പെണ്പടവെട്ട്... ഐസിസി ട്വന്റി-20 വനിതാ ലോകകപ്പ് ക്രിക്കറ്റിന് ഇന്നു തുടക്കം
Thursday, October 3, 2024 12:23 AM IST
ബാറ്റിൽനിന്ന് പന്ത് അതിർത്തിയിലെ റോപ്പിൽ മുട്ടിയുരുമി പരസ്യബോർഡിൽ തട്ടിയാണോ, അതോ, നിലംതൊടാതെ ഗാലറിയിലേക്കാണോ പായുന്നതെന്നു നോക്കിയുള്ള ആവേശത്തിരയിളക്കത്തിന്റെ വനിതാ പതിപ്പിന് ഇന്നു തുടക്കം. 2024 ഐസിസി ട്വന്റി-20 വനിതാ ലോകകപ്പ് ക്രിക്കറ്റ് പോരാട്ടം ഇന്നു മുതൽ യുഎഇയിൽ.
ഉദ്ഘാടന മത്സരത്തിൽ, ഈ ലോകകപ്പിനു ആതിഥേയത്വം വഹിക്കേണ്ടിയിരുന്ന ബംഗ്ലാദേശ് സ്കോട്ലൻഡുമായി കൊന്പുകോർക്കും. ബംഗ്ലാദേശിൽ ആഭ്യന്തര കലാപം പൊട്ടിപ്പുറപ്പെട്ട പശ്ചാത്തലത്തിലാണ് വനിതാ ട്വന്റി-20 ലോകകപ്പ് യുഎഇയിലേക്കു മാറ്റിയത്. ചരിത്രത്തിൽ ഇതാദ്യമായാണ് നിഷ്പക്ഷ വേദിയിൽ ലോകകപ്പ് അരങ്ങേറുന്നതെന്നതും ശ്രദ്ധേയം. ഇന്നു നടക്കുന്ന രണ്ടാം മത്സരത്തിൽ പാക്കിസ്ഥാനും ശ്രീലങ്കയും തമ്മിൽ ഉപഭൂഖണ്ഡ കൊന്പുകോർക്കൽ അരങ്ങേറും.
10 ടീംസ്, 23 മത്സരങ്ങൾ
പത്തു ടീമുകളാണ് ഈ ട്വന്റി-20 വനിതാ ലോകകപ്പിൽ മാറ്റുരയ്ക്കുന്നത്. അഞ്ചു ടീമുകൾ വീതമുള്ള രണ്ടു ഗ്രൂപ്പുകളായി തിരിച്ചാണ് പ്രാഥമിക റൗണ്ട്. ഗ്രൂപ്പിലെ ആദ്യ രണ്ടു സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ സെമി ഫൈനലിലേക്കു യോഗ്യത നേടും. ഈ മാസം 17, 18 തീയതികളിലാണ് സെമിഫൈനൽ മത്സരങ്ങൾ. ഫൈനൽ 20ന് അരങ്ങേറും. ടൂർണമെന്റിൽ ഫൈനൽ ഉൾപ്പെടെ ആകെ 23 മത്സരങ്ങളാണ് നടക്കുക.
ഇന്ത്യൻ ലക്ഷ്യം കന്നിക്കിരീടം
വനിതാ ട്വന്റി-20 ലോകകപ്പിന്റെ ഒന്പതാം എഡിഷനാണ് ഇന്നാരംഭിക്കുന്നത്. കഴിഞ്ഞ എട്ട് എഡിഷനിലും ട്രോഫിയിൽ ചുംബിക്കാൻ ഇന്ത്യൻ വനിതകൾക്കു സാധിച്ചിട്ടില്ല. 2020ൽ ഫൈനലിൽ എത്തിയതാണ് ചരിത്രത്തിൽ ഇന്ത്യയുടെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകടനം. 2009, 2010, 2018, 2023 എഡിഷനുകളിൽ സെമി ഫൈനലിൽവരെയും എത്തിയിട്ടുണ്ട്.
കന്നിക്കിരീടം എന്ന സ്വപ്നവുമായാണ് ഹർമൻപ്രീത് കൗറിന്റെ നേതൃത്വത്തിൽ ഇന്ത്യ ഇറങ്ങുക. സ്മൃതി മന്ദാന, ജെമിമ റോഡ്രിഗസ്, ഷെഫാലി വർമ, ദീപ്തി ശർമ, രേണുക സിംഗ് തുടങ്ങിയ ഒരുപറ്റം മികച്ച കളിക്കാരുടെ കരുത്തിലാണ് ഇന്ത്യൻ പ്രതീക്ഷ.
മാത്രമല്ല, ലോകകപ്പ് സന്നാഹ മത്സരങ്ങളിൽ ഇന്ത്യ ജയം സ്വന്തമാക്കിയിരുന്നു. വെസ്റ്റ് ഇൻഡീസിനെതിരേ 20 റണ്സിനും ദക്ഷിണാഫ്രിക്കയ്ക്കെതിരേ 28 റണ്സിനുമായിരുന്നു ഇന്ത്യയുടെ സന്നാഹ മത്സരങ്ങളിലെ ജയം.
ഏഴാം കിരീടത്തിന് ഓസീസ്
ട്വന്റി-20 വനിതാ ലോകകപ്പ് ഏറ്റവും കൂടുതൽ സ്വന്തമാക്കിയത് ഓസ്ട്രേലിയയാണ്, ആറു പ്രാവശ്യം. 2010, 2012, 2014, 2018, 2020, 2023 എഡിഷനുകളിലാണ് ഓസീസ് വനിതകൾ ലോക ചാന്പ്യൻ പട്ടം കരസ്ഥമാക്കിയത്. ഓസ്ട്രേലിയ അല്ലാതെ ഇംഗ്ലണ്ടും (2009), വെസ്റ്റ് ഇൻഡീസും (2018) മാത്രമേ ട്രോഫിയിൽ ചുംബിച്ചിട്ടുള്ളൂ എന്നതും മറ്റൊരു വാസ്തവം. ഇംഗ്ലണ്ട് നാലു തവണ ഫൈനൽ കളിച്ചിട്ടുണ്ട്.
മലയാളി പൊളിയാ...
മലയാളി ടീമിലുണ്ടെങ്കിൽ ഇന്ത്യക്കു ക്രിക്കറ്റ് ലോകകപ്പ് ലഭിക്കും, മലയാളി പൊളിയാ... 2024 ഐസിസി പുരുഷ ട്വന്റി-20 ലോകകപ്പിൽ സഞ്ജു സാംസണ് അംഗമായിരുന്ന ഇന്ത്യ ചാന്പ്യന്മാരായതുവരെ ഇത് അച്ചെട്ടായി. 1983ൽ സുനിൽ വൽസനും 2007 ട്വന്റി-20 ലോകകപ്പിലും 2011 ഏകദിന ലോകകപ്പിലും എസ്. ശ്രീശാന്തുമെല്ലാം ഈ പാരന്പര്യത്തിലെ മലയാളി കണ്ണികളായിരുന്നു. ഇന്നാരംഭിക്കുന്ന 2024 ഐസിസി വനിതാ ട്വന്റി-20 ലോകകപ്പിൽ ഒന്നല്ല, രണ്ടു മലയാളികളുണ്ട്. തിരുവനന്തപുരം സ്വദേശി ആശാ ശോഭനയും വയനാടുകാരി എസ്. സഞ്ജനയും. ഹർമൻപ്രീത് കൗർ നയിക്കുന്ന ഇന്ത്യ കന്നി ലോകകപ്പ് സ്വന്തമാക്കുന്നതിനായുള്ള കാത്തിരിപ്പിലാണ് രാജ്യം, പ്രത്യേകിച്ച് കേരളക്കര.
നാളെ രാത്രി 7.30നു ന്യൂസിലൻഡിനെതിരേയാണ് ഇന്ത്യയുടെ ആദ്യ മത്സരം. ആറിനാണ് ഇന്ത്യ x പാക്കിസ്ഥാൻ ഏറ്റുമുട്ടൽ.