മയക്കുമരുന്ന്: റബാഡയ്ക്കു സസ്പെന്ഷന്
Sunday, May 4, 2025 12:20 AM IST
അഹമ്മദാബാദ്: മയക്കുമരുന്ന് ഉപയോഗത്തെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താരം കഗിസൊ റബാഡയ്ക്കു വിലക്ക്. ഐപിഎല്‍ ട്വന്റി-20 ക്രിക്കറ്റില്‍ ഗുജറാത്ത് ടൈറ്റന്‍സിന്റെ താരമായിരുന്നു പേസ് ബൗളറായ റബാഡ.
ഏപ്രില്‍ മൂന്നിനു റബാഡ ഗുജറാത്ത് ടൈറ്റന്‍സിന്റെ ക്യാമ്പില്‍നിന്ന് വ്യക്തിപരമായ കാരണങ്ങളാല്‍ സ്വദേശത്തേക്കു മടങ്ങിയിരുന്നു. മയക്കുമരുന്ന് ഉപയോഗിച്ചതിനാലായിരുന്നു ഐപിഎല്ലില്‍നിന്നു പിന്മാറിയതെന്ന് റബാഡ ഇന്നലെ പുറത്തിറക്കിയ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
ജനുവരി-ഫെബ്രുവരിയില്‍ നടന്ന ദക്ഷിണാഫ്രിക്കന്‍ ട്വന്റി-20 ലീഗിലാണ് റബാഡ മയക്കു മരുന്ന് ഉപയോഗിച്ചതെന്നാണ് റിപ്പോര്‍ട്ട്. മുംബൈ കേപ് ടൗണിന്റെ കളിക്കാരനായിരുന്നു റബാഡ.
10.75 കോടി രൂപയ്ക്കായിരുന്നു ഗുജറാത്ത് ടൈറ്റന്‍സ് 2025 മെഗാ താരലേലത്തില്‍ റബാഡയെ സ്വന്തമാക്കിയത്. ഇരുപത്തൊമ്പതുകാരനായ റബാഡ 2025 ഐപിഎല്ലില്‍ ഗുജറാത്തിനായി രണ്ടു മത്സരങ്ങളില്‍നിന്ന് രണ്ടു വിക്കറ്റ് മാത്രമേ നേടിയുള്ളൂ.