ഇന്ത്യ x ബംഗ്ലാദേശ് രണ്ടാം ട്വന്റി-20 ഇന്നു രാത്രി ഏഴിന്
Wednesday, October 9, 2024 12:41 AM IST
ന്യൂഡൽഹി: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് ക്രിക്കറ്റ് പരന്പര നേട്ടത്തിനു പിന്നാലെ ട്വന്റി-20യും സ്വന്തമാക്കാൻ ടീം ഇന്ത്യ കളത്തിൽ. ഇരുടീമും തമ്മിലുള്ള രണ്ടാം ട്വന്റി-20 ഡൽഹിയിലെ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ഇന്നു രാത്രി ഏഴിന് നടക്കും. ഗ്വാളിയറിൽ നടന്ന ആദ്യ ട്വന്റി-20യിൽ ഇന്ത്യ ഏഴു വിക്കറ്റിനു ജയിച്ചിരുന്നു.
യുവ ഇന്ത്യ
ഋഷഭ് പന്ത്, അക്സർ പട്ടേൽ, ജസ്പ്രീത് ബുംറ തുടങ്ങിയ പ്രമുഖരുടെ അഭാവത്തിലാണ് ഇന്ത്യ ബംഗ്ലാദേശിനെതിരായ ട്വന്റി-20 പരന്പരയ്ക്കിറങ്ങിയത്. നിതീഷ് കുമാർ റെഡ്ഡി, തിലക് വർമ, മായങ്ക് യാദവ് എന്നിങ്ങനെ നീളുന്ന യുവതാരങ്ങളിൽ ഇന്ത്യയുടെ ഭാവി ശോഭനമാണെന്നു തെളിയിക്കുന്നതായിരുന്നു ആദ്യ ട്വന്റി-20യുടെ ഫലം.
ഇന്ത്യയുടെ ഭാവി പേസ് ഓൾറൗണ്ടർ എന്ന സീറ്റ് അരക്കിട്ടുറപ്പിക്കാനാണ് നിതീഷ് കുമാർ റെഡ്ഡിയെന്ന ഇരുപത്തൊന്നുകാരന്റെ ശ്രമം. അഭിഷേക് ശർമ ഇല്ലാത്ത റണ്ണിനായി ശ്രമിച്ചു പുറത്തായതു മാത്രമായിരുന്നു ആദ്യ ട്വന്റി-20യിൽ ഇന്ത്യൻ ടീമിലുണ്ടായ ഏക പിഴവ്.
ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ 15 അംഗ സംഘത്തിൽ രണ്ടാം വിക്കറ്റ് കീപ്പറായ ജിതേഷ് ശർമ, ക്യാപ്റ്റൻ സൂര്യകുമാർ യാദവ്, സ്പിന്നർ വരുണ്‍ ചക്രവർത്തി, ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യ എന്നിവർക്കു മാത്രമാണ് മുപ്പതിൽകൂടുതൽ പ്രായമുള്ളത്.
സഞ്ജുവിന്റെ വന്പൻ ഇന്നിംഗ്സ്
അഭിഷേക് ശർമയും സഞ്ജു സാംസണും ആയിരിക്കും ബംഗ്ലാദേശിനെതിരായ പരന്പരയിൽ ഓപ്പണിംഗ് ഇറങ്ങുകയെന്നതു ടീം പ്രഖ്യാപനത്തിൽത്തന്നെ വ്യക്തമായിരുന്നു. ഒന്നാം ട്വന്റി-20യിൽ മികച്ച ഷോട്ടുകൾ പായിച്ചെങ്കിലും ദീർഘമായ ഇന്നിംഗ്സ് കാഴ്ചവയ്ക്കാൻ സഞ്ജുവിനു സാധിച്ചില്ല. 19 പന്തിൽ 29 റണ്‍സായിരുന്നു ഗ്വാളിയറിൽ സഞ്ജുന്റെ പ്രകടനം.
ഡൽഹിയിൽ വന്പൻ ഇന്നിംഗ്സ് കാഴ്ചവച്ചെങ്കിൽ മാത്രമേ ഒന്നാം നന്പർ വിക്കറ്റ് കീപ്പർ ബാറ്ററായ ഋഷഭ് പന്തിന്റെ സ്ഥാനത്തിനു ഭീഷണിയാകാൻ സഞ്ജുവിനു സാധിക്കൂ. ഏറ്റവും ചുരുങ്ങിയത് സഞ്ജുവിന്റെ ബാറ്റിൽനിന്ന് സെലക്ടർമാരും ആരാധകരും ഒരു അർധസെഞ്ചുറി ഇന്നു പ്രതീക്ഷിക്കുന്നു.
ജന്മനാട്ടിൽ മായങ്ക്
ഇന്ത്യയുടെ എക്കാലത്തെയും വേഗമേറിയ പന്തേറുകാരൻ എന്ന ചരിത്രത്തിലേക്കുള്ള പാതയിലാണ് ഇരുപത്തിരണ്ടുകാരനായ മായങ്ക് യാദവ്. ഗ്വാളിയറിലെ ഒന്നാം ട്വന്റി-20യിൽ രാജ്യാന്തര അരങ്ങേറ്റം നടത്തിയ മായങ്ക് 149.9 കിലോമീറ്റർ വേഗത്തിൽ പന്തെറിഞ്ഞിരുന്നു. 2024 ഐപിഎല്ലിൽ 156.7 കിലോമീറ്റർ വേഗത്തിൽവരെ എറിഞ്ഞ മായങ്ക്, പരിക്കിനുശേഷം തിരിച്ചെത്തിയ ആദ്യ മത്സരമായിരുന്നു ഗ്വാളിയറിൽ ബംഗ്ലാദേശിനെതിരായത്.
ഡൽഹി സ്വദേശിയായ മായങ്ക് യാദവിന്റെ തീ തുപ്പുന്ന പന്തുകൾ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിലെ പേസ് അനുകൂല പിച്ചിൽ കണാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ആരാധകർ. 2024 ഐപിഎല്ലിൽ അരുണ്‍ ജയ്റ്റ്ലി സ്റ്റേഡിയത്തിൽ ആദ്യം ബാറ്റ് ചെയ്ത എല്ലാ ടീമുകളും 200നു മുകളിൽ സ്കോർ ചെയ്തിരുന്നു എന്നതും ശ്രദ്ധേയം.
മറുവശത്ത് ഇന്നു ജയിച്ച് മൂന്നു മത്സര പരന്പര സജീവമാക്കി നിലനിർത്താനുള്ള പ്രയത്നമായിരിക്കും ബംഗ്ലാദേശ് സംഘത്തിൽനിന്നുണ്ടാകുക.