അടുത്ത ലക്ഷ്യം ടെസ്റ്റ്: സഞ്ജു
Wednesday, October 16, 2024 1:12 AM IST
തിരുവനന്തപുരം: അന്താരാഷ്ട്ര മത്സരങ്ങളിൽ ചില കളികൾ മോശമായി വരുന്പോൾ അടുത്ത മത്സരങ്ങളിൽ സമ്മർദമുണ്ടാകുമെന്ന് ഇന്ത്യൻ ക്രിക്കറ്റർ സഞ്ജു സാംസണ്.
“ചെറിയ ചെറിയ പരന്പരകളിലാണു കളിച്ചത്. അതിനെ മറികടന്ന് എങ്ങനെ മികച്ച പ്രകടനം നടത്താമെന്നതാണ് ചിന്ത. ആത്മവിശ്വാസമാണു സമ്മർദത്തെ മറികടക്കാൻ സഹായിക്കുന്നത്. ടെസ്റ്റ് ക്രിക്കറ്റിലും ശ്രദ്ധ വേണമെന്ന സന്ദേശം ഇന്ത്യൻ ടീം മാനേജ്മെന്റ് നൽകിയിട്ടുണ്ട്.
ടെസ്റ്റ് കളിക്കാൻ കഴിയുമെന്ന വിശ്വാസമുണ്ട്. മൂന്നു ഫോർമാറ്റും കളിക്കാൻ തയാറാണ്. ഇന്ത്യൻ ക്രിക്കറ്റിൽ വലിയ മാറ്റം വന്നുകഴിഞ്ഞു. ഇപ്പോൾ ടെസ്റ്റിലും അതിവേഗ ഇന്നിംഗ്സുകൾ സാധാരണമാകുന്നുണ്ട്” - സഞ്ജു പറഞ്ഞു.
ബംഗ്ലാദേശുമായുള്ള ട്വന്റി-20 മത്സരങ്ങൾക്കുശേഷം നാട്ടിലെത്തിയ സഞ്ജു സാംസണ് മാധ്യമങ്ങളുമായി സംസാരിക്കവേയാണു ടെസ്റ്റ് കളിക്കാനുള്ള ആഗ്രഹവും പ്രകടിപ്പിച്ചത്.
ബംഗ്ലാദേശുമായുള്ള ട്വന്റി 20 മത്സരത്തിൽ സെഞ്ചുറി നേടിയശേഷം മസിൽ കാട്ടിയുള്ള ആഘോഷം മുൻകൂട്ടി നിശ്ചയിച്ചതല്ല. ഡ്രസിംഗ് റൂമിലെ സഹതാരങ്ങളുടെ ആവശ്യപ്രകാരം സംഭവിച്ചതാണ്. വലിയ ചിന്തയൊന്നും ഇല്ലാതെയാണ് അന്ന് അഞ്ചു സിക്സറുകളും അടിച്ചത്. അന്നു പവർ പ്ലേയിൽ മികച്ച തുടക്കം കിട്ടി. 30 അടിച്ചപ്പോൾ അർധശതകത്തിനായിരുന്നു ശ്രമം.
പിന്നീടു 90ൽ എത്തിയപ്പോൾ ഒരു ഷോട്ട് മിസായെന്നും ഉടൻതന്നെ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് അടുത്തെത്തി നോക്കിക്കളിക്കണമെന്നും സെഞ്ചുറി അർഹിക്കുന്നുണ്ടെന്നും ഓർമിപ്പിച്ചു.
സെഞ്ചുറി നേടിയപ്പോൾ ക്യാപ്റ്റന്റെ ആഘോഷം തന്റെ സന്തോഷം ഇരട്ടിയാക്കിയെന്നും സഞ്ജു പറഞ്ഞു. ടെൻഷൻ വേണ്ട, നിന്റെ കൂടെ ഞാൻ ഉണ്ടെന്നു പറയുന്ന ക്യാപ്റ്റനാണു സൂര്യകുമാർ യാദവ്. പരിശീലകൻ ഗൗതം ഗംഭീറിനെയും അഭിനന്ദിക്കാൻ സഞ്ജു മറന്നില്ല.
നീ നന്നായി കളിക്കു; ഞങ്ങൾ എല്ലാവരും നിന്റെ കൂടെയുണ്ട് എന്നാണ് ഗംഭീർ പറയുന്നതെന്നും സഞ്ജു പറഞ്ഞു.
ബാറ്റിംഗ് പൊസിഷൻ എന്നത് ഇപ്പോൾ പ്രശ്നമല്ല. ഒന്നുമുതൽ ആറുവരെ സ്ഥാനങ്ങളിൽ കളിക്കാൻ കഴിയും. രഞ്ജിയിൽ എവിടെ കളിക്കണമെന്നതു പരിശീലകനുമായി ആലോചിച്ചു തീരുമാനിക്കുമെന്നും സഞ്ജു പറഞ്ഞു.