ഗാസയിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേൽ
Wednesday, September 17, 2025 1:37 AM IST
ഗാസ: ഗാസയിൽ കരയുദ്ധം ആരംഭിച്ചതായി ഇസ്രയേൽ. ഇന്നലെ പുലര്‍ച്ചെ മുതല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 78 പേര് കൊല്ലപ്പെട്ടു. 386 പേർക്ക് പരിക്കേറ്റു.
കനത്ത വ്യോമാക്രമണത്തിനു പിന്നാലെയാണ് കരയുദ്ധം ആരംഭിച്ചത്. ഹമാസിന്റെ അടിസ്ഥാന സൗകര്യങ്ങൾ പൂർണമായും നശിപ്പിക്കുന്നതിനായി കരയുദ്ധം ആരംഭിച്ചതായി ഇസ്രയേൽ അറിയിച്ചു.
ഗാസ കത്തുകയാണെന്ന ഇസ്രയേൽ പ്രതിരോധമന്ത്രി ഇസ്രയേൽ കാറ്റ്സിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണു കരയുദ്ധം ആരംഭിച്ചതായി സൈനിക വക്താവിന്റെ പ്രഖ്യാപനമുണ്ടായത്. ഇതോടെ നേരിയ വെടിനിർത്തൽ സാധ്യതകൾപോലും അസ്ഥാനത്തായി.
ബന്ദികളെ മോചിപ്പിക്കുന്നതിനും ഹമാസിനെ പരാജയപ്പെടുത്തുന്നതിനും സൈന്യം പോരാടുകയാണ്. ദൗത്യം പൂർത്തിയാകുന്നതുവരെ പിന്മാറില്ല, പിന്നോട്ട് പോകുകയുമില്ല- കാറ്റ്സ് പറഞ്ഞു. 2000-2300 ഹമാസ് ഭീകരർ ഗാസ സിറ്റിയിലുണ്ടെന്നാണ് ഇസ്രയേൽ വിലയിരുത്തുന്നത്.
പ്രധാന ജനവാസമേഖലകളിലേക്കു സൈന്യം നീങ്ങുകയാണ്. കനത്ത വ്യോമാക്രമണവും നടക്കുന്നുണ്ട്. വടക്കൻ ഗാസയിൽനിന്നു കഴിഞ്ഞ ഒരു മാസത്തിനിടെ 350,000 പലസ്തീകൾ പലായനം ചെയ്തതായി ഇസ്രേലി സേന കണക്കാക്കുന്നു.
ഹമാസിന്റെ അവസാന ശക്തികേന്ദ്രത്തിനു നേരേ ശക്തമായ ആക്രമണം ആരംഭിച്ചതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു. എന്നാല്‍, യുഎന്‍ മനുഷ്യാവകാശ മേധാവി വോള്‍ക്കര്‍ ടര്‍ക് ഇതിനെ അപലപിച്ചു. ഇസ്രയേല്‍ നടപടി ഒരുതരത്തിലും അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ഇസ്രയേലിന്റെ കരയുദ്ധപ്രഖ്യാപനം വന്നത്. ഇസ്രയേൽ സന്ദർശനത്തിനു ശേഷം ഖത്തറിലേക്കാണു റൂബിയോ പോയത്.
ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ അസ്വസ്ഥരായ ഖത്തറിനെ അനുനയിപ്പിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണു റൂബിയോയുടെ സന്ദർശനമെന്നാണു റിപ്പോർട്ട്.
ഇതിനിടെ ബന്ദികളുടെ ബന്ധുക്കൾ ഇസ്രയേലിൽ പ്രതിഷേധം കടുപ്പിച്ചു. യുദ്ധം അവസാനിപ്പിക്കാൻ ആവശ്യപ്പെട്ട് ഇവർ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ വീടിനു പുറത്ത് ടെന്റ് കെട്ടിയാണു പ്രതിഷേധം.