കിർക്ക് വധം: പ്രതിക്കെതിരേ വരും ദിവസങ്ങളിൽ കുറ്റം ചുമത്തും
Sunday, September 14, 2025 2:05 AM IST
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ ഇൻഫ്ലുവൻസർ ചാർലി കിർക്ക് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ ടൈലർ റോബിൻസണിനെതിരേ അടുത്ത ദിവസങ്ങളിൽ കുറ്റം ചുമത്തും.
യൂട്ടാ വാലി യൂണിവേഴ്സിറ്റിൽ കിർക്ക് വെടിയേറ്റ മരിച്ച് 33 മണിക്കൂറുകൾക്കമാണ് പ്രതി അറസ്റ്റിലായത്. യൂട്ടാ സ്വദേശിയായ റോബിൻസൺ ഇലക്ട്രിക്കൽ അപ്രണ്ടിസ്ഷിപ്പ് പ്രോഗ്രാം വിദ്യാർഥിയായിരുന്നു.
കൊലപാതകം ചെയ്തതായി ഇയാൾ ബന്ധുക്കളോട് പറഞ്ഞിരുന്നു. ബന്ധുക്കളും കുടുംബസുഹൃത്തും പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് കുറ്റകൃത്യം നടന്ന സ്ഥലത്തുനിന്ന് 420 കിലോമീറ്റർ അകലെയുള്ള പ്രതിയുടെ വീട്ടിൽനിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. വെടിവയ്ക്കാൻ ഉപയോഗിച്ച ആയുധം നേരത്തേ കണ്ടെത്തിയിരുന്നു.
പ്രസിഡന്റ് ട്രംപിന്റെ അടുത്ത അനുയായിയായിരുന്ന ചാർലി കിർക്ക് അമേരിക്കൻ യുവജനങ്ങൾക്കിടയിൽ സ്വാധീനം ചെലുത്തിയിരുന്ന യാഥാസ്ഥിതിക നേതാവായിരുന്നു.