ഏറ്റവും ഉയര്‍ന്ന റണ്‍ ചേസിംഗാണിത്.
ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ഇന്ത്യക്കുവേണ്ടി ആറാം നമ്പര്‍ ബാറ്റര്‍ റിച്ച ഘോഷ് (48 പന്തില്‍ 58) ടോപ് സ്കോററായി. ജമീമ റോഡ്രിഗസ് (46 പന്തില്‍ 37), പ്രതീക റാവല്‍ (39 പന്തില്‍ 35) എന്നിവരും ഇന്ത്യക്കുവേണ്ടി ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു. സ്മൃതി മന്ദാനയ്ക്കു (28 പന്തില്‍ 18) തിളങ്ങാന്‍ സാധിച്ചില്ല. ശ്രീലങ്കയ്ക്കുവേണ്ടി നിലാക്ഷിക്കൊപ്പം ഹര്‍ഷിത സമരവിക്രമയും (61 പന്തില്‍ 53) അര്‍ധസെഞ്ചുറി നേടി.
കവിഷ ദില്‍ഹരിയും (32 പന്തില്‍ 35) തിളങ്ങി. ഇന്ത്യയുടെ സ്നേഹ് റാണ 45 റണ്‍സ് വഴങ്ങി മൂന്നു വിക്കറ്റ് വീഴ്ത്തി. ഏഴിന് ദക്ഷിണാഫ്രിക്കയ്ക്കെതിരേയാണ് പരമ്പരയില്‍ ഇന്ത്യയുടെ അവസാന മത്സരം. നിലവില്‍ നാലു പോയിന്റുമായി ഇന്ത്യയും ശ്രീലങ്കയുമാണ് ആദ്യ രണ്ടു സ്ഥാനങ്ങളില്‍.