യുക്രെയ്ന്റെ കൂലിപ്പട്ടാളം; 72കാരനായ അമേരിക്കക്കാരന് റഷ്യയിൽ ഏഴു വർഷം തടവ്
Monday, October 7, 2024 11:27 PM IST
മോസ്കോ: യുക്രെയ്ന്റെ കൂലിപ്പട്ടാളക്കാരനായി പ്രവർത്തിച്ചെന്നാരോപിച്ച് 72കാരനായ അമേരിക്കൻ പൗരനെ റഷ്യൻ കോടതി ഏഴു വർഷം തടവിനു ശിക്ഷിച്ചു. മിഷിഗൺ സ്വദേശി സ്റ്റീഫൻ ഹബാർഡിനെയാണു കോടതി ശിക്ഷിച്ചത്.
2022 ഫെബ്രുവരിയിൽ യുദ്ധം ആരംഭിച്ചതിനു ശേഷം ഹബാർഡ് യുക്രെയ്ൻ സൈന്യത്തിൽ ചേർന്നുവെന്നും രണ്ട് മാസത്തിനുശേഷം പിടിക്കപ്പെടുന്നതുവരേ റഷ്യക്കെതിരെ പോരാടിയെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു.
ആറു വർഷം 10 മാസം തടവ് അനുഭവിക്കണം. യുക്രെയ്നിൽ കൂലിപ്പട്ടാളക്കാരനായി പ്രവർത്തിച്ചതിനു ശിക്ഷിക്കപ്പെട്ട ആദ്യ അമേരിക്കക്കാരനായി ഹബാർഡ്.
15 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണു ചുമത്തിയിരുന്നത്. എന്നാൽ കുറ്റം സമ്മതിച്ചതും പ്രായവും കണക്കിലെടുത്താണ് തടവ് ഏഴു വർഷമായി ചുരുങ്ങിയത്.