ജർമനിയിലെ കത്തിയാക്രമണം ; അഫ്ഗാൻ സ്വദേശിക്കു മരണം വരെ തടവ്
Tuesday, September 16, 2025 11:36 PM IST
സ്റ്റട്ട്ഗാർട്ട്: ജർമനിയിലെ പടിഞ്ഞാറൻ നഗരമായ മാൻഹെയ്മിൽ പോലീസ് ഓഫീസറെ കുത്തിക്കൊലപ്പെടുത്തുകയും മറ്റ് അഞ്ചുപേരെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ അഫ്ഗാൻ പൗരന് കോടതി മരണം വരെ തടവുശിക്ഷ വിധിച്ചു.
പത്തു വർഷം മുന്പ് അഭയാർഥിയായി എത്തിയ എ. സുലൈമാനെ (26) എന്നയാളെയാണു സ്റ്റട്ട്ഗാർട്ട് ഹയർ റീജണൽ കോടതി ശിക്ഷിച്ചത്. മാൻഹെയ്മിലെ മാർക്കറ്റ് ചത്വരത്തിൽ കഴിഞ്ഞ വർഷം മേയിലായിരുന്നു കേസിനാസ്പദമായ സംഭവം.
പാക്സ് യൂറോപ്പ എന്ന സംഘടന സംഘടിപ്പിച്ച ഇസ്ലാംവിരുദ്ധ റാലിക്കിടെയാണു പ്രതി കത്തിയാക്രമണം നടത്തിയത്. പ്രകടനക്കാരെ ആക്രമിക്കുന്ന വിവരമറിഞ്ഞ് രക്ഷിക്കാനെത്തിയപ്പോഴാണു പോലീസ് ഓഫീസർക്കു കുത്തേറ്റത്. ഇയാൾ പിന്നീട് ആശുപത്രിയിൽ വച്ച് മരിച്ചു.
പ്രതിക്ക് ഭീകരസംഘടനയായ ഐഎസുമായി ബന്ധമുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു.