മാൾദീനി 3.0
Wednesday, October 16, 2024 1:12 AM IST
ടൂറിൻ: അസൂറി ഫുട്ബോൾ മാൾദീനി കുടുംബകാര്യം എന്നു പറഞ്ഞാൽ തെറ്റില്ല... കാരണം, ഇറ്റാലിയൻ ദേശീയ ഫുട്ബോൾ ജഴ്സിയിൽ മാൾദീനി കുടുംബത്തിലെ മൂന്നാം തലമുറക്കാരനും അരങ്ങേറി.
യുവേഫ നേഷൻസ് ലീഗ് ഗ്രൂപ്പ് രണ്ടിൽ ഇസ്രയേലിനെതിരായ മത്സരത്തിൽ ഇറ്റലിക്കുവേണ്ടി ഡാനിയേൽ മാൾദീനി അരങ്ങേറ്റം നടത്തി. ഇതോടെയാണ് മാൾദീനി കുടുംബത്തിന്റെ മൂന്നാം തലമുറയും അസൂറി ജഴ്സിയണിഞ്ഞത്.
ഇറ്റാലിയൻ നഗരമായ ഉഡിനെയിൽ അരങ്ങേറിയ മത്സരത്തിൽ ആതിഥേയർ 3-1ന് ഇസ്രയേലിനെ കീഴടക്കി. മത്സരം കാണാൻ ഡാനിയേൽ മാൾദീനിയുടെ പിതാവ് പൗളൊ മാൾദീനി ഗാലറിയിലുണ്ടായിരുന്നു. പൗളൊ മാൾദീനി ഇറ്റലിക്കുവേണ്ടി 126 മത്സരങ്ങളിൽ ഇറങ്ങിയിട്ടുണ്ട്. 1988ലായിരുന്നു പൗളൊ ഇറ്റലിക്കായി അരങ്ങേറിയത്. പൗളൊ മാൾദീനിയുടെ പിതാവ് സീസർ മാൾദീനി, 14 രാജ്യാന്തര മത്സരങ്ങൾ കളിച്ചു. 1960ലായിരുന്നു സീസറിന്റെ രാജ്യാന്തര അരങ്ങേറ്റം.
ഇരുപത്തിമൂന്നുകാരനായ ഡാനിയേൽ മാൾദീനി, തന്റെ പിതാവിന്റെയും മുത്തച്ഛന്റെയും പിൻഗാമിയായി ഇറ്റാലിയൻ സീരി എ ക്ലബ്ബായ എസി മിലാനുവേണ്ടിയും കളിച്ചിട്ടുണ്ട്. മത്സരം അവസാനിക്കാൻ 16 മിനിറ്റ് ശേഷിക്കേ പകരക്കാരുടെ ബെഞ്ചിൽനിന്നാണ് അറ്റാക്കിംഗ് മിഡ്ഫീൽഡറായ ഡാനിയേൽ മൈതാനത്തെത്തിയത്.
ജിയോവാനി ഡി ലോറെൻസോയുടെ (54’, 79’) ഇരട്ടഗോൾ ബലത്തിലാണ് ഇറ്റലി 4-1ന്റെ ജയം സ്വന്തമാക്കിയത്. റെറ്റെഗുയിയുടെ (41’) പെനാൽറ്റി ഗോളിൽ ഇറ്റലി ആദ്യം ലീഡ് നേടി. ഡേവിഡ് ഫ്രാറ്റെസിയും (72’) അസൂറികൾക്കുവേണ്ടി ഒരു ഗോൾ സ്വന്തമാക്കി. മുഹമ്മദ് അബു ഫനിയുടെ (66’) വകയായിരുന്നു ഇസ്രയേലിന്റെ ഏകഗോൾ. ഗ്രൂപ്പ് രണ്ടിൽ നാലു മത്സരങ്ങളിൽനിന്ന് 10 പോയിന്റുമായി ഇറ്റലി ഒന്നാം സ്ഥാനത്തു തുടരുന്നു.
ഫ്രാൻസ്, ജർമനി
ബ്രസൽസ്: യുവേഫ നേഷൻസ് ലീഗ് ഫുട്ബോളിലെ വന്പൻ പോരാട്ടങ്ങളിൽ ഫ്രാൻസിനും ജർമനിക്കും ജയം. ഫ്രാൻസ് എവേ പോരാട്ടത്തിൽ 2-1നു ബെൽജിയത്തെ കീഴടക്കി. ഹോം മത്സരത്തിൽ ജർമനി 1-0നു നെതർലൻഡ്സിനെയും മറികടന്നു.
ഗ്രൂപ്പ് രണ്ടിൽ റാൻഡൽ കൊളൊ മാനിയുടെ ഇരട്ട ഗോളിന്റെ (35’ പെനാൽറ്റി, 62’) ബലത്തിലായിരുന്നു ഫ്രാൻസിന്റെ ജയം. ലൂയിസ് ഒപെൻഡയിലൂടെ (45+3’) ബെൽജിയം ഒരു ഗോൾ മടക്കി.
76-ാം മിനിറ്റ് മുതൽ ഫ്രാൻസിന്റെ അംഗബലം ചുവപ്പുകാർഡിനെത്തുടർന്നു പത്തായി. എന്നാൽ, അതു മുതലാക്കാൻ ആതിഥേയർക്കു സാധിച്ചില്ല. ഗ്രൂപ്പ് രണ്ടിൽ 10 പോയിന്റുള്ള ഇറ്റലിക്കു പിന്നിൽ രണ്ടാം സ്ഥാനത്താണ് ഫ്രാൻസ്, ഒന്പതു പോയിന്റ്.
ഗ്രൂപ്പ് മൂന്നിൽ ജാമി ലെവെല്ലിംഗിന്റെ (64’) ഏകഗോളിലാണ് ജർമനി നെതർലൻഡ്സിനെ കീഴടക്കിയത്. മത്സരത്തിന്റെ ഭൂരിഭാഗം സമയവും നെതർലൻഡ്സിന്റെ (52%) നിയന്ത്രണത്തിലായിരുന്നു പന്ത്. ഗ്രൂപ്പ് മൂന്നിൽ ജർമനി (പത്ത് പോയിന്റ്) ഒന്നാമതും നെതർലൻഡ്സ് (അഞ്ച്) രണ്ടാമതുമാണ്.