മിച്ചൽ മാർഷിനു പകരം ഹോൾഡർ
Thursday, September 24, 2020 12:27 AM IST
ദുബായ്: ഐപിഎൽ ട്വന്റി-20 ക്രിക്കറ്റിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരായ മത്സരത്തിനിടെ പരിക്കേറ്റ സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ ഓസീസ് ഓൾറൗണ്ടർ മിച്ചൽ മാർഷിനു പകരമായി വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ ജേസണ്‍ ഹോൾഡർ ടീമിലെത്തും. കണങ്കാലിനു പരിക്കേറ്റതാണു മിച്ചലിനു വിനയായത്.
2020 സീസണ് ഐപിഎലിൽനിന്ന് പുറത്താകുന്ന ആദ്യ താരമാണ് മിച്ചൽ. 2017 ഐപിഎൽ സീസണിലും പരിക്കിനെത്തുടർന്ന് ഓസീസ് താരത്തിനു കളിക്കാൻ സാധിച്ചിരുന്നില്ല. രണ്ട് കോടി രൂപയ്ക്കായിരുന്നു സണ്‍റൈസേഴ്സ് മിച്ചൽ മാർഷിനെ സ്വന്തമാക്കിയത്.
വിൻഡീസ് ഓൾ റൗണ്ടറായ ഹോൾഡർ ഇത് രണ്ടാം തവണയാണ് (2014-15) സണ്റൈസേഴ്സിനൊപ്പം ചേരുന്നത്, ഐപിഎലിൽ നാലാം തവണയും. ശനിയാഴ്ച കോൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേയാണു സണ്‍റൈസേഴ്സിന്റെ അടുത്ത മത്സരം.