ഹമാസ് നേതാക്കളെ ഇനിയും ആക്രമിച്ചേക്കാം: നെതന്യാഹു
Monday, September 15, 2025 11:26 PM IST
ടെൽ അവീവ്: ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇനിയും ആക്രമണം നടത്താനുള്ള സാധ്യത തള്ളിക്കളയാതെ ഇസ്രേലി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഇസ്രയേൽ ഖത്തറിൽ നടത്തിയ വ്യോമാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, ചർച്ചയ്ക്കെത്തിയ യുഎസ് വിദേശകാര്യ സെക്രട്ടറിക്കൊപ്പം വാർത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം.
അതിർത്തികൾക്കപ്പുറവും സ്വയം സംരക്ഷണത്തിനുള്ള അവകാശം രാജ്യങ്ങൾക്കുണ്ടെന്ന് നെതന്യാഹു പറഞ്ഞു. ഇസ്രയേൽ ഖത്തറിൽ നടത്തിയ ആക്രമണത്തിൽ അമേരിക്കയ്ക്കു പങ്കില്ല. ഇസ്രയേൽ ഒറ്റയ്ക്കാണതു ചെയ്തതെന്ന് നെതന്യാഹു കൂട്ടിച്ചേർത്തു.
ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിലും അമേരിക്ക അറബ് രാജ്യങ്ങളുമായി നല്ല ബന്ധം പുലർത്തുന്നതായി റൂബിയോ പറഞ്ഞു. റൂബിയോ തുടർന്ന് ഖത്തറിലേക്ക് യാത്രതിരിച്ചു.
ഇസ്രയേലിനെ അപലപിച്ച് അറബ് ഉച്ചകോടി
ദോഹ: ഇസ്രേലി ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ വിളിച്ചുചേർത്ത അറബ്, ഇസ്ലാമിക രാഷ്ട്രങ്ങളുടെ അടിയന്തര യോഗം ഇന്നലെ ഖത്തറിൽ ചേർന്നു. ഇസ്രയേലിന്റെ ശത്രുതാ മനോഭാവത്തെയും ഗാസയിൽ നടത്തുന്ന അതിക്രമങ്ങളെയും അപലപിക്കുന്ന പ്രമേയം യോഗത്തിൽ അംഗീകരിച്ചു.
ഇസ്രയേലിന്റെ കാര്യത്തിലെ ഇരട്ട നിലപാട് അന്താരാഷ്ട്ര സമൂഹം അവസാനിപ്പിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി മുഹമ്മദ് ബിൻ അബ്ദുൾറഹ്മാൻ അൽ താനി ആവശ്യപ്പെട്ടു. നേരത്തേ, യുഎൻ രക്ഷാസമിതിയും ഇസ്രേലി ആക്രമണത്തെ അപലപിച്ചിരുന്നു.
ട്രംപിന്റെ മുന്നറിയിപ്പ്
വാഷിംഗ്ടൺ ഡിസി: ഖത്തറിനെതിരായ ആക്രമണത്തിൽ അമേരിക്കൻ പ്രസിഡന്റ് ട്രംപ് ഇസ്രയേലിന് മുന്നറിയിപ്പു നല്കി. ഖത്തർ നല്ല സഖ്യകക്ഷിയാണെന്നും ആരെയെങ്കിലും ആക്രമിക്കുന്പോൾ ഇസ്രയേലും മറ്റുള്ളവരും സൂക്ഷിക്കണമെന്നും ട്രംപ് പറഞ്ഞു.
ഇസ്രേലി സേന കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഖത്തർ തലസ്ഥാനമായ ദോഹയിൽ ആക്രമണം നടത്തിയത്. അഞ്ച് ഹമാസ് നേതാക്കളും ഒരു ഖത്തറി ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു.