വേതനത്തിലെ അന്തരം ഉത്കണ്ഠാജനകം: ലെയോ പതിനാലാമൻ മാർപാപ്പ
Monday, September 15, 2025 11:26 PM IST
ലിമ: പാവപ്പെട്ടവന്റെയും പണക്കാരന്റെയും വേതനത്തിലുണ്ടാകുന്ന അന്തരം ഉത്കണ്ഠാജനമെന്ന് ലെയോ പതിനാലാമൻ മാർപാപ്പ. അമേരിക്കൻ ശതകോടീശ്വരൻ ഇലോൺ മസ്കിന് ടെസ്ല കന്പനി ട്രില്യൻ (ലക്ഷം കോടി) ഡോളറിന്റെ ശന്പളപാക്കേജ് വാഗ്ദാനം ചെയ്ത പശ്ചാലത്തിലാണ് മാർപാപ്പ ഇതു പറഞ്ഞത്.
“നമ്മൾ വലിയ പ്രശ്നത്തിലാണ്. ലോകം വലിയ തോതിൽ ധ്രുവീകരിക്കപ്പെട്ടിരിക്കുന്നു. തൊഴിലാളി വർഗത്തിന്റെയും സന്പന്നരുടെയും വരുമാനത്തിലെ അന്തരം നിരന്തരം വർധിക്കുന്നു.
അറുപതു വർഷം മുന്പ് കന്പനി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർക്ക് (സിഇഒ) സാധാരണ തൊഴിലാളികളേക്കാൾ നാലോ ആറോ മടങ്ങ് ശന്പളമാണ് ലഭിച്ചിരുന്നത്. ഇന്നത് അറുനൂറു മടങ്ങായി വർധിച്ചിരിക്കുന്നു. ഇലോൺ മസ്ക് ലോകത്തിലെ ആദ്യ ട്രില്യണയർ ആകാൻ പോകുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസത്തെ വാർത്ത.”
അമേരിക്കൻ മാധ്യമപ്രവർത്തക എലൈസ് ആൻ അല്ലനു നല്കിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു മാർപാപ്പ. എലൈസ് എഴുതുന്ന ‘ലെയോ പതിനാലാമൻ: വിശ്വപൗരനും ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ മിഷനറിയും’ എന്ന ജീവചരിത്രത്തിന്റെ ഭാഗമായിട്ടാണ് അഭിമുഖം തയാറാക്കിയത്.
മാർപാപ്പയാകും മുന്പ് അദ്ദേഹത്തിന്റെ കർമമണ്ഡലമായിരുന്ന പെറുവിലെ മാധ്യമങ്ങളാണ് അഭിമുഖത്തിന്റെ ഭാഗങ്ങൾ പ്രസിദ്ധീകരിച്ചത്. ലെയോ പതിനാലാമൻ സ്ഥാനമേറ്റെടുത്തശേഷം നല്കുന്ന ആദ്യ അഭിമുഖമാണിത്.